Categories
latest news

ഇതൊന്നും തെറ്റല്ല…കേരള സഭയിലെ കയ്യാങ്കളി സമര്‍ഥിക്കാന്‍ മുഖ്യമന്ത്രി നിരത്തിവെച്ച 13 സംഭവങ്ങള്‍….

കേരള നിയമസഭയില്‍ നടന്ന കയ്യാങ്കളിക്കേസ് പിന്‍വലിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് സമര്‍ഥിക്കാനായി രാജ്യത്തെ വിവിധ നിയമസഭകളില്‍ നടന്ന അക്രമക്കേസുകളുടെ വിവരങ്ങള്‍ നിരത്തി പ്രതിരോധം തീര്‍ത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സംസാരിച്ചത്.
സഭയുടെ പരമാധികാരി സ്പീക്കറാണെന്നും സഭാംഗങ്ങള്‍ക്ക് സഭയില്‍ നടക്കുന്ന കാര്യങ്ങളില്‍ പുറത്തെ ഏജന്‍സികളില്‍ നിന്നും സംരക്ഷണം ഉണ്ടെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ച് വാദിച്ചു. അതേസമയം സുപ്രീം കോടതി വിധി അനുസരിക്കുമെന്നും പ്രസ്താവിച്ചു.
മാണിയുടെ ബജറ്റ് പ്രസംഗത്തിനെതിരായ അക്രമം അസാധാരണമല്ലെന്ന് സമര്‍ഥിക്കാന്‍ മുഖ്യമന്ത്രി നിരത്തിയ രാജ്യത്തെ ഇതര നിയമസഭകളിലുണ്ടായിട്ടുള്ള സംഭവങ്ങളും സുപ്രീംകോടതിയിലെ കേസില്‍ സര്‍ക്കാരിന്റെ ന്യായങ്ങളും….

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭയിലുണ്ടായ പ്രതിഷേധങ്ങള്‍ ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്.

thepoliticaleditor

· 1988 ജനുവരിയില്‍ തമിഴ്‌നാട് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭാംഗങ്ങള്‍ തമ്മില്‍ അടിപിടി ഉണ്ടായി. മൈക്കും സ്റ്റാന്റും ചെരുപ്പും ഒക്കെ ഉപയോഗിച്ച് അംഗങ്ങള്‍ പരസ്പരം ആക്രമിച്ചു. കോണ്‍ഗ്രസ്സ്, ഡിഎംകെ, എഡിഎംകെ അംഗങ്ങള്‍ തമ്മിലായിരുന്നു ആക്രമണം. ഒടുവില്‍ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തി.

· 1989 മാര്‍ച്ച് 25 ന് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നിയമസഭയില്‍ അടിപിടിയുണ്ടായി. കരുണാനിധി, ജയലളിത ഉള്‍പ്പെടെയുള്ളവര്‍ ആക്രമിക്കപ്പെട്ടു. ഡിഎംകെ, എഡിഎംകെ അംഗങ്ങള്‍ തമ്മിലായിരുന്നു അടി നടന്നത്.

· 1997 ഒക്‌ടോബര്‍ 22 ന് ഉത്തര്‍പ്രദേശില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിയമസഭയ്ക്കുള്ളില്‍ വലിയ തോതില്‍ അക്രമങ്ങളുണ്ടായി. സ്പീക്കര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കസേര, പലക, മൈക്ക്, മറ്റു ഉപകരണങ്ങള്‍ എന്നിവയൊക്കെ ഉപയോഗിച്ചാണ് അംഗങ്ങള്‍ പരസ്പരം ആക്രമിച്ചത്. ആംബുലന്‍സ് എത്തിയാണ് പലരെയും ആശുപത്രിയില്‍ ആക്കിയത്. കോണ്‍ഗ്രസ്സ്, ബിജെപി, എസ്പി, ബിഎസ്പി അംഗങ്ങള്‍ പരസ്പരം ആക്രമിച്ചു. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലേ തന്നെ ഏറ്റവും വലിയ അക്രമസംഭവമായിരിക്കും ഇത്.

· 2007 സെപ്റ്റംബര്‍ 14 ന് ഡല്‍ഹി നിയമസഭയിലെ ഒരു കോണ്‍ഗ്രസ്സ് അംഗം ബിജെപിയുടെ ചീഫ് വിപ്പിനെ തല്ലി.

· 2009 ഡിസംബര്‍ 10 ന് മഹാരാഷ്ട്ര നിയമസഭയിലെ ഒരംഗം മറ്റൊരംഗത്തെ തല്ലി. സത്യപ്രതിജ്ഞ വാചകം മറാഠിയില്‍ ചൊല്ലാതെ ഹിന്ദിയില്‍ ചൊല്ലി എന്ന കാരണം പറഞ്ഞാണ് സഭയ്ക്കുള്ളില്‍ വെച്ചു തന്നെ ആക്രമണം ഉണ്ടായത്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അംഗം സമാജ്‌വാദി അംഗത്തെയാണ് മര്‍ദ്ദിച്ചത്.

ഒഡീഷ നിയമസഭ

· 2011 ഡിസംബറില്‍ ഒഡീഷ നിയമസഭാ സ്പീക്കര്‍ക്കു നേരെ ഒരു കോണ്‍ഗ്രസ്സ് അംഗം കസേര എറിഞ്ഞു. സ്പീക്കര്‍ ബിജുജനതാദള്‍ അംഗമായിരുന്നു.

· 2013 ല്‍ തമിഴ്‌നാട് നിയമസഭയില്‍ ഡിഎംഡികെ യില്‍പ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തല്ലി. റിബല്‍ അംഗമായ ഒരാള്‍ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചതായിരുന്നു കാരണം.

· 2014 ല്‍ തെലങ്കാന രൂപീകരണ ബില്‍ അവതരണ സമയത്ത് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സ് നേതാവ് കുരുമുളക് സ്‌പ്രേ ഉപയോഗിച്ചു.

· 2017 മേയില്‍ ഡല്‍ഹി നിയമസഭാംഗമായിരുന്ന ആപ് അംഗത്തെ മറ്റു ആപ് അംഗങ്ങള്‍ തന്നെ വലിച്ചിഴച്ചു സഭയില്‍ നിന്നു പുറത്താക്കി.

· 2019 ഡിസംബറില്‍ മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപി ശിവസേന അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

മഹാരാഷ്ട്ര നിയമസഭ

· 2021 മാര്‍ച്ച് 23 ന് ബിഹാറിലെ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറെ ചേംബറില്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി അവരെ ബലമായി നീക്കം ചെയ്തു. ഉന്തിലും തള്ളിലും പെട്ട് ഒരു എംഎല്‍എക്ക് പരിക്കേറ്റു. ആര്‍ ജെ ഡി അംഗത്തിനാണ് പരിക്കേറ്റത്. സ്പീക്കര്‍ ബി ജെ പി അംഗമാണ്.

· 2021 ജൂലൈയില്‍ മഹാരാഷ്ട്ര അസംബ്ലിയില്‍ ബിജെപി എംഎല്‍എമാര്‍ സ്പീക്കറുടെ ചേംബറിലെത്തി കയ്യാങ്കളി നടത്തി. സ്പീക്കര്‍ എന്‍ സി പി അംഗമാണ്.

ഇതില്‍ ബീഹാര്‍ നിയമസഭയില്‍ ലാത്തിച്ചാര്‍ജ്ജ് നടത്തിയ പോലീസുകാര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഒരു എംഎല്‍എയുടെ പേരിലും നിയമസഭയിലെ പ്രതിഷേധങ്ങളിലും ക്രിമിനല്‍ കേസ് എടുക്കുന്ന രീതി പൊതുവേ രാജ്യത്ത് ഉണ്ടായിട്ടില്ല.  

  ബീഹാര്‍ നിയമസഭ

കാലാകാലങ്ങളിലുണ്ടാവുന്ന പല പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തില്‍ സമൂഹത്തിലും സ്ഥാപനങ്ങളിലും ചിലപ്പോള്‍ പാര്‍ലമെന്റിലും നിയമനിര്‍മ്മാണ സഭകളിലും പ്രതിഷേധത്തിന്റെ അലകള്‍ ഉയരാറുണ്ട്. സമരങ്ങളും പ്രശ്‌നങ്ങളും തീരുമ്പോള്‍ സാധാരണഗതിയില്‍ തന്നെ അതിനോടനുബന്ധിച്ചുണ്ടായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് അനുമതി നല്‍കുന്നതും അവ പിന്‍വലിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയുടെ അനുമതി തേടുന്നതും ഈ സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തില്‍ ആദ്യമായല്ല. ഇതൊരു പുതിയ സംഭവമാണെന്ന തരത്തില്‍ പര്‍വ്വതീകരിച്ച് ചിത്രീകരിക്കുന്നത് യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. നിയമസഭയെ സംബന്ധിച്ച് പൊതുവില്‍ രാജ്യത്താകമാനം സ്വീകരിക്കുന്ന നയം കേരള നിയമസഭയ്ക്ക് ബാധകമാവേണ്ടതില്ലായെന്ന നയം നമ്മുടെ അന്തസ്സ് തകര്‍ക്കാനേ ഇടയാക്കുകയുള്ളൂവെന്ന് ഓര്‍ക്കണം.

കേസ് പിന്‍വലിക്കലും നിയമസഭാ നിലപാടും

കേസ് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ഈ നിയമസഭയില്‍ തന്നെ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്. സംസ്ഥാന ഖജനാവിന് കോടികള്‍ നഷ്ടമുണ്ടാക്കിയ പാമോലിന്‍ കേസ് സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചുവെന്നാണ് നിയമസഭയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. അതേസമയം കോടിക്കണക്കിന് രൂപ സംസ്ഥാനത്തിന് നഷ്ടം വരുത്തിയതായി സി&എജിയും പിഎസിയും കണ്ടെത്തിയ പാമോലിന്‍ കേസില്‍ ആരെയും കുറ്റവിമുക്തരാക്കാനാവില്ലെന്നും കേസിന്റെ വിചാരണ തുടരട്ടെയെന്നുമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി എന്നതും മറന്നുപോകരുത്.

ഉമ്മന്‍ചാണ്ടി

07.12.2015 ല്‍ നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 2036 ന്റെ മറുപടിയില്‍ അന്നത്തെ ആഭ്യന്തരവും വിജിലന്‍സ് മന്ത്രിയുമായ രമേശ് ചെന്നിത്തല കോടിയേരി ബാലകൃഷ്ണന് നല്‍കിയ മറുപടി പ്രധാനമാണ്. 5607 ക്രൈം കേസുകളും 12 വിജിലന്‍സ് കേസുകളും പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നിരാക്ഷേപ പത്രം നല്‍കിയിട്ടുണ്ടെന്നാണ് അതില്‍ വ്യക്തമാക്കിയിട്ടുള്ളത്. അഴിമതി കേസുകള്‍ പോലും പിന്‍വലിച്ചവരാണ് ഇപ്പോള്‍ പുതിയ ന്യായവാദവുമായി ഇറങ്ങിയിട്ടുള്ളത്.

രാഷ്ട്രീയതാത്പര്യത്തിനുവേണ്ടി എന്തും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ഒരു ലീലാവിലാസമായി മാത്രമേ ഇതിനെ കാണുന്നുള്ളൂ.

പാര്‍ലമെന്ററി പ്രിവിലേജിന്റെ അതിര് ഏതുവരെ എന്ന സഭാനടപടിക്രമം സംബന്ധിച്ച പ്രശ്‌നമാണ് സുപ്രീംകോടതി പരിശോധിച്ചത്. കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കാണുകയോ പേരെടുത്ത് പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിധത്തിലുള്ള ഒരു അടിയന്തരപ്രമേയത്തിന് ഇവിടെ പ്രസക്തിയില്ല.

രമേശ് ചെന്നിത്തല

മുമ്പ് ഒരു വിജിലന്‍സ് കോടതി പാമോലിന്‍ കേസ് മുന്‍നിര്‍ത്തി കേസ്സെടുക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ആ ജഡ്ജിയെ ഗവണ്‍മെന്റ് ചീഫ് വിപ്പുതന്നെ അതിമ്ലേച്ഛമായ ഭാഷയില്‍ അധിക്ഷേപിച്ച കാര്യം ഈ സഭയ്ക്ക് മറക്കാനാവുന്നതല്ല. കേവലമായ ഒരു വകുപ്പുകൈമാറ്റം കൊണ്ട് പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിച്ചവരാണ് ഇന്ന് കോടതിയുടെ പേരെടുത്തുള്ള പരാമര്‍ശംപോലുമില്ലാത്ത ഒരു കാര്യത്തില്‍ രാജി ആവശ്യപ്പെടുന്നത്. പാമോലിന്‍ കേസില്‍ അന്ന് ബന്ധപ്പെട്ട വ്യക്തി വിജിലന്‍സ് വകുപ്പ് മറ്റൊരാള്‍ക്ക് കൈമാറിക്കൊണ്ട് അധികാരത്തില്‍ തുടരുകയായിരുന്നുവെന്നത് ഞാന്‍ പ്രത്യേകം അവരെ ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ.

നിയമനിര്‍മ്മാണ സഭ ഒരു പരമാധികാര സഭയാണ്. അതിലെ നടപടിക്രമങ്ങളുടെ, ചട്ടങ്ങളുടെ കസ്റ്റോഡിയന്‍ ആത്യന്തികമായി നിയമസഭാ സ്പീക്കറാണ്, സഭ തന്നെയാണ്. സഭയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സഭയില്‍ തീരണം. അതിനെ പുറത്തേക്ക് കൊണ്ടുപോയാല്‍ അത് സഭയുടെ പരമാധികാരത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന പ്രവണതകളെയാവും ശക്തിപ്പെടുത്തുക. ഇവിടെ സഭയില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ സ്പീക്കര്‍ തീര്‍പ്പ് കല്‍പ്പിച്ചതാണ്, നടപടിയെടുത്തതാണ്. ആ നടപടി നിലനില്‍ക്കെ സഭയിലെ കാര്യങ്ങളെ കേസിലേക്ക് വലിച്ചിഴച്ചത് ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ എന്നത് നമ്മുടെ നിയമസങ്കല്‍പ്പത്തിന്റെ അടിസ്ഥാന നിയമതത്വങ്ങള്‍ക്കു തന്നെ എതിരാണ്. സഭയില്‍ നിന്ന് ബന്ധപ്പെട്ട അംഗങ്ങളെ അന്നത്തെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തതാണ്. അത് ഒരു ശിക്ഷാനടപടിയാണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍പോലെയല്ല സഭയില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍. സഭയിലെ ശിക്ഷതന്നെയാണ്. അതാണ് ഭരണഘടന വിഭാവനം ചെയ്ത അധികാരവിഭജനത്തിന്റെ അടിസ്ഥാന പ്രമാണം.

Spread the love
English Summary: chief minister justified assembly rukkus

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick