Categories
kerala

കെ.കെ.രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കസേരയില്‍ ഉണ്ടാവുക കണ്ണൂര്‍ ജില്ലക്കാരനും പിണറായിയുടെ ഏറ്റവും അടുപ്പമുള്ള യുവനേതാവുമായ കെ.കെ.രാഗേഷ് ആയിരിക്കും എന്ന് ഉറപ്പായി.

രാജ്യസഭാംഗം എന്ന നിലയില്‍ വളരെ സജീവമായി ഇന്ത്യയിലെമ്പാടും ഓടി നടന്ന് പ്രവര്‍ത്തിച്ച രാഗേഷിന്റെ പുതിയ ദൗത്യം ഇനി സംസ്ഥാനഭരണത്തിന്റെ സിരാകേന്ദ്രത്തില്‍.
എം.പി.യുടെ കാലാവധി പൂര്‍ത്തിയായി ഒരു മാസം തികയുമ്പോഴേക്കും രാഗേഷിനെ തേടി പുതിയ ഉത്തരവാദിത്വം എത്തിയിരിക്കയാണ്. പാര്‍ലമെന്റില്‍ രാഗേഷ് നടത്തിയ ഇടപെടലുകള്‍ സമീപകാലത്ത് ഏറ്റവും ശ്രദ്ധേയമായത് കാര്‍ഷിക ബില്ലുകളുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ടായിരുന്നു. ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസ്സാക്കിയെടുക്കാന്‍ ശ്രമിച്ച സര്‍ക്കാരിനെതിരെ ശക്തമായ ചെറുത്തു നില്‍പുും സഭാചട്ടങ്ങളെ മുറുകെ പിടിച്ചുകൊണ്ടുള്ള പോരാട്ടവുമാണ് സഭയ്ക്കകത്ത് രാഗേഷ് നടത്തിയത്. രാജ്യസഭയില്‍ ബില്ലിന്‍മേലുള്ള വോട്ടെടുപ്പ് ആവശ്യപ്പെട്ടത് രാഗേഷ് ആയിരുന്നു. വോട്ടെടുപ്പില്ലാതെ കാര്‍ഷികബില്ല് പാസ്സാക്കാന്‍ സഭാ നേതാവ് തീരുമാനിച്ചതും തുടര്‍ന്നുണ്ടായ സംവാദവും രാഗേഷിനെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയനാക്കിയ സംഭവം ആയിരുന്നു.

വോട്ടെടുപ്പില്ലാതെ ബില്ല് പാസ്സാക്കാന്‍ രാജ്യസഭാ ചെയര്‍മാന്‍ നടത്തിയ നീക്കത്തില്‍ പ്രതിഷേധിച്ചതിന് രാഗേഷിനെ ഉള്‍പ്പെടെ ഏഴ് അംഗങ്ങളെ ചെയര്‍മാന്‍ സസ്‌പെന്റ് ചെയ്ത സംഭവം ദേശീയ തലത്തില്‍ വലിയ അലകള്‍ സൃഷ്ടിച്ചു. സസ്‌പെന്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയുടെ മുന്നില്‍ രാപകല്‍ സത്യാഗ്രഹമിരുന്നത് വലിയ വാര്‍ത്തയായി മാറുകയും ചെയ്തു. രാഗേഷിനൊപ്പം കേരളത്തില്‍ നിന്നും എളമരം കരീമും ആ സമരത്തില്‍ അണിചേര്‍ന്നിരുന്നു.

പിന്നീട് ഡെല്‍ഹിയില്‍ കര്‍ഷക സമരം ശക്തി പ്രാപിച്ചപ്പോള്‍ കര്‍ഷകസംഘത്തിന്റെ നേതാവ് എന്ന നിലയില്‍ രാഗേഷ് ഈ സമര കേന്ദ്രങ്ങളില്‍ ഏറ്റവും ആവേശകരമായ സാന്നിധ്യമായി. ഹരിയാനയിലും യു.പി.യിലുമുള്ള റാലികളില്‍ രാഗേഷ് പ്രസംഗിച്ചു. ഡെല്‍ഹി അതിര്‍ത്തികളിലെ സമര കേന്ദ്രങ്ങളില്‍ രാഗേഷിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.
പാര്‍ലമെന്റിലെ ഇടപെടലിന്റെയും കര്‍ഷകസമരത്തിലടക്കമുള്ള സക്രിയതയുടെയും പശ്ചാത്തലത്തില്‍ രാഗേഷിന് ഒരു തവണ കൂടി രാജ്യസഭയിലേക്ക് അവസരം നല്‍കണമെന്ന ചര്‍ച്ച ഉയര്‍ന്നെങ്കിലും ഒഴിവു വന്ന സീറ്റുകളിലേക്ക് മറ്റ് രണ്ട് കണ്ണൂര്‍ക്കാരെയാണ് സി..പി.എം. തിരഞ്ഞെടുത്തയച്ചത്. ഇപ്പോള്‍ തന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി വിജയന് മറ്റൊരാളെ തേടേണ്ട ആവശ്യം ഇല്ലാതെ രാഗേഷ് തിരഞ്ഞെടുക്കപ്പെടുന്നു.

ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ സി.പി.എം. സെക്രട്ടറിയായ എം.വി.ജയരാജന്‍ ഒരു വര്‍ഷത്തോളം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അക്കാലത്താണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഏറ്റവും ജനസൗഹൃദമായി പ്രവര്‍ത്തിച്ചത് എന്ന് അനുഭവസ്ഥര്‍ പറയാറുണ്ട്. ജയരാജന്‍ കണ്ണൂരിലേക്ക് തിരിച്ചു വന്നപ്പോള്‍ നളിനി നെറ്റോയുടെ സഹോദരനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ആര്‍.മോഹന്‍ പ്രൈവറ്റ് സെക്രട്ടറിയായി. അതിനു ശേഷമാണ് ഇപ്പോള്‍ വീണ്ടും ഒരു രാഷ്ട്രീയക്കാരന്‍ തന്നെ ആ കസേരയിലെത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഏറ്റവും സൗഹൃദപരമായ ഇടമാക്കി മാറ്റാന്‍ കഴിയുക പ്രൈവറ്റ് സെക്രട്ടറിയുടെ സമീപനം വഴിയാണെന്നിരിക്കെ രാഗേഷ് ഏറ്റെടുക്കുന്ന ജോലി തീര്‍ച്ചയായും നല്ല മികവ് ആവശ്യപ്പെടുന്നതാണ്.
51 കാരനായ രാഗേഷ് കണ്ണൂർ കാഞ്ഞിരോട് സ്വദേശിയാണ് . എസ്.എഫ്.ഐ.യിലൂടെ വളര്‍ന്നു വന്ന രാഗേഷ് സംഘടനയുടെ അഖിലേന്ത്യാ അധ്യക്ഷനായിരുന്നിട്ടുണ്ട്. ഇപ്പോള്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ സഹഭാരവാഹിയാണ്. കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റുഡന്റ് ഡീന്‍ ഡോ. പ്രിയ വര്‍ഗീസ് ആണ് രാഗേഷിന്റെ സഹധര്‍മിണി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: k-k-ragesh-wille-the-new-private-secretary-of-the-chief-minister-pinarayi-vijayan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick