Categories
exclusive

സാമൂഹിക മാധ്യമങ്ങളിലെ കളി സൂക്ഷിച്ച് വേണം, ‘സ്വയം പോരാളി’കൾക്ക് ലൈക്ക് ചെയ്യരുത്, പണമിടപാട് തര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥരാവരുത്– കീഴ്ഘടകങ്ങളില്‍ സിപിഎം കര്‍ശന നിര്‍ദ്ദേശം

സാമൂഹിക മാധ്യമങ്ങളിലെ സി.പി.എം.പോരാളികളെ ലൈക്ക് ചെയ്യുന്നതും കമന്റ് ചെയ്യുന്നതും പാര്‍ടി അംഗങ്ങള്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് നല്‍കി സി.പി.എം. കണ്ണൂര്‍ ജില്ലാ നേതൃത്വം.

ജില്ലാകമ്മിറ്റിയുടെ നിര്‍ദ്ദേശം പ്രത്യേക സര്‍ക്കുലറായി എല്ലാ ബ്രാഞ്ച് ഘടകങ്ങളിലും അടിയന്തിര സ്വഭാവത്തോടെ വായിച്ചു. ജില്ലയിലെ എല്ലാ സി.പി.എം. ബ്രാഞ്ചുകളും അടിയന്തിരമായി വിളിച്ചു ചേര്‍ത്ത് ഇതിനകം തന്നെ ഭൂരിപക്ഷം ഘടകങ്ങളിലും ഉയര്‍ന്ന നേതാക്കള്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചുകഴിഞ്ഞു.
സി.പി.എമ്മിന്റെ പതാകവാഹകരായി സ്വയം പ്രഖ്യാപിച്ച് കളിക്കുന്നവരില്‍ ക്വട്ടേഷന്‍, കള്ളക്കടത്ത്, റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരുടെ സാന്നിധ്യം പ്രകടമായതോടെയാണ് കര്‍ക്കശ നിയന്ത്രണവുമായി പാര്‍ടി പിടിമുറുക്കുന്നത്. ജൂണ്‍ 21-നാണ് രാമനാട്ടുകരയില്‍ ദുരൂഹമായ വാഹനാപകടം ഉണ്ടാകുന്നത്. തൊട്ടടുത്ത ദിവസമാണ് സംഭവത്തില്‍ കണ്ണൂര്‍ അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കിയുടെ പങ്ക് പൊലീസിനും കസ്റ്റംസിനും സൂചനയായി ലഭിക്കുന്നത്.

thepoliticaleditor
രാമനാട്ടുകര വാഹനാപകടം

അര്‍ജുനെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിക്കുന്നതിനു മുമ്പു തന്നെ അതായത് ഒരു ദിവസം മുമ്പ് ജൂണ്‍ 24-ന് സി.പി.എം.കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കും പാര്‍ടിയില്‍ സ്ഥാനമോ സംരക്ഷണമോ ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചു. മാത്രമല്ല, ക്വട്ടേഷന്‍കാര്‍ക്ക് മധ്യസ്ഥം വഹിക്കുന്ന പാര്‍ടിക്കാരെയും ക്വട്ടേഷന്‍കാരായി മാത്രമേ കാണാനാവൂ എന്നും ജയരാജന്‍ വ്യക്തമാക്കി. ബി.ജെ.പി.യുമായി ബന്ധപ്പെട്ട കൊടകര കുഴല്‍പ്പണക്കേസിനെപ്പറ്റിയും ജയരാജന്‍ പരാമര്‍ശിച്ചു. ബി.ജെ.പി.- ആര്‍.എസ്.എസ്സുകാര്‍ പ്രതികളായ ആ കേസില്‍ കണ്ണൂരിലെ സി.പി.എം.ബന്ധമുള്ളവരും കണ്ണികളാണെന്നത് ഇതിനകം തന്നെ പുറത്തുവന്നിട്ടുള്ളതാണ്.
സി.പി.എമ്മിനു വേണ്ടി നവമാധ്യമങ്ങളില്‍ സജീവ പ്രചാരണം നടത്തുന്നവരില്‍ ക്വട്ടേഷന്‍ ബന്ധമുള്ള 21 പേരുകള്‍ ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ എടുത്തു പറഞ്ഞു. ഇത്രയധികം ആളുകള്‍ ഒരു ജില്ലയില്‍ മാത്രം സി.പി.എമ്മിന്റെ ലേബലിന്റെ സുരക്ഷയില്‍ ക്വട്ടേഷന്‍, കള്ളക്കടത്ത, കള്ളപ്പണ ഇടപാടില്‍ പങ്കാളികളാണെന്ന് ജയരാജന്‍ പറഞ്ഞത് സത്യത്തില്‍ ഞെട്ടിക്കുന്ന വിവരമായിരുന്നു.

സി.പി.എം.കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍

രാമനാട്ടുകര അപകടം നടന്ന് ഏതാനും ദിവസങ്ങള്‍ക്കകം ഇത്രയും കാര്യങ്ങള്‍ കൃത്യമായി പറയാന്‍ കഴിയണമെങ്കില്‍ പാര്‍ടിക്ക് ഇത്തരം അപരമുഖങ്ങളെപ്പറ്റി നേരത്തെ അറിയാമായിരുന്നു എന്നതു തന്നെയാണ് കാര്യം.
മുഹമ്മദ് സാലിഹ മര്‍വാന്‍, മുഹമ്മദലി കണ്ടേരി, അഫ്താബ് മാമാക്കുന്ന്, നിസാമുദ്ദീന്‍ കൈതേരി കപ്പണ, പുത്തന്‍കണ്ടം പ്രനൂബ്, കാക്കയങ്ങാട് ആകാശ്, ധര്‍മ്മടത്തെ ലെനീഷ്, ടുട്ടു എന്ന ഷിജിന്‍, ശ്രീജിത്ത്, പാനൂര്‍ കാട്ടീന്റവിട ആദര്‍ശ്, ചെണ്ടയാട് ശരത്, വെള്ളങ്ങാട് യാദവ്, അരുണ്‍ ഭാസ്‌കര്‍, ശ്യാംജിത്ത്, ആകാശ്, കൂത്തുപറമ്പിലെ സ്വരലാല്‍, രഞ്ജിത്, ജിത്തു, കതിരൂരിലെ റെനില്‍, ചത്തി റമീസ്, അഴീക്കോട്ടെ അര്‍ജുന്‍ എന്നീ പേരുകളാണ് ജയരാജന്‍ വെളിപ്പെടുത്തിയത്. ഈ പറഞ്ഞവരില്‍ ആരെയും നവമാധ്യമങ്ങളുടെ ചുമതല പാര്‍ടി ഏല്‍പിച്ചിട്ടില്ല എന്നും ജില്ലാ സെക്രട്ടറി പ്രസ്താവിച്ചു. ഇവരില്‍ ചിലര്‍ യഥാര്‍ഥത്തില്‍ ആര്‍.എസ്.എസ്-കാരാണെന്നും കണ്ണിപ്പൊയില്‍ ബാബു വധക്കേസ് പ്രതികളായ മൂന്നുപേരും ഈ പട്ടികയിലുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കിയപ്പോള്‍ അത് നല്‍കിയ നിശ്ശബ്ദ സൂചനകള്‍ ഗുരുതരമായ ഒരുവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടിയത്. പാര്‍ടിയുടെ വിരുദ്ധ പക്ഷത്തുള്ളവര്‍ പോലും വേഷം മാറി സാമൂഹിക മാധ്യമങ്ങളില്‍ സി.പി.എം. പോരാളികളെന്ന പേരില്‍ കളിക്കുന്നു എന്നത് ഒരു സംഗതി. അതിനപ്പുറം അവര്‍ ഏര്‍പ്പെടുന്ന അക്രമ, ക്രിമിനില്‍ സംഭവങ്ങള്‍ക്ക് പാര്‍ടിയുടെ ലേബല്‍ നല്‍കാനും സംരക്ഷണവും സഹായവും തേടാനും ഉപയോഗിക്കുന്നു എന്ന ഗുരുതര സാധ്യതയും എം.വി.ജയരാജന്റെ വാക്കുകള്‍ക്കപ്പുറത്ത് വായിച്ചെടുക്കാവുന്നതായിരുന്നു.

1. പുറത്താക്കപ്പെട്ട സജേഷ് ഡി.വൈ.എഫ്.ഐ. ഭാരവാഹി 2. അർജുൻ ആയങ്കി

സി.പി.എം. വലിയ വില നല്‍കേണ്ടി വരുമെന്ന തിരിച്ചറിവാണ് ഇത്രയും വ്യക്തമായി തുറന്നു പറയാന്‍ ജില്ലാ കമ്മിറ്റിയെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. അപ്പോഴും ഈ പട്ടികയ്ക്കപ്പുറത്ത് കൂടുതല്‍ ക്വട്ടേഷന്‍കാര്‍ ഉണ്ടെന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം ചെമ്പിലോട് ഡി.വൈ.എഫ്.ഐ. മേഖലാ ഭാരവാഹിയായ സജേഷിന്റെ പുറത്താക്കലിലൂടെ ലഭിക്കുന്നത്.

ക്വട്ടേഷന്‍കാരെ ഒറ്റപ്പെടുത്താനുള്ള തീരുമാനം അടിയന്തിര പ്രാധാന്യത്തോടെ കീഴ്ഘടകങ്ങൡലേക്ക് എത്തിക്കാന്‍ സി.പി.എം.തുനിഞ്ഞതും സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ്. അതേസമയം ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞ ‘നവമമാധ്യമങ്ങളിലെ അപരമുഖ’ങ്ങളുടെ സൗഹൃദ പട്ടികയിൽ പാര്‍ടിയിലെയും അനുബന്ധപ്രസ്ഥാനങ്ങളിലെയും ധാരാളം പേര്‍ ഉണ്ട്. ലൈക്ക് അടിക്കുന്നത് നിര്‍ത്തണം എന്നു നിര്‍ദ്ദേശിക്കുമ്പോള്‍ തന്നെ ഇത്തരം ഫേസ്ബുക്ക് സൗഹൃത്തുക്കളെ ഒഴിവാക്കുന്നതിന് പാര്‍ടി നിര്‍ദ്ദേശം നല്‍കിയിട്ടുമില്ല.

Spread the love
English Summary: cpm kannur district commitee strict stand against mafia gang and smuggling groups working inside the party

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick