Categories
kerala

കിറ്റെക്‌സില്‍ സര്‍ക്കാരിന്റെ അനീതിയോ..? പി.രാജീവ്‌ പറഞ്ഞതില്‍ തെളിയുന്ന സത്യം

പതിനായിരക്കണക്കിന്‌ പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്ന, 26 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന കിറ്റെക്‌സ്‌ കമ്പനി ഇപ്പോള്‍ നിലനില്‍പിന്റെ പ്രശ്‌നം നേരിടുന്നു എന്നാണ്‌ കമ്പനിയുടെ ഉടമ സാബു.എം.ജേക്കബ്‌ പറയുന്നത്‌. സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം വെച്ച്‌ കിറ്റെക്‌സിനെ ഞെരിക്കുകയാണ്‌. കേരളത്തില്‍ വ്യവസായാനുകൂല അന്തരീക്ഷമല്ല എന്നു ലോകത്തോട്‌ പ്രഖ്യാപിച്ചുകൊണ്ട്‌ സാബു തന്റെ പുതിയ 35000 കോടി രൂപയുടെ പദ്ധതി സംസ്ഥാനത്തിനു പുറത്തേക്ക്‌ കൊണ്ടുപോകുകയാണെന്ന്‌ പ്രഖ്യാപിച്ചു. 29-ല്‍ 18 സംസ്ഥാനങ്ങള്‍ തന്നെ ക്ഷണിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
എന്താണ്‌ സത്യം….സാബുവിന്‌ പറയാനുള്ളതെല്ലാം കേരളം കേട്ടു. സര്‍ക്കാരിന്‌ പറയാനുള്ളതെന്താണ്‌…അത്‌ കേട്ടു വേണം സാബുവിന്റെ വാക്കുകളിലെ കതിരും പതിരും വേര്‍തിരിക്കാന്‍.
വ്യവസായ മന്ത്രി പി.രാജീവ്‌ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയ വിശദാംശങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കണം.

1. സര്‍ക്കാരില്‍ നിന്നും ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല എന്ന സാബുവിന്റെ ആരോപണം..


മന്ത്രിയുടെ മറുപടി–

thepoliticaleditor

ജൂണ്‍ 28 ന് വ്യവസായ മന്ത്രി കിറ്റക്സ് എം. ഡി. സാബു ജേക്കബ്ബിനെ വിളിച്ചു. അദ്ദേഹത്തെ ലഭിക്കാതെ വന്നപ്പോള്‍ സഹോദരന്‍ ബോബി ജേക്കബ്ബിനെ വിളിക്കുകയും പ്രശ്നം തിരക്കുകയും ചെയ്തു. എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ അന്വേഷിക്കാമെന്ന് ഉറപ്പ് നല്കി. ജൂണ്‍ 29 ന് നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോഴും സാബു ജേക്കബ്ബിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു.

2. കിറ്റെക്‌സിനെതിരെ കോണ്‍ഗ്രസ്‌ എം.എല്‍.എ. പി.ടി.തോമസ്‌ ഉന്നയിക്കപ്പെട്ട ഗുരതരമായ ജല മലിനീകരണവിഷയം പരിഹരിച്ചോ. സാബു ജേക്കബ്‌ ഇതേക്കുറിച്ച്‌ പ്രത്യേകമായി എന്തെങ്കിലും പറഞ്ഞോ…കേട്ടില്ല.

മന്ത്രിയുടെ മറുപടി–

കിറ്റക്സിനെതിരെ തൃക്കാക്കര എം.എല്‍.എ പി. ടി. തോമസ് നിയമസഭയില്‍ 2021 ജൂണ്‍ 1 ന് ആരോപണം ഉന്നയിച്ചിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ നിര്‍ദ്ദേശ പ്രകാരം മലിനീകരണ നിയന്ത്രണത്തിനുള്ള ലിക്വിഡ് ഡിസ്ചാര്‍ജ് സിസ്റ്റം കിറ്റക്സില്‍ സ്ഥാപിച്ചിട്ടില്ലെന്നായിരുന്നു ആരോപണം. കമ്പനി പുറം തള്ളുന്ന രാസമാലിന്യം കടമ്പ്രയാറിലേക്ക് ഒഴുക്കി കിറ്റക്സ് ജലമലിനീകരണം നടത്തുന്നതായും തൃക്കാക്കര, കുന്നത്തുനാട്, ആലുവ, കളമശ്ശേരി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ 10 ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളസ്രോതസ്സിനെ ഇതു ബാധിക്കുന്നതായും അദ്ദേഹം ആരോപണം ഉന്നയിച്ചു. ഇതു സംബന്ധിച്ച അന്വേഷണവും നടന്നു.

കടമ്പ്രയാറില്‍ മാലിന്യം തള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി പി. ടി. തോമസ് എം.എല്‍.എ, ജോണ്‍ ഡാനിയേല്‍ എന്നിവര്‍ നല്കിയ പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തി. ഈ മാസം 3 ന് നടന്ന ജില്ലാ വികസന സമിതിയോഗത്തില്‍ പി. ടി. തോമസ് എം. എല്‍.എ ഇതേ പരാതി വീണ്ടും ഉന്നയിച്ചിരുന്നു.

3. കിറ്റെക്‌സിന്റെ ഷെഡ്‌ഢുകളില്‍ തൊഴിലാളികളെ പാര്‍പ്പിക്കുകയും ജീവനക്കാര്‍ക്ക്‌ മിനിമം വേതനം നല്‍കാതിരിക്കുകയും ചെയ്യുന്നു എന്ന പ്രശ്‌നം, പത്രവാര്‍ത്ത, ശബ്ദ സന്ദേശം….ഇത്തരം കാര്യങ്ങളില്‍ പരാതിയുണ്ടായാല്‍ അന്വേഷണം ഒന്നും നടത്തേണ്ടതില്ല, കമ്പനി മുതലാളി പറയുന്നത്‌ അപ്പടി വിശ്വാസത്തിലെടുത്താല്‍ മതി എന്നാണ്‌ സാബു ജേക്കബിന്റെ വാദം..ഇത്‌ ശരിയെന്ന്‌ കേരളത്തിലെ ചിന്തിക്കുന്ന സമൂഹം സമ്മതിക്കുമോ. കോടിക്കണക്കിന്‌ ക്ഷേമപ്രവര്‍ത്തനത്തിന്‌ ചെലവാക്കുന്നു എന്ന്‌ അവകാശപ്പെടുന്ന സാബു തൊഴിലാളിപീഢനം നടത്തുന്നില്ല എന്ന്‌ കേരളത്തിന്‌ ഉറപ്പുണ്ടോ..സാബു ഇതേക്കുറിച്ച്‌ വ്യക്തമായി ഒന്നും പറഞ്ഞത്‌ കേരളം ഇതുവരെ കേട്ടില്ല.

മന്ത്രിയുടെ മറുപടി–

കോവിഡ് പരിശോധനാ സൗകര്യങ്ങളോ നിയമാനുസൃത അവധിയോ നല്കാതെ കമ്പനി മാനേജ്മെന്‍റ് ജീവനക്കാരോട് മോശമായി പെരുമാറുന്നു എന്ന് പരാതിപ്പെടുന്ന വനിതാ ജീവനക്കാരിയുടേതെന്ന് കരുതുന്ന ഒരു ശബ്ദ സന്ദേശം വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയും ചില മാധ്യമങ്ങള്‍ വഴിയും പ്രചരിച്ചിരുന്നു. എറണാകുളം ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇതേ കുറിച്ച് പരിശോധന നടത്തി കുന്നത്തുനാട് തഹസീല്‍ദാരും ജില്ലാ ലേബര്‍ ഓഫീസറും 2021 മെയ് 11 ന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ഇതിന് സമാനമായ പരാതി ബഹു. കേരള ഹൈക്കോടതിക്കും ലഭിക്കുകയുണ്ടായി.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയായ ജില്ലാ ജഡ്ജി ശ്രീ. നിസാറിന്‍റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയായ സബ്ജഡ്ജി ശ്രീ. സുരേഷ് 2021 മെയ് 29 ന് അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍, ദേശീയ ആരോഗ്യമിഷന്‍ പ്രതിനിധി എന്നിവര്‍ക്കൊപ്പം കമ്പനിയില്‍ പരിശോധന നടത്തി. വനിതാ ജീവനക്കാരിയുടെ ശബ്ദസന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മലയിടംതുരുത്ത് പ്രാധമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 2021 മെയ് 10 ന് കമ്പനിയില്‍ പരിശോധന നടത്തി. വേതനം ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടറുടെ അറിവോടെ ജില്ലാ ലേബര്‍ ഓഫീസറും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് 2021 ജൂണ്‍ 8 ന് കമ്പനിയില്‍ പരിശോധന നടത്തി. കണ്ടെത്തിയ ക്രമക്കേടുകള്‍ പരിശോധിക്കാന്‍ സ്ഥാപനത്തിന് നോട്ടീസ് നല്കി. ഇത് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ ലേബര്‍ കമ്മീഷണര്‍ക്ക് 2021 ജൂണ്‍ 29 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മിനിമം വേതനം ലഭിക്കുന്നില്ല എന്നായിരുന്നു ചില തൊഴിലാളികളുടെ മൊഴി. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ കേരള പ്രസിഡന്‍റ് ഇ. എം. ജോസഫ് മുഖ്യമന്ത്രിക്ക് 2021 മെയ് 13 ന് നല്കിയ പരാതിയില്‍ കുന്നത്തുനാട് പോലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കിറ്റക്സ് കമ്പനിയുടെ ഷെഡ്ഡുകളില്‍ സൗകര്യമൊരുക്കാതെ തൊഴിലാളികളെ പാര്‍പ്പിച്ചതായ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ലേബര്‍ കമ്മീഷണറേറ്റില്‍ നിന്ന് ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ് വകുപ്പിനെ ചുമതലപ്പെടുത്തുകയും വകുപ്പിന്‍റെ ആലുവ ഓഫീസ് ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

4. ഇനി പരിശോധന എന്ന “അതി നീചമായ” നടപടിയുടെ കാര്യം…പരിശോധനയാണ്‌ സാബുവിനെ ഏറ്റവും ചൊടിപ്പിച്ചത്‌ എന്നത്‌ അദ്ദേഹത്തിന്റെ ക്ഷോഭത്തില്‍ നിന്നും വ്യക്തം. എങ്കില്‍ പരിശോധനയെ അദ്ദേഹം പേടിക്കുന്നു എന്നല്ലേ വരുന്നത്‌.

മന്ത്രി പറയുന്നതിങ്ങനെ–

  1. സംസ്ഥാനസര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ മുന്‍കൈ എടുത്തോ ബോധപൂര്‍വ്വമോ ഒരു പരിശോധനയും കിറ്റക്സില്‍ നടത്തിയിട്ടില്ല.
  1. ദേശീയ മനുഷ്യാവകാശ കമ്മീഷന് പാര്‍ലമെന്‍റംഗമായ ബെന്നി ബഹനാന്‍ നല്കിയ പരാതി പി. ടി. തോമസ് എം.എല്‍.എ. ഉന്നയിച്ച ആരോപണം, വനിതാ ജീവനക്കാരിയുടെ പേരില്‍ പ്രചരിച്ച വാട്ട്സാപ്പ് സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉള്‍പ്പെടെ നല്കിയ നിര്‍ദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടന്നത്.
  2. ഈ പരിശോധനകളില്‍ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്സ് മാനേജ്മെന്‍റ് വ്യവസായ വകുപ്പ് ഉള്‍പ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
  3. പരിശോധനാ വേളയില്‍ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസ്സമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്കിയ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

ഇതില്‍ നിന്നെല്ലാം കേരളം മനസ്സിലാക്കേണ്ട കാര്യമെന്താണ്‌. ഏത്‌ വ്യവസായ സ്ഥാപനത്തിലെയും പരിശോധന വാഹന പരിശോധന പോലെയാണ്‌. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍, അല്ലെങ്കില്‍ പൊലീസ്‌ നമ്മുടെ വാഹനം പിടിച്ചാല്‍ സംഭവിക്കുന്നതെന്താണ്‌…
കണ്ടെത്താനാണെങ്കില്‍ ഏതിലും കുറ്റങ്ങള്‍ കണ്ടെത്താനും നടപടിയെടുക്കാനും പഴുതുണ്ടാവും. ചെറിയ അപാകതകള്‍ അവഗണിച്ച്‌ വിടാനാണെങ്കില്‍ അതിനും പഴുതുണ്ടാവും.
ഇതാണ്‌ സാബു പരിശോധനയില്‍ നേരിടുന്നത്‌ എങ്കില്‍, ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം ദ്രോഹിക്കുന്നു എങ്കില്‍ അത്‌ മാത്രമാണ്‌ സാബുവിന്റെ കാര്യത്തിലെ ന്യായമായ കാര്യം. പക്ഷേ മന്ത്രി പറയുന്നത്‌ നമ്മള്‍ കേട്ടു. ഉദ്യോഗസ്ഥരെ പറ്റി, പരിശോധനയെപ്പറ്റി പരാതിയുണ്ടെങ്കില്‍ തീര്‍ച്ചയായും അത്‌ ചാനലുകളിലൂടെ, സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിച്ച്‌, സര്‍ക്കാരിനെ ആകെ അധിക്ഷേപിച്ചാല്‍ പരിഹരിക്കാനാവുമോ….
അപ്പോള്‍ തെളിയുന്ന കാര്യം, സംഗതി സാബുവിന്റെ രാഷ്ട്രീയമാണ്‌. സര്‍ക്കാരിനെ മൊത്തത്തില്‍ സമ്മര്‍ദ്ദത്തിലാക്കി സാബു നേടാന്‍ ശ്രമിക്കുന്നതെന്താണ്‌ എന്ന സംശയവും ഉണ്ടാകുന്നു. പരിശോധനകള്‍ ഒന്നുമില്ലാത്ത, താന്‍ കൊടുക്കുന്ന പേപ്പറുകള്‍ ഒപ്പിട്ട്‌ നല്‍കുന്ന ജോലി മാത്രം ചെയ്യുന്ന സര്‍ക്കാരുള്ള ഒരു കിണാശ്ശേരി–അതാണോ സാബുവിന്റെ മനസ്സില്‍…3500 കോടിയുടെ പദ്ധതിയുടെ പ്രലോഭനം മുന്നില്‍ വച്ച ശേഷം അദ്ദേഹം പിന്നീട്‌ പറയുന്നത്‌ മുഴുവന്‍ ഈ പദ്ധതിക്കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന വിരോധത്തെ പറ്റിയോ മടിയെപ്പറ്റിയോ ഒന്നുമല്ല…തന്റെ ഇപ്പോഴത്തെ ഫാക്ടറികളില്‍ നടത്തിയ പരിശോധനകളെ പറ്റി മാത്രമാണ്‌. അതില്‍ നിന്നും ബുദ്ധിയുള്ള ഒരാള്‍ക്ക്‌ മനസ്സിലാകുക ഇതൊരു സമ്മര്‍ദ്ദക്കളിയാണ്‌ എന്നതു മാത്രമാണ്‌. തന്റെ യഥാര്‍ഥ പ്രശ്‌നം 3500 കോടിയുടെ പദ്ധതി അല്ല എന്നത്‌ സാബു പറയാതെ പറയുന്നു എന്നത്‌ വ്യക്തമാണ്‌. പദ്ധതി പുറത്തേക്ക്‌ എന്ന ധ്വനിയുണ്ടാക്കിയാല്‍ സര്‍ക്കാര്‍ തനിക്ക്‌ കീഴപ്പെടും എന്ന്‌ രാഷ്ട്രീയ തന്ത്രജ്ഞന്‍ കൂടിയായ സാബു.എം.ജേക്കബ്‌ വിചാരിക്കുന്നുണ്ട്‌.
പി.രാജീവ്‌ നല്‍കിയിരിക്കുന്ന വിശദമായ മറുപടിയില്‍ ഇനി കൃത്യമായ പ്രതികരണമാണ്‌ സാബു നല്‍കേണ്ടത്‌. കേരളം അത്‌ കാത്തിരിക്കുന്നു.

Spread the love
English Summary: industres-minster-p-rajeev-explains-the-issues-with-kittex

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick