Categories
kerala

വി.ഡി.സതീശന് ആശംസകളുമായി സി.പി.എം. പ്രവര്‍ത്തകര്‍, പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളും !

കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകളെ കൂസാതെ, ഒരു ഗ്രൂപ്പിലും അല്ലാത്ത വി.ഡി.സതീശനെ പ്രതിപക്ഷനേതാവാക്കാന്‍ തീരുമാനിച്ചതോടെ കേരളത്തില്‍ സംഭവിക്കുന്ന ഒരു പ്രധാനകാര്യം സതീശന് അകം നിറഞ്ഞ ആശംസകളുമായി ധാരാളം സി.പി.എം. പ്രവര്‍ത്തകരും അനുഭാവികളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ സതീശന് ആശംസ നേര്‍ന്ന് കുറിപ്പുകളിട്ടവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ വരും സി.പി.എം-ഇടത് പക്ഷക്കാര്‍. അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കൊടിക്കുന്നില്‍ സുരേഷും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുള്ളുവെച്ച വാക്കുകളാലാണ് പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് ഈ തീരുമാനം ഉതകട്ടെ എന്നാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. തലമുറമാറ്റം കൊണ്ട് പാര്‍ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്നായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം. എല്ലാ കാര്യങ്ങളും യുവാക്കളെ ഏല്‍പിച്ചാല്‍ പാര്‍ടിക്ക് മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പരോക്ഷമായി സതീശന്റെ സ്ഥാന ലബ്ധിയെ വിമര്‍ശിക്കുകയാണുണ്ടായത്. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു എന്നു മാത്രമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. നാളെ കൂടുതല്‍ പറയാമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

സി.പി.എം. പ്രവര്‍ത്തകര്‍ വ്യാപകമായി ആശംസയര്‍പ്പിക്കുന്നതിന് ഒരു കാരണം മാത്രമേയുള്ളൂ. ഒരു മികച്ച എതിരാളിയെ കിട്ടിയ സന്തോഷമാണ് അത്. ചെന്നിത്തലയുടെ സര്‍വ്വനെഗറ്റീവിസത്തേക്കാളും സതീശന്റെ ക്രിയാത്മകതയും വാഗമിത്വവും പ്രഹരശേഷിയും മാന്യതയും എല്ലാം ചേര്‍ന്ന് പിണറായി സര്‍ക്കാരിന് നല്ല എതിരാളിയെ ലഭിക്കുന്നു എന്നതാണ് പൊതുവെ സതീശന്റെ വരവിനെപ്പറ്റി ഇടതു കേന്ദ്രങ്ങളിലെ അഭിപ്രായം. പ്രബലനായ എതിരാളിക്കു മുന്നില്‍ നല്ല മല്‍സരം കാണാമെന്ന തിരിച്ചറിവും കേരളത്തിലെ രാഷ്ട്രീയകേന്ദ്രങ്ങളെ ആവേശം കൊള്ളിക്കുന്നുണ്ട്. എന്തായാലും സതീശന്റെ വരവ് സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ മാത്രമല്ല, പൊതു രാഷ്ട്രീയ രംഗത്തെ മൊത്തം ഊര്‍ജ്ജമുള്ളതാക്കിക്കഴിഞ്ഞിട്ടുണ്ട് എന്നാണ് ആദ്യ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.

thepoliticaleditor
Spread the love
English Summary: ldf workers and supporters greets v d satheesan designated opposition leader

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick