കണ്ണൂരിലെ പാനൂരില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനു തുടർച്ചയായി രാത്രി ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആശുപത്രിയിൽ മരിച്ചു.. പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് മരിച്ചത്. സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന് പിറകില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു.
ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു. 149-ാം നമ്പര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടുംസംഘര്‍ഷമുണ്ടാവുകയായിരുന്നു. ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
മന്‍സൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുളള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരുമണിയോടെ മന്‍സൂറിന്റെ മരണം സ്ഥിരീകരിച്ചു.