Categories
latest news

‘അമ്മേ വിശുദ്ധ മാതാവേ’ വായിച്ചാൽ തള്ളേ എന്ന് വിളിച്ചുപോകും ! – കവി ജി.സുധാകരന്റെ രചനയ്ക്ക് ഒരു ആസ്വാദനം

‘അമ്മേ വിശുദ്ധ മാതാവേ’ എന്ന പേരിൽ അന്തരിച്ച ശ്രീമതി കെ. ആർ. ഗൗരിയമ്മയെക്കുറിച്ച് മുൻമന്ത്രി ശ്രീ ജി.സുധാകരൻ കലാകൗമുദിയിൽ എഴുതിയ പ്രകീർത്തന കാവ്യമാണ് ഈ കുറിപ്പിന് ആധാരം.

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രത്തിൽ സ്വന്തം ജീവിതം കൊണ്ടും പ്രവർത്തനം കൊണ്ടും അനന്യമായ മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഗൗരിയമ്മ എന്നതിന് രണ്ടു പക്ഷമുണ്ടാവില്ല. ഒരു സ്ത്രീ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുകയും പ്രവർത്തിക്കുകയും ജനക്കൂട്ടത്തെ നയിക്കുകയും അവരെ ഭരിക്കുകയും ഒക്കെ ചെയ്യുന്നത് അങ്ങേയറ്റം വിചിത്രമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിലൂടെയായിരുന്നു അവരുടെ ജീവിതത്തിന്റെ പ്രമുഖ ഘട്ടങ്ങൾ കടന്നുപോയത്. പിൽക്കാലത്ത് അവരുടെ രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും, സംഘടനാ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിലും അതിന്റെ കാർക്കശ്യത്തിലും പെട്ട് ഉഗ്രമായി വരിഞ്ഞുമുറുക്കപ്പെട്ടിട്ടുള്ളതും കേരളം കണ്ടു .

thepoliticaleditor

അന്നത് ചെയ്ത രാഷ്ട്രീയ നിലപാടിന് സേവയും ഒത്താശയും ചെയ്ത ആളാണ് അക്കാലത്ത് രാഷ്ട്രീയക്കാരനായിമാത്രം അറിയപ്പെടുകയും പിൽക്കാലത്ത് കവിയായിക്കൂടി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള ശ്രീ. ജി. സുധാകരൻ. ആ കാലം കടന്നുപോയി. ഗൗരിയമ്മയും മണ്മറഞ്ഞു.

പശ്ചാത്താപത്താലോ, അന്ന് തോന്നിയിരുന്ന ശരികൾ അത്ര ശരിയായിരുന്നില്ല എന്ന് ഇന്ന് തോന്നിയതിനാലോ പ്രായശ്ചിത്തം കവിതയിലൂടെ ആയിക്കോട്ടെ എന്ന് ശ്രീ ജി.സുധാകരൻ തീരുമാനിച്ചു. പക്ഷേ അത് കവിത എന്ന പേരിൽ വായനക്കാരോട് ചെയ്യുന്ന മറ്റൊരു ക്രൂരതയായി മാറിയാൽ അത് മഹാ കഷ്ടമാണ്.

എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്ന് വ്യക്തമാക്കിക്കൊള്ളട്ടെ. ഇംഗ്ലീഷിൽ വിലാപകാവ്യങ്ങൾ ഉണ്ടായിട്ടുള്ളത് പോലെ നമ്മുടെ ഭാഷയിലും ശ്രദ്ധേയമായ അത്തരം കവിതകൾ രചിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യനോടും മറ്റ് ജീവികളോടുമൊക്കെയുള്ള അഗാധ സ്നേഹം ഇത്തരം കാവ്യ സ്മാരകങ്ങൾ നിർമ്മിക്കാൻ ലോകത്തെവിടെയുമുള്ള കവികൾക്ക് പ്രേരകമായി. തത്ത്വജ്ഞാനികൾ മുതൽ സന്യാസികൾ വരെ ഇക്കൂട്ടത്തിൽ പെടും. ചട്ടമ്പി സ്വാമികളുടെ സമാധി വിവരം അറിഞ്ഞ് ഉള്ളുലഞ്ഞ നാരായണഗുരുവിൽ നിന്ന് പുറത്തേക്ക് വന്നതും കവിത ആയിരുന്നു. വിഷാദം മാത്രമല്ല രോഷവും പലപ്പോഴും കവികളെ പ്രചോദിപ്പിച്ചിട്ടുണ്ട്. വിപ്ലവത്തിനായി ദാഹിക്കുന്നവർക്ക് കവിതകളിലൂടെ തണ്ണീര് പകർന്ന കവികളും ലോകത്ത് നിരവധിയാണ് .

ഗൗരിയമ്മ പാർട്ടി നടപടിക്ക് വിധേയയായി,ഏകയായി മാറിനിൽക്കേണ്ടി വന്നപ്പോഴാണ് കവി ബാലചന്ദ്രൻ ചുള്ളിക്കാട് ‘ഗൗരി’ രചിച്ചത്. അദ്ദേഹത്തിന്റെ ഉള്ളിൽ ഉടലെടുത്ത അമർഷം,നിരാശ എന്നിവയോടൊപ്പം കാവ്യ ഗുണത്തിന് അവശ്യം പ്രേരകമാവേണ്ട സത്യസന്ധതയും അതിനെ ബലപ്പെടുത്തി. ജീവിതത്തിന്റെ ആത്യന്തികമായ നിരന്തരാവർത്തനത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ആ കവിത അതിന്റെ കവിത്വ ഗുണത്തെ സാധൂകരിച്ചു എന്ന് പറയാം .

അതുപോലെ എബ്രഹാം ലിങ്കണിന്റെ വിയോഗത്തിൽ ദുഖിച്ചും അദ്ദേഹത്തെ അനുസ്മരിച്ചുമാണ് വിഖ്യാത അമേരിക്കൻ കവി വാൾട്ട് വിറ്റ്മാൻ ‘ഓ ക്യാപ്റ്റൻ മൈ ക്യാപ്റ്റൻ ‘ എന്ന കവിത എഴുതിയത്. ‘കവിത’ അതിന്റെ സകല സൗന്ദര്യത്തോടെയും അവിടെയും തലയുയർത്തി നിന്നു.

ചുരുക്കത്തിൽ ഇത്രയേയുള്ളു. എന്ത്‌ വിഷയത്തെക്കുറിച്ചെഴുതിയാലും,അത് പൂച്ചയോ ബൈപാസ്സോ ഉറക്കക്കുറവോ എന്തുമായിക്കൊള്ളട്ടെ, എഴുതുന്നത് കവിത ആണെങ്കിൽ അതിന് കാവ്യഗുണം ഉണ്ടായേ തീരൂ. എഴുതുന്ന പ്രമുഖൻ അവകാശപ്പെട്ടതുകൊണ്ട് എഴുതുന്നതെന്തും കവിതയാവില്ലെന്ന് സാരം. ‘അമ്മേ വിശുദ്ധ മാതാവേ’അതുകൊണ്ട് തന്നെ കവിത യുടെ ഗണത്തിൽ വരില്ല.

രാഷ്ട്രീയ രംഗത്തെ പ്രമുഖർ സുകുമാര കലകളിൽ മേഞ്ഞു നടക്കുന്ന കാലമാണിത് . അതിനവർ വേണമെങ്കിൽ പത്രത്തിന്റെ ഉടമകളാവും അല്ലെങ്കിൽ ഉടമകളുടെ ഉറ്റ ചങ്ങാതികളാവും. ഏതു വിധേനെയും സാംസ്‌കാരിക രംഗത്തെ ‘ഉജ്ജ്വല നക്ഷത്ര’ മായി ഇത്തരം രാഷ്ട്രീയ പ്രമുഖർ മാറും. “കെ യും ആറും ചേർന്ന ഗൗരിയാൾ ” എന്നെഴുതി അവർ കാവ്യ ലോകത്തേക്ക് നൂഴ്ന്നുകയറും.പുസ്തകങ്ങൾ പ്രസിദ്ധീകരിക്കും. അല്ലെങ്കിൽ പ്രസിദ്ധീകരിപ്പിക്കും. അവാർഡുകൾ സംഘടിപ്പിക്കും അല്ലെങ്കിൽ അത് ലഭിക്കാൻ തക്ക സംഘാടകരെ സൃഷ്ടിക്കും.

ഇപ്പോൾ ജീവിച്ചിരിക്കുന്ന മഹത്തുക്കളിൽ പലരും ഭാവിയിൽ ഇതുപോലുള്ള വ്യാജ എഴുത്തുകാരുടെ വികല സൃഷ്ടികളിലൂടെ കവിതകളായി മാറാൻ സാധ്യത ഉള്ളതിനാൽ അത് തടയുവാൻ വേണ്ട നിയമ വഴികൾ മുൻകൂറായി തേടുന്നത് അവരുടെ സൽപ്പേരിന് നല്ലതായിരിക്കുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് നിർത്തുന്നു .

Spread the love
English Summary: A READERS OPINION ON G SUDHAKARAN'S LATEST POEM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick