Categories
kerala

സുരേന്ദ്രനെ സംരക്ഷിച്ച് എതിര്‍ഗ്രൂപ്പു നേതാക്കളും ചേര്‍ന്ന പ്രസ്താവന…ബി.ജെ.പി.യെ തകര്‍ക്കാന്‍ സി.പി.എമ്മിന്റെ ഗൂഢ നീക്കം

കുഴല്‍പ്പണക്കേസില്‍ ബന്ധമുണ്ടെന്ന് ആരോപണവിധേയനാവുകയും മഞ്ചേശ്വരത്ത് ബി.എസ്. പി. സ്ഥാനാര്‍ഥിക്കും വയനാട്ടില്‍ സി.കെ. ജാനുവിനും പണം നല്‍കുകയും ചെയ്ത് കള്ളപ്പണവിവാദത്തില്‍ തീര്‍ത്തും ഒറ്റപ്പെടുകയും ചെയ്ത ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെ നീണ്ട മൗനങ്ങള്‍ക്കു ശേഷം പാര്‍ടിയിലെ എതിര്‍ഗ്രൂപ്പു നേതാക്കള്‍ പിന്തുണച്ച് രംഗത്ത്. സുരേന്ദ്രന്‍ അനുകൂലികള്‍ക്കൊപ്പം എതിര്‍ഗ്രൂപ്പിലെ പ്രമുഖരായ പി.കെ.കൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന്‍ എന്നിവരും ചേര്‍ന്നാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. കുമ്മനം രാജശേഖരന്‍, വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പമുള്ളത്.
പ്രസ്താവനയുടെ പൂര്‍ണ രൂപം വായിക്കുക…

ബിജെപിയുടെ കള്ളപ്പണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കോടിയേരി ബാലകൃഷ്ണന്‍ ആദ്യം സ്വന്തം മകന്റെ അക്കൗണ്ടിലുള്ള പണം എവിടെ നിന്ന് വന്നെന്ന് കോടതിയെ ബോധ്യപ്പെടുത്തട്ടെ. ബിനീഷ് കോടിയേരിയുടെ പച്ചക്കറി, മല്‍സ്യവാപാരം വഴിയുളള വരുമാനം കോടതിക്ക് ബോധ്യപ്പെട്ടെങ്കില്‍ ആറുമാസമായി അദ്ദേഹത്തിന് ജയില്‍ തുടരേണ്ടി വരില്ലായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നു. കോടിയേരിയുടെ മകന്‍ ലഹരി കടത്ത് കേസില്‍ കുരുങ്ങിയതിലുള്ള പ്രതികാരം തീര്‍ക്കാനാണ് കെ.സുരേന്ദ്രന്റെ മകനെ ഈ കേസിലേക്ക് വലിച്ചിഴക്കുന്നത്.

thepoliticaleditor

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കിലും കൂടുതല്‍ മണ്ഡലങ്ങളില്‍ ബിജെപിയുടെ സ്വാധീനം വര്‍ധിച്ചത് എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരു പോലെ പരിഭ്രാന്തരാക്കുന്നുണ്ട്. അതിന് തടയിടാനാണ് ദിവസവും ഓരോ കള്ളക്കഥകള്‍ ബിജെപിക്കെതിരെ മെനയുന്നത്. ഒപ്പം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെയാകെ അസ്വസ്ഥമാക്കുന്ന മുസ്ലീം പ്രീണനത്തിന്റെ മറ്റൊരു വശവും കൂടിയുണ്ട് ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ഭൂരിപക്ഷസമുദായത്തിനും ക്രൈസ്തവര്‍ക്കും ബിജെപിക്കുമേല്‍ വര്‍ധിച്ചുവരുന്ന വിശ്വാസം എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ അസ്വസ്ഥരാക്കുന്നതും ഹീനമായ രാഷ്ട്രീയപ്രചാരവേലകള്‍ക്ക് പിന്നിലുണ്ടെന്ന് ഭാരതീയ ജനതാപാര്‍ട്ടിയുടെ അണികളും തിരിച്ചറിയണം. കേരളനിയമസഭയെപ്പോലും മോദിവിരുദ്ധ രാഷ്ട്രീയം പറയാനുള്ള വേദിയാക്കി മാറ്റുന്ന കേരളത്തില്‍ ബിജെപിയെ ഏതുവിധേനയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുണ്ടെന്നും മനസിലാക്കണം. ഇടത് അനുഭാവം പരസ്യമാക്കിയിട്ടുള്ള ചില മാധ്യമപ്രവര്‍ത്തകരുടെയും സിപിഎം സൈബര്‍ സംഘത്തിന്റെയും സഹായത്തോടെ നടക്കുന്ന പ്രചാരണങ്ങളില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടരുത്.

എന്താണ് ബി ജെ പി പ്രതിക്കൂട്ടില്‍ ആയെന്ന് പറയുന്ന ഈ കുഴല്‍ പണക്കേസ്? ബി ജെ പിയുടെ തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന ഒരു ബിസിനസുകാരന്റെ (ധര്‍മ്മരാജന്റെ) പണം കവര്‍ച്ച ചെയ്യപ്പെടുന്നു. അയാള്‍ പോലീസില്‍ പരാതിപ്പെടുന്നു. പോലീസ്, കവര്‍ച്ച നടത്തിയവരെ പിടിച്ച് ഈ പൈസ കണ്ടെത്തിക്കൊടുക്കുന്നതിന് പകരം, പണം നഷ്ടപ്പെട്ട ആള്‍, ബി ജെ പി യുടെ ചില തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഹായിച്ചിരുന്നു എന്നതുകൊണ്ട് ഈ കേസ് എങ്ങനെ ബി ജെ പിയുമായി ബന്ധപ്പെടുത്താം എന്ന് ഗവേഷണം ചെയ്യുന്നു. കൊടകരക്കേസില്‍ കേരള പോലീസ് കൃത്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നത് മോദിയാണോ പിണറായിയാണോ എന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.

ഒരു കേസില്‍ പ്രതികളുടെ കോള്‍ ലിസ്റ്റ് പരിശോധിക്കുന്നത് മനസിലാക്കാം, പക്ഷേ പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് എടുക്കുന്നത് വിചിത്രമായ അന്വേഷണരീതിയാണ്. പരാതിക്കാരന്‍ വിളിച്ചിട്ടുള്ള എല്ലാരേയും വിളിച്ച് ചോദ്യം ചെയ്യുക. പരാതിക്കാരന്‍ ബി ജെ പി അനുഭാവിയായതുകൊണ്ട് അദ്ദേഹത്തിന്റെ കോള്‍ ലിസ്റ്റില്‍ പല ബി ജെ പി ഭാരവാഹികളും കാണും. ചെയ്യുന്നത് നിയമപരം അല്ല എന്ന് പോലീസിന് അറിയുന്നതുകൊണ്ട് സൈബര്‍ ജേര്‍ണലിസ്റ്റുകള്‍ വഴി ഊഹാപോഹങ്ങള്‍ ലീക്ക് ചെയ്യുക.കുറെ ദിവസം ബ്രേക്കിംഗ് ന്യൂസ് ആയി നിര്‍ത്തുക. പൊതുജന മധ്യത്തില്‍, ബി ജെ പിയുടെ അന്തസ്സ് ഇടിക്കുക , ഇതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന അന്വേഷണ നാടകം.

ഈ കേസില്‍ പിടിക്കപെട്ട ഒരാള്‍ ഒഴിച്ച്, മറ്റ് എല്ലാവരും, സി പി എം ബന്ധമുള്ളവരാണ്. എന്ത് കൊണ്ട് പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് മാത്രം എടുത്ത് പരിശോധിക്കുന്നു?കണ്ണൂരില്‍ നിന്നടക്കമുള്ള ഈ പ്രതികള്‍ ആരെയൊക്കെ വിളിച്ചു എന്ന് അന്വേഷിക്കണ്ടെ? അത് അന്വേഷിച്ചാല്‍, അത് ഇടതുപക്ഷത്തെ ഉന്നതരിലേക്ക് എത്തും എന്നത് കൊണ്ടാണോ? . കേസിലെ പ്രതിയായ മാര്‍ട്ടിന് കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര്‍ സുനില്‍ കുമാറുമായി എന്താണ് ബന്ധം. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇയാള്‍ സജീവമായിരുന്നു. എഐവൈഎഫ് വെളയനാട് യൂണിറ്റ് സെക്രട്ടറിയാണ് മാര്‍ട്ടിന്‍. മറ്റൊരു പ്രതി ലിബിന്‍ വെള്ളക്കാട് എഐവൈഎഫ് നേതാവാണ്. കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ സഹായം തേടിയത് എസ്.എന്‍ പുരത്തെ സിപിഎം പ്രവര്‍ത്തകന്‍ റജിലിനോടാണ്. ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചത് ആരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ? ഇവരുടെയെല്ലാം ഫോണ്‍ കോള്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസിന് ധൈര്യമുണ്ടോ.

പോലീസിന് ഈ പണത്തിന്റെ ഉറവിടത്തില്‍ സംശയം ഉണ്ടെങ്കില്‍ ഇന്‍കം ടാക്‌സ് വകുപ്പിനെ അറിയിക്കാം. കുഴല്‍പ്പണ, കള്ളപ്പണ ഇടപാടുണ്ട് എന്ന് സംശയം ഉണ്ടെങ്കില്‍ എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റിനെ അറിയിക്കാം. അതൊന്നും ചെയ്യാതെ പോലീസിന് നിയമപരമായി അധികാരമില്ലാത്ത ഒരു അന്വേഷണം നടത്തുകയും വിവരങ്ങള്‍ പൊലിപ്പിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നതിന്റെ പിന്നിലെ രാഷ്ട്രീയമെന്താണ്.

ഭരിക്കുന്ന പാര്‍ട്ടിയുടെ അടിമകളായ ഉദ്യോഗസ്ഥര്‍ അങ്ങനെ പലതും ചെയ്യുന്നുണ്ടാവും. അങ്ങനെയുള്ളവര്‍. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ചവരുടെ ഇപ്പോഴത്തെ സ്ഥിതി ഇവരെല്ലാം ഓര്‍ക്കുന്നത് നല്ലത്. ഒരു കാര്യം വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തിരക്കഥ അനുസരിച്ച് നടക്കുന്ന അന്വേഷണ നാടകമാണിത്. സ്വര്‍ണ്ണക്കടത്ത് – ഡോളര്‍ക്കടത്ത് കേസുകളുടെ ചെളിക്കുണ്ടില്‍ നില്‍ക്കുന്ന സര്‍ക്കാര്‍, മറ്റുള്ളവരുടെ പുറത്ത് കൂടി ചെളി വാരി എറിയാനുള്ള ശ്രമമാണ് നടത്തുന്നത്. വാദിയുടെ മാത്രം കോള്‍ ലിസ്റ്റ് എടുത്തുള്ള ഈ ചോദ്യം ചെയ്യല്‍ നാടകം തുടരട്ടെ. അന്വേഷണ സംഘത്തിന് മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും പോകും. പുലര്‍ച്ചെ തലയില്‍ മുണ്ടിട്ടോ രോഗിയെന്ന് തെളിയിച്ച് സഹതാപം പിടിച്ചു പറ്റാനോ ഞങ്ങള്‍ ശ്രമിക്കില്ല.

കള്ളപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ബിജെപി സംസ്ഥാന പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള ഇച്ഛാശക്തി ഭാരതീയ ജനതാ പാര്‍ട്ടിക്കുണ്ട്. ജിഹാദികളെ പ്രീണിപ്പിക്കാന്‍ നടത്തുന്ന നിയമവിരുദ്ധ കേസന്വേഷണത്തില്‍ മുട്ടിടിക്കുന്നവരല്ല ഭാരതീയ ജനതാ പാര്‍ട്ടി. ഇത്തരം നിരവധി വെല്ലുവിളികളെ അതിജീവിച്ച് തന്നെയാണ് ഈ പാര്‍ട്ടി പാര്‍ലെമന്റില്‍ രണ്ടു സീറ്റില്‍ നിന്ന് 303 സീറ്റെന്ന നിലയിലേക്ക് വളര്‍ന്നത്. ബിജെപിക്കെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങള്‍ക്ക് എന്നും മറുപടി കൊടുത്തിട്ടുള്ളത് ഈ രാജ്യത്തെ ജനങ്ങളാണ്. ജനങ്ങളിലുള്ള വിശ്വാസം ഞങ്ങളെ തുടര്‍ന്നും മുന്നോട്ട് നയിക്കും.

Spread the love
English Summary: dissident group leaders also backs bjp president k surendran

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick