Categories
kerala

“നാടുമായി കുറച്ചൊക്കെ ബന്ധം വേണം നേതാവേ, കിറ്റില്‍ അരി ഇല്ല”… ബിജെപി നേതാവിന് പറ്റിയ വൻ അമളി….!!

കേരള സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റില്‍ അരി എന്ന ഇനം ഇല്ല എന്ന കാര്യം ബി.ജെ.പി. നേതാവ് എം.ടി. രമേശിന് അറിയാതെ പോയത് ഇത്രയും വലിയൊരു മണ്ടത്തരമാകുമെന്ന് അദ്ദേഹം തന്നെ വിചാരിച്ചിരിക്കില്ല. കേന്ദ്രത്തിന്റെ അരി കൊണ്ടാണ് സംസ്ഥാനം കിറ്റ് നല്‍കുന്നതെന്ന് പറഞ്ഞു കൊണ്ട് രമേശ് ഫേസ് ബുക്കില്‍ ഇട്ട കുറിപ്പും പോസ്റ്ററും ഇപ്പോള്‍ അദ്ദേഹത്തെ തിരിഞ്ഞു കുത്തുകയാണ്. സി.പി.എം.നേതാവ് എം.വി. ജയരാജനാണ് ഏറ്റവും വലിയ കുത്ത് കൊടുത്തിരിക്കുന്നത്…

“ഒരു കാര്യം പ്രത്യേകം ബി ജെ പി നേതാവിനെ ഓർമ്മിപ്പിക്കട്ടെ -” കേരളത്തിൽ നൽകുന്ന കിറ്റിൽ അരിയില്ല”. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ്‌ വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്ക്കാരം.”–ഇതാണ് ജയരാജന്റെ പരിഹാസം. “കേന്ദ്രസര്‍ക്കാരാണ് കിറ്റ് നല്‍കിയതെങ്കില്‍, എന്തുകൊണ്ട് രാജ്യത്താകെ അത് നല്‍കുന്നില്ല എന്ന് ആരും ബി. ജെ. പിക്കാരോട് ചോദിക്കല്ലേ..! അവര്‍ കുടുങ്ങും.”–ജയരാജൻ പറയുന്നു.

thepoliticaleditor
എംടി രമേശ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റർ

കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഭക്ഷ്യകിറ്റിനെ പരിഹസിച്ചു കൊണ്ടായിരുന്നു രമേശിന്റെ കുറിപ്പ്. കേന്ദ്രത്തിന്റെ അരിയെത്തി വീണ്ടും കിറ്റ് വിതരണം എന്ന വാര്‍ത്ത മുന്‍നിര്‍ത്തി തയ്യാറാക്കിയ മോദിയുടെ ചിത്രമുള്ള പോസ്റ്ററും രമേശ് ഇട്ടിരുന്നു. കേന്ദ്രം നല്‍കുന്ന കിറ്റാണ് സംസ്ഥാനം സ്വന്തം പേരില്‍ നല്‍കി പേരെടുക്കുന്നത് എന്നതായിരുന്നു മുന്‍പു തന്നെ ബി.ജെ.പി.യുടെ വിമര്‍ശനം. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി വഴി കേരളത്തിനും കിട്ടുന്ന അരി എടുത്താണ് കിറ്റ് നല്‍കുന്നത് എന്നായിരുന്നു രമേശിന്റെ പോസ്റ്ററിലെ വിമര്‍ശനം. ഇതിനാണ് എം.വി.ജയരാജന്‍ മറുപടി നല്‍കിയിരിക്കുന്നത്.

എം.വി.ജയരാജന്‍

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

കേരളത്തില്‍ കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാനാണ് സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്മ ചോര്‍ന്നു പോകാത്തവര്‍ ഇതിനായി നല്‍കിയ തുകയുള്‍പ്പടെ ഉപയോഗിച്ചാണ് മഹാമാരി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത്. ഒപ്പം, കോവിഡ് രോഗികള്‍ക്കുള്‍പ്പടെ സമയത്ത് ഭക്ഷണമെത്തിച്ചുനല്‍കാന്‍ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് വാശിപിടിച്ചവര്‍ക്കും നന്മ ചോര്‍ത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവര്‍ക്കും ഉള്‍പ്പടെ എല്ലാവര്‍ക്കുമാണ് പിണറായി സര്‍ക്കാര്‍ ഭക്ഷ്യകിറ്റ് സൗജന്യമായി നല്‍കിയതെന്നത് മറ്റൊരു വസ്തുത.

ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോള്‍, അതിന്റെ ഉടമസ്ഥാവകാശം പേറാന്‍ പലരും രംഗത്തുണ്ട്. കേന്ദ്രസര്‍ക്കാരാണ് കിറ്റ് നല്‍കിയതെങ്കില്‍, എന്തുകൊണ്ട് രാജ്യത്താകെ അത് നല്‍കുന്നില്ല എന്ന് ആരും ബി. ജെ. പിക്കാരോട് ചോദിക്കല്ലേ..! അവര്‍ കുടുങ്ങും. വീണ്ടും അവകാശ വാദവുമായി രംഗത്തുവന്നിട്ടുണ്ട് ബി.ജെ.പി നേതാക്കള്‍ എന്നതാണ് ഈ പുതിയ എഫ്. ബി പോസ്റ്റ് വ്യക്തമാക്കുന്നത്.

ഒരു കാര്യം പ്രത്യേകം ബി.ജെ.പി നേതാവിനെ ഓര്‍മ്മിപ്പിക്കട്ടെ -‘ കേരളത്തില്‍ നല്‍കുന്ന കിറ്റില്‍ അരിയില്ല’. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്‌ക്കാരം.

Spread the love
English Summary: social media celebrates the folly of bjp leader mt ramesh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick