Categories
kerala

മുഖ്യധാരാ മാധ്യമങ്ങളുടെ പ്രവചനത്തിനപ്പുറം രണ്ട് അപ്രതീക്ഷിത തീരുമാനങ്ങള്‍

സി.പി.എമ്മിന്റെ മന്ത്രിസഭാംഗങ്ങളുടെ പട്ടികയില്‍ രണ്ട് അപ്രതീക്ഷിതത്വങ്ങള്‍ ഉണ്ടായിരുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ട രണ്ട് അവിചാരിത തീരുമാനങ്ങള്‍. അതിലൊന്ന് കെ.കെ.ശൈലജയ്ക്ക് മന്ത്രി പദവി നിഷേധിച്ചതാണ്. ‘സി.പി.എം. സോഴ്‌സുകള്‍’ ആധികാരികമായി ഉണ്ടെന്ന് അഭിമാനിച്ചിരുന്ന മാധ്യമങ്ങള്‍ പോലും നിരന്തരം എഴുതുകയും പറയുകയും ചെയ്തത് ശൈലജടീച്ചര്‍ മന്ത്രിയാവും എന്നതായിരുന്നു. അതു കൊണ്ടു തന്നെയാവാം അവരെ ഒഴിവാക്കിയ പട്ടിക വന്നപ്പോള്‍ കേരളം ഇത്രയധികം തലക്കടിയേറ്റതു പോലെ ഉലഞ്ഞതും. കെ.കെ.ശൈലജയെ ഉള്‍പ്പെടെയായിരിക്കും മുന്‍മന്ത്രിമാരെ ഒഴിവാക്കാന്‍ പരിഗണിക്കുക എന്ന കാര്യം ‘ദ് പൊളിറ്റിക്കല്‍ എഡിറ്റര്‍’ വിശകലനപരമായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു.

അടുത്ത കാലത്തൊന്നും ഒരു നേതാവിനു വേണ്ടി രാഷ്ട്രീയ ഭേദമെന്യേ കേരളം ഇത്രയധികം വ്യസനിക്കുകയും രോഷം കൊള്ളുകയും ചെയ്തിരിക്കില്ല. ഒരു പക്ഷേ കെ.കെ.ശൈലജ എന്ന പൊതുപ്രവര്‍ത്തകയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം കൂടിയായിരിക്കും ഇന്ന് കേരളം പ്രകടിപ്പിച്ച അനുതാപവും ആകുലതയും. സി.പി.എമ്മിലെ ലക്ഷക്കണക്കിന് അനുഭാവികള്‍ ഇന്ന് ശൈലജടീച്ചറെ മന്ത്രിയാക്കേണ്ടിയിരുന്നു എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. സിനിമാ മേഖലയിലുള്ളവര്‍, ആതുരസേവനമേഖലയിലുള്ളവര്‍, വീട്ടമ്മമാര്‍ തുടങ്ങി രാഷ്ട്രീയേതരമായ ജീവിതം നയിക്കുന്ന ഒട്ടേറെ പേര്‍ പരസ്യമായി തന്നെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഇടതുപക്ഷ പ്രൊഫൈലുകളില്‍ വിമര്‍ശനത്തിന്റെ പൊടിപൂരമായിരുന്നു. ശൈലജയ്ക്ക് പിന്തുണയും പിണറായിക്ക് വിമര്‍ശനവും നിറഞ്ഞ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പതിനായിരക്കണക്കായിരുന്നു. പ്രമുഖ സി.പി.എം. അനുകൂല പേജായ പോരാളി ഷാജി പോലും ശക്തമായ മുന്നറിയിപ്പു കുറിപ്പ് പ്രസിദ്ധീകരിച്ചു. പി.ജെ.ആര്‍മിയുടെ പേജില്‍ ‘കോപ്പ്’ എന്ന വാക്ക് മാത്രം കാണാം. എന്നാല്‍ ഇത് ശക്തമായ പ്രതികരണമായി മാറുകയും ചെയ്യുന്നു.

thepoliticaleditor

“കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറെയും തിരികെ വിളിക്കണം. ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീർപ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തിൽ മുക്കിക്കൊല്ലാതെ പിടിച്ചു നിർത്താൻ ടീച്ചർ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കിൽ മരണസംഖ്യ വർദ്ധിക്കുമായിരുന്നു. ഒരു പക്ഷേ,തുടർഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളിൽ വേദനയുണ്ടാക്കുമെന്നത് തീർച്ചയാണ്.”–പോരാളി ഷാജി പറയുന്നത് ഇങ്ങനെ.

ആരോഗ്യമന്ത്രി എന്ന നിലയിലുള്ള കെ.കെ.ശൈലജയുടെ പ്രവര്‍ത്തനത്തില്‍ ബഹുജനത്തിന് അവരെ പ്രിയങ്കരിയാക്കിയതിലെ ഒരു പ്രധാന സവിശേഷത അജ്ഞാതരായ ആവശ്യക്കാരുടെ അഭ്യർത്ഥനകളോട് പോലും അനുകമ്പയോടെ പ്രതികരിക്കുന്നതില്‍ മന്ത്രി പ്രകടിപ്പിച്ച വേഗതയും സഹായിക്കുന്നതില്‍ കാണിച്ച ജാഗ്രതയും തന്നെയായിരുന്നു. വാട്‌സ് ആപിലും എന്തിന് ഫേസ്ബുക്ക് പേജുകളില്‍ വരുന്ന സഹായ അഭ്യര്‍ഥനകള്‍ പോലും അറ്റന്‍ഡ് ചെയ്ത് എത്രയും പെട്ടെന്ന് സഹായം നല്‍കുന്നതിലും ചികല്‍സ ലഭ്യമാക്കുന്നതിലും ശൈലജ കാണിച്ച അനിതര സാധാരണമായ താല്‍പര്യം അവരെ വളരെ പോപ്പുലറാക്കി എന്നു പറയാതിരിക്കാനാവില്ല.

പിണറായി മന്ത്രിസഭയിലെ രാഷ്ട്രീയേതരമായ സ്വീകാര്യതയുടെ പ്രധാനമുഖം കെ.കെ.ശൈലജ തന്നെയായിരുന്നു. മുഖ്യമന്ത്രിയും ഒപ്പത്തിനൊപ്പം തന്നെയുണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം. ഈ രാഷ്ട്രീയേതരമായ സ്വീകാര്യത ഇത്തവണത്തെ ഇടതുവിജയത്തില്‍ നിര്‍ണായക ഘടകം തന്നെ ആയിരുന്നു. അതു കൊണ്ടു തന്നെയാണ് പിണറായിക്കൊപ്പം ശൈലജയെയും കേരളം വീണ്ടും ആഗ്രഹിച്ചത് എന്നത് ഉറപ്പാണ്.

മാധ്യമങ്ങള്‍ക്ക് ഒരുതരത്തിലും ഊഹിക്കാന്‍ കഴിയാതെ പോയ മറ്റൊരു അപ്രതീക്ഷിത മുഖം ആയിരുന്നു മലപ്പുറം താനൂരിന്റെ പ്രതിനിധിയായ വി.അബ്ദുറഹിമാന്റെ മന്ത്രിപദം. എല്ലാവരും കെ.ടി.ജലീലിലും പി.നന്ദകുമാറിലും കറങ്ങിത്തരിഞ്ഞപ്പോള്‍ പാര്‍ടി കണ്ടെത്തിയത് ലീഗിന്റെ ശക്തികേന്ദ്രത്തില്‍ തുടര്‍ച്ചയായി രണ്ടാംതവണയും വെന്നിക്കൊടി പാറിച്ച മുന്‍ കോണ്‍ഗ്രസുകാരന്‍ കൂടിയായ അബ്ദുറഹിമാന് മന്ത്രിപദം നല്‍കാനാണ്. ആര്‍ക്കും ഊഹിക്കാനാവതെ പോയ പേരായിരുന്നു അത്. അബ്ദുറഹിമാന്‍ തന്നെ ഒരു വേള പ്രതീക്ഷിക്കാതിരുന്ന പദവിയായിരിക്കും ഇത്. ക്ലീന്‍ ഇമേജുള്ള അബ്ദുറഹിമാനെ മന്ത്രിയാക്കുക വഴി മലപ്പുറത്ത് ലീഗിനെ കൈകാര്യം ചെയ്യാന്‍ തക്ക പ്രാതിനിധ്യമുണ്ടാക്കാനും ഒപ്പം വിമര്‍ശകരുടെ നാവടക്കാനും സി.പി.എമ്മിന് കഴിയുന്നു.

Spread the love
English Summary: NO ONE COULDNT PREDICT THE OMISSION OF KK SHYLAJA FROM THE CANDIDATE LIST OF CPM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick