Categories
kerala

തളിപ്പറമ്പില്‍ ഇടതു മുന്നണിയുടെ വോട്ട് ചോര്‍ന്നിട്ടില്ല- എം.വി. ഗോവിന്ദന്‍

താന്‍ ജയിച്ച തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് 2016-ല്‍ കിട്ടിയ നാല്‍പതിനായിരത്തില്‍പരം വോട്ടുകളില്‍ ഇത്തവണ ചോര്‍ച്ചയുണ്ടായെന്ന് പ്രചാരണം വസ്തുതയില്ലാത്തതാണെന്ന് സി.പി.എം.കേന്ദ്രക്കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ടിക്കകത്തെ തര്‍ക്കപ്രശ്‌നം കാരണം വോട്ട് ഒഴുകിപ്പോയി എന്ന ദൃശ്യമാധ്യമങ്ങളുടെ പ്രചാരണം കള്ളക്കണക്കാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇലക്ഷന്‍ കമ്മീഷന്റെ സൈറ്റില്‍ ലീഡ് നില പുതുക്കുന്നതിലുണ്ടായ വീഴ്ച മൂലമാണ് കണക്കില്‍ കുറവ് തോന്നിച്ചത്. തളിപ്പറന്വിലോ ആന്തൂരിലോ ഇടതുമുന്നണി വോട്ടുകള്‍ ചോര്‍ന്നിട്ടില്ല.

എൽഡിഎഫ് കണക്കുകൂട്ടിയ ഭൂരിപക്ഷത്തിൽനിന്ന് മണ്ഡലത്തിൽ എവിടെയും പിറകോട്ട് പോയിട്ടില്ല. ചിലർ കൊണ്ടുപിടിച്ചുനടത്തുന്ന പ്രചരണം കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നാൽപ്പതിനായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണയുണ്ടായില്ലെന്നാണ്. കേൾക്കുമ്പോൾ ഗൗരവമുള്ളതായി തോന്നുമെങ്കിലും നന്നായി പരിശോധിച്ചാൽ വസ്തുത മനസ്സിലാകും. 2016ൽ യുഡിഎഫ് സ്ഥാനാർഥി സമുദായസംഘടനയായ നമ്പ്യാർമഹാസഭയുടെ പ്രതിനിധിയായിരുന്നു. കൈപ്പത്തി ചിഹ്നത്തിലല്ല മത്സരിച്ചത്. യുഡിഎഫ് വോട്ടർമാരിൽ മൂന്നിലൊരുഭാഗം വോട്ടുചെയ്യാൻ പോലും പോയില്ല. ഈ തെരഞ്ഞെടുപ്പിലാകട്ടെ കടുത്ത രാഷ്ട്രീയപോരാട്ടമാണ് നടന്നത്. എന്നിട്ടും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എണ്ണൂറോളം വോട്ടുകൾക്ക് പിന്നിൽപ്പോയ മണ്ഡലത്തിൽ 22,689 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിച്ചു. ഇത്തവണ തളിപ്പറമ്പിൽ എൽഡിഎഫിന് ലഭിച്ച 92,870 വോട്ട് എക്കാലത്തെയും മികച്ചതാണെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

ഫലപ്രഖ്യാപന ദിവസം മണ്ഡലത്തിലെ എൽഡിഎഫ് ലീഡ് സംബന്ധിച്ച അവ്യക്തത തെരഞ്ഞെടുപ്പു കമീഷന്റെ പിടിപ്പുകേടുമൂലം ഉണ്ടായതാണ്. ഇതു മുതലെടുത്ത് ചില ദൃശ്യമാധ്യമങ്ങൾ വോട്ടുചോർച്ചയെന്നും തിരിച്ചടിയെന്നും പ്രചരിപ്പിക്കുകയും ചർച്ചചെയ്യുകയുമായിരുന്നു. അങ്ങനെയൊന്നും തളിപ്പറമ്പിൽ സംഭവിച്ചിട്ടില്ല. സാധാരണഗതിയിൽ ഓരോ റൗണ്ട് എണ്ണിക്കഴിയുമ്പോഴും വോട്ടുകണക്കുകൾ ഇലക്ഷൻ സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യണം. തളിപ്പറമ്പിൽ രാവിലെ 11 വരെ മാത്രമേ ഇത്തരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളു. അപ്പോൾ രണ്ടായിരത്തിൽപരം വോട്ടിന്റെ ലീഡുണ്ടായിരുന്നു. ദൃശ്യമാധ്യമങ്ങളടക്കമുള്ളവർ ആ ലീഡ് നില പ്രദർശിപ്പിച്ചുകൊണ്ടേയിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ തളിപ്പറമ്പിൽ എൽഡിഎഫ് വോട്ട് ഒഴുകിപ്പോയി, പാർടിക്കകത്തെ തർക്കപ്രശ്നമാണ് കാരണം എന്ന നിലയിൽ ചില ചാനലുകൾ നുണപ്രചരണവും ചർച്ചയും നടത്തി.

വൈകുന്നേരമായപ്പോൾ ശരിയായ ലീഡ് നില സംപ്രേഷണം ചെയ്യണമെന്നുമാവശ്യപ്പെട്ട് എൽഡിഎഫ് പ്രവർത്തകർ ചാനലുകളിൽ കണക്ക് വിളിച്ചു കൊടുത്തപ്പോഴാണ് ഭൂരിപക്ഷം 17,000 ആണെന്നു തിരുത്തിയത്. എന്നാൽ, വീണ്ടും വർധിച്ച ഭൂരിപക്ഷം കമീഷൻ സൈറ്റോ വാർത്താ ചാനലുകളോ പുതുക്കിയില്ല. യഥാർഥത്തിൽ 22,689 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഈ അവ്യക്തത മുതലെടുത്ത് ആന്തൂർ നഗരസഭയിൽ എൽഡിഎഫ് പിറകോട്ട് പോയെന്ന നുണപ്രചരണവുമുണ്ടായി. ആന്തൂരിൽ മാത്രം 12,511 വോട്ടിന്റെ ലീഡുണ്ട്–എം.വി.ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: no vote drain in thaliparamba constituency argues cpm leader and ldf candidate mv govindan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick