ശ്രാവൺ കുമാർ റാത്തോഡ്– കോവിഡ് കവർന്നെടുത്ത കലാകാരമാർക്കിടയിലേക്ക് ഒരു പേരുകൂടി എഴുതി ചേർത്തിരിക്കുന്നു. കാൽനൂറ്റാണ്ട് ഹിന്ദി ചലച്ചിത്ര സംഗീതലോകം അടക്കിവാണ നദീം ശ്രാവൺ കൂട്ടുകെട്ടിലെ ശ്രാവൺ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മുംബൈ മാഹിമിലെ എസ്.എൽ റഹേജ ആശുപത്രിയിൽ തന്റെ സംഗീത യാത്രാ ജീവിതം അവസാനിപ്പിച്ച് നിത്യതയിലേക്കു വിട വാങ്ങി.
ശ്രാവണിന്റെ ഭാര്യയും മകനും രോഗബാധിതരായി ഇപ്പോഴും ഇതേ ആശുപത്രിയില്‍ തന്നെയുണ്ട്.
90കളിലെ ഹിന്ദി സിനിമാസംഗീതം അത് നദീം ശ്രാവൺ കൂട്ടുകെട്ടിന്റെതായിരുന്നു.സമീർ ന്റെ വരികൾ നദീം ശ്രാവൺ ന്റെ സംഗീതം കുമാർസാനു ഉദിത് നാരായൺ അൽക്കാ യാഗ്നിക് ത്രിമൂർത്തികളുടെ ആലാപനം.ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ അന്തസ്സ്.
1990ൽ ആഷിഖി എന്ന ത്രികോണ പ്രണയചിത്രം പലതുകൊണ്ടും ഒരു നാഴികക്കല്ലായിരുന്നു.നദീം-ശ്രാവൺ-സമീർ കൂട്ടുകെട്ടിന്റെ ആരംഭം.കുമാർ സാനു എന്ന ഗായകന്റെ ഉദയം അങ്ങനെയങ്ങനെ.
കൺസോളിൽ ഇരിക്കുകയാണ് നദീമും ശ്രാവണും.വോയ്‌സ് ബൂത്തിൽനിന്നും ഒഴുകിവരുന്നു കുമാർ സാനുവിന്റെ നാദധാര ‘മേം ദുനിയാ ബുലാദൂം ഗാ’ സമീറിന്റെ വരികൾക്ക് ഹൃദയം പകുത്തു നൽകിയ സംഗീതം ഒട്ടും തീവ്രത ചോരാതെ ഒഴുകിവരുമ്പോൾ ആവേശത്തോടെ ഇരുവരും ഒരേ സ്വരത്തിൽ ‘അരേ..വാഹ്….ഹമാരീ ഷേർ’ അതൊരു തുടക്കമായിരുന്നു.2000 മദ്ധ്യംവരെ സിരകളെ ത്രസിപ്പിച്ച കൂട്ടുകെട്ട്.അതെ സിനിമയിൽ ‘മേരെ ദിൽ തെരെ ലിയേ’ എന്ന ഗാനത്തോടെ സൗമ്യസാന്നിദ്ധ്യമായി ഉദിത് നാരായണനും.നസർ കേ സാമ്നേ,ധീരേ ധീരേ സെ യെ സിന്ദഗി ടോപ് ടെൻ ലിസ്റ്റിൽ നിന്നും മാറാൻ അല്ല മാറ്റാൻ കഴിയാത്ത പാട്ടുകൾ
1991സഞ്ജയ് ദത്ത്-സൽമാൻഖാൻ-മാധുരി ദീക്ഷിത് കൂട്ടുകെട്ടിലെ സർവകാല റെക്കോര്ഡുകളിൽ ഒന്നായ സാജൻ.ഏതാണ്ട് ഏഴോളം ഗാനങ്ങൾ എല്ലാം ഹിറ്റ്.തെന്നിന്ത്യൻ ഗാനരംഗത്ത് മുടിചൂടാമന്നനായ എസ് പി ബാലസുബ്രഹ്മണ്യം ഹിന്ദിയിൽ എസ്‌റ്റാബ്ലിഷ്ഡ് ആകുന്നത് സാജനിലെ .’ബഹുത് പ്യാർ കർത്തെഹൈ,തും സെ മിൽനെ കി തമന്നാ ഹൈ എന്നീ ഗാനങ്ങളിലൂടെയായിരുന്നു.’മേരാ ദിൽ ഭി കിത്നാ പാഗൽ ഹൈ’ എന്ന നദീം ശ്രാവൺ സിഗ്നേച്ചർ ഗാനവും ശ്രോതാക്കൾ ഏറ്റുപാടി.വിവിധ് ഭാരതിയിലൂടെ ആ ഗാനങ്ങൾക്കൊപ്പം നദീം ശ്രാവൺ എന്ന പേരും ജനകോടികൾ ഹൃദിസ്ഥമാക്കി.
അതേവർഷം തന്നെ ‘ഫൂൽ ഓർ കാന്ടെ’ എന്ന ചിത്രത്തിലൂടെ ഹിറ്റുകൾ തുടർക്കഥയാക്കി ഇരുവരും.’പ്രേമി ആഷിക് ആവാരാ’ പാടാത്ത ഒരൊറ്റ കാമുകന്മാരുമുണ്ടായിരുന്നില്ല ആ കാലത്ത് എന്ന് തന്നെ പറയാം.തും സെ മിൽനെ കോ ദിൽ,ധീരേ ധീരേ പ്യാർ കോ ബാധാനാ ഹൈ’ സമീറും റാണി മാലിക്കും ആയിരുന്നുഗാനങ്ങൾ രചിച്ചത്. അതേ വർഷം തന്നെ സദക് എന്ന ചിത്രത്തിലും നദീം ശ്രാവൺ മാജിക് തുടർന്നു.
‘സോചെംഗേ തുമേ പ്യാർ’ കുമാർ സാനുവിന്റെ എവർ ഗ്രീൻ സോളോ എന്ന് പറയാവുന്ന ഈ ഗാനം 1992 ൽ ഇറങ്ങിയ ദീവാന എന്ന ചിത്രത്തിലേതായിരുന്നു.സമീർ ന്റെ വരികളും നദീം ശ്രാവണിന്റെ സംഗീതവും.കുമാർ സാനു-അൽകാ യാഗ്നിക് കൂട്ടുകെട്ടിന്റെ വസന്തം തുടങ്ങുന്നത് ഈ ചിത്രത്തിലെ ‘പായലിയാ ഹോ ഹോ ഹോ’ യിലൂടെയാണ്.വിനോദ് റാത്തോഡ് എന്ന ഗായകന് കരിയർ ബെസ്റ്റ് ഗാനമായ എസീ ദീവാന് കീ’ നൽകിയതും നദീം ശ്രാവൺ തന്നെ. 1994ൽ ‘ദിൽവാലെ’.നദീം ശ്രാവൺ കുമാർസാനു അൽക്ക യാഗ്നിക് ത്രയം തകർത്താടിയ വർഷമായിരുന്നു .കിത്നാ ഹസീന് ചെഹരാ,ജീതാ ഹൂം ജിസ് കെ ലിയേ, സാതോ ജനം തേരെ ലിയേ,ഏക് ഏസി ലഡ്കി ഹൈ.ഗുൽഷൻകുമാർ ന്റെ ടി സീരീസ് എന്ന ഓഡിയോ കാസറ്റ് കമ്പനി ഉന്നതിയിലേക്ക് കുതിച്ചത് ഈ കോമ്പിനേഷൻ കൊണ്ടായിരുന്നു എന്നത് പറയാതെ വയ്യ.
1995ൽ കപൂർ ഫാമിലിയിലെ സഞ്ജയ് കപൂർന്റെ അരങ്ങേറ്റ ചിത്രം രാജ.കേരളത്തിലെ ഓട്ടോറിക്ഷകൾ ഏറ്റെടുത്തപാട്ടുകളായിരുന്നു ആ സിനിമയിലേത്.’അഖിയോം മിലാ കഭി.നസ്ർ മിലി ദിൽ’ ഇന്നും 90 ബോയ്സിന്റെ ഫോൺ സ്റ്റോറേജിൽ കാണാം ഈ പാട്ടുകൾ.അത്രമേൽ ജനകീയമായിരുന്നു കേരളത്തിൽ ഈ പാട്ടുകൾ. ഉദിത് ആയിരുന്നു മുഖ്യഗായകൻ.നദീം ശ്രാവൺ പതിവ് ശൈലിയിൽനിന്നും വേറിട്ട് നിൽക്കുന്ന സംഗീതമായിരുന്നു രാജയിലേത്.ബാൻസുരി,സിത്താർ,ഷെഹ്‌നായി എന്നിവക്ക് പ്രാമുഖ്യം കൊടുത്തകൊണ്ടുള്ള ഓർക്കസ്ട്രേ ഷനായിരുന്നു ഇവരുടെ മുഖമുദ്രയെങ്കിൽ അതിൽ നിന്നും മാറി ചിന്തിക്കാൻ തുടങ്ങിയത് രാജയിലൂടെയാണെന്നു പറയാം.എ ആർ റഹ്‌മാൻ ഉയർത്തിവിട്ട ഇലക്ട്രോണിക് സംഗീതം തങ്ങൾക്കും പ്രാപ്യമാണ് എന്ന് തെളിയിക്കുയായിരുന്നു ‘രാജ’യിലൂടെ.അതേ വർഷമിറങ്ങിയ ‘ബർസാത്’ തങ്ങളുടെ സിഗ്നേച്ചർ ട്യൂണിലൂടെ തന്നെ ഹിറ്റാക്കി ഇവർ.കോംഗോ,തുമ്പ,ബോൻഗോ കോമ്പിനേഷൻ ഇത്രയും രസകരമായി ഉപയോഗിച്ച ഗാനങ്ങൾ പിൽകാലത്ത് ഉണ്ടായിട്ടില്ല എന്നുവേണം അനുമാനിക്കാൻ.
‘ബാബുൽ സുപ്രിയോ’ക്ക് ബ്രെക്ക് ത്രൂവായ ‘ഓ പിയാ ഓ പിയാ'(അഗ്നി സാക്ഷി)വിനോദ് റാത്തോഡ് ന്റെ ‘യാരാ ഓ യാര'(ജീത്ത്)എന്നിവക്കൊപ്പം രാജാ ഹിന്ദുസ്ഥാനിയിലെ ഗാനങ്ങളുമായി 1996 ൽ ബോളിവുഡ് അടക്കിവാണു.രാജാ ഹിന്ദുസ്ഥാനിയിലെ പർദേശി പർദേശി എന്ന ഗാനം ഇന്നും ട്രെയിൻ യാത്രകളിൽ ബോഗികളിൽനിന്നും ബോഗികളിലേക്ക് ഒഴുകിയെത്താറുണ്ട്.
1997 കാസറ്റ് രാജാവ് ഗുൽഷൻകുമാർ വധവുമായി ബന്ധപ്പെട്ട് നദീം കുറ്റാരോപിതനായപ്പോൾ അത് ഇരുവരുടെയും സംഗീത ജീവിതത്തിനു തന്നെ കളങ്കമായി.കേസുകളും പലായനവുമായി നദീം തളർന്നപ്പോൾ നെഞ്ചോട് ചേർത്തുപിടിച്ചു ശ്രാവൺ.
ആരോപണങ്ങൾ തീർത്ത നെരിപ്പോടുകളിൽ നിന്നാണ് ‘പർദേശിലെ ഗാനങ്ങൾ ഉതിർന്നു വീണതെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്.ഒരു പക്ഷേ തങ്ങൾക്കുള്ള അഗ്നിശുദ്ധിയാണ് ഈ ഗാനങ്ങൾ എന്ന് അവർ കരുതിയിരിക്കാം.’ദോ ദിൽ മില് രഹീ ഹൈ’ഇരുവർക്കുമിടയിൽ ആഴത്തിൽ വേരൂന്നിയ സ്നേഹത്തിന്റെ പ്രതിഫലനം തന്നെയാണല്ലോ.മേരി മെഹ്ബൂബ,യെ ദിൽ ദീവാന ഇവയൊക്കെ ക്യാമ്പസുകൾ ഏറ്റുപാടിയ പാട്ടുകളായിരുന്നു.പിന്നീടൊരുവർഷം നിശ്ശബ്ദതയുടേതായിരുന്നു.ആ നിശ്ശബ്ദതക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. ഹിന്ദി സംഗീതലോകം പതിയെ ഇവരുടെ കൈയിൽ നിന്നും വഴുതി മാറി.ആധുനിക സംഗീതലോകത്തിന് നദീം ശ്രാവൺ മാറി ആവശ്യമില്ലാതെയായിത്തുടങ്ങി.കഥയുടെ പ്ലോട്ടുകൾ മാറുന്നതിനനുസരിച്ചു സംഗീതത്തിലും മാറ്റങ്ങൾ വന്നുതുടങ്ങി.ഗോസിപ്പുകൾക്ക് പഞ്ഞമില്ലാതിരുന്ന ഹിന്ദി സിനിമാലോകത്ത് നദീം ശ്രാവൺ വേർപിരിഞ്ഞു എന്നൊരു കിംവദന്തിയും പരന്നു.ഇരുവരുടെയും നിശബ്ദത അതിനു ആക്കം കൂട്ടുകയും ചെയ്തു.പക്ഷേ അതിനെയെല്ലാം അതിജീവിച്ച് അവർ വീണ്ടും തിരിച്ചുവന്നു. പെഹ്‌ലി പെഹ്‌ലി ബാർ മുഹബത്ത് കീ ഹൈ,ദിൽബർ ദിൽബർ (സിർഫ് തും1999 )ദിൽനെ യെ കഹാ ഹൈ,തും ദിൽ കി ദഡ്കൻ(ദഡ്കൻ 2000 ) കിത്നി ബെചേന് ഹോഗി(കസൂർ 2001),ദിൽ ലഗാനേ കി(ഏക് റിസ്‌താ2001), ജോ ഭി കസംമ്നെ ഖായി(റാസ്2002) ,ദിൽ ഹൈ തുംഹാര, മൊഹബ്ബത്(ദിൽ ഹൈ തുംഹാര 2002). യേ ദിൽ അഷിക്കാനാ(2002). എങ്കിലും പഴയ മാജിക് തുടരാൻ ഈ കൂട്ടുകെട്ടിനായില്ല.ഹിമേഷ് രഷ്മിയ,അർജീത് സിംഗ് എന്നിവരുടെ ‘യോ യോ’ യുഗത്തിലേക്ക് ഹിന്ദി സിനിമ മാറിക്കഴിഞ്ഞിരുന്നു.2005 ൽ കാൽനൂറ്റാണ്ടിന്റെ ആ സംഗീതകൂട്ടുകെട്ട് വേർപിരിഞ്ഞു.ഇപ്പോൾ ജീവിതത്തിലും.