ഒരു വര്‍ഷം മുമ്പ് ആരംഭിച്ച കൊവിഡ് മഹാമാരി ചെറുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതയില്‍ അപരിഹാര്യമായ വിള്ളല്‍ വെളിപ്പെടുത്തിക്കൊണ്ട് രാജ്യത്തെ കൊവിഡ് രൂക്ഷ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ കിട്ടാതെ ജനങ്ങള്‍ ജീവന്‍ വെടിയുന്ന ദുരവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. രാജ്യതലസ്ഥാനത്തെ അപകടകരമായ സ്ഥിതി തിരിച്ചറിഞ്ഞ് ആദ്യമായി വിഷയത്തില്‍ ഇടപെട്ട ഡല്‍ഹി ഹൈക്കോടതിക്ക് ഇന്ത്യക്കാര്‍ നന്ദി പറയണം. കേന്ദ്രസര്‍ക്കാരിനെ നിശിതവിമര്‍ശനം കൊണ്ട് നാണിപ്പിച്ച കോടതി വിഷയം രാജ്യത്തിന്റെ സത്വര ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സഹായിച്ചു. ഡെല്‍ഹിക്ക് അനുവദിച്ച് 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ പൂര്‍ണമായും നല്‍കിയെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നു. വീഴ്ച വരുത്തിയാല്‍ സര്‍ക്കാര്‍ ക്രിമിനല്‍ നടപടി നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി പറഞ്ഞു.
ഓക്‌സിജനു വേണ്ടി ഡെല്‍ഹിയിലെ ആശുപത്രികള്‍ കോടതിയെ സമീപിച്ചിരിക്കയാണ്. ആശുപത്രികളില്‍ ഓക്‌സിജന്‍ മാത്രമല്ല, കിടക്കകളോ മരുന്നോ ഇല്ല. ഓരോ മണിക്കൂറിലും പത്തു പേര്‍ മരിക്കുന്നു എന്നാണ് മാധ്യമങ്ങള്‍ പുറത്തു വിടുന്ന കണക്ക്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മരണത്തിലേക്ക് നീങ്ങിയ കാഴ്ചയായിരുന്നു ഇന്നലെ, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ഉള്‍പ്പെടെ.
വേണ്ടത് 700 ടൺ , കിട്ടുന്നത് 378
ഡെല്‍ഹിക്ക് പ്രതിദിനം 700 ടണ്‍ ഓക്‌സിജന്‍ വേണമെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ ഇന്നലെ പറഞ്ഞത്. എന്നാല്‍ ്അനുവദിക്കപ്പെട്ടത് 378 ടണ്‍ മാത്രം. ഇപ്പോള്‍ 480 ടണ്‍ ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് അപര്യാപ്തമാണ്.
വ്യവസായത്തിനുപയോഗിക്കുന്ന ഓക്‌സിജന്‍ എടുത്തുപയോഗിക്കാനുള്ള നടപടി നീക്കണമെന്ന് ഡെല്‍ഹി ഹൈകോടതി ചൊവ്വാഴ്ച തന്നെ ആവശ്യപ്പെട്ടെങ്കിലും ഇതു വരെ നടപടിയാകാത്തത് കോടതിയെ ഇന്നലെ ക്ഷുഭിതമാക്കി. ഫയലുകള്‍ നീക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ ഫയലുകളുടെ കാര്യം ഞങ്ങള്‍ക്കറിയേണ്ട എന്ന് കോടതി പറഞ്ഞു. വ്യവസായ കേന്ദ്രങ്ങളിലെ ഓക്‌സിജന്‍ ആശുപത്രികളിലേക്ക് എത്തിച്ചാല്‍ ലോകം ഇടിഞ്ഞു വീഴുകയൊന്നുമില്ലെന്ന് കോടതി പറഞ്ഞു. ഓക്‌സിജന്‍ എത്തിച്ചില്ലെങ്കില്‍ സ്ഥിതി നരകതുല്യമായിരിക്കുമെന്നും ആശുപത്രികളില്‍ പ്രാണവായു കിട്ടാത്തപ്പോഴും ഉരുക്കു നിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയും കോടതി പരാമര്‍ശങ്ങള്‍ നടത്തി.
ദിനം പ്രതി രോഗികൾ കാൽ ലക്ഷം
രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകളുള്ള അഞ്ച് സ്ംസ്ഥാനങ്ങളില്‍ ഒന്നായി മാറിയിരിക്കയാണ് ഡെല്‍ഹി. കാല്‍ലക്ഷം രോഗികളാണ് കഴിഞ്ഞ ഒരാഴ്ചയായി ഓരോ ദിവസവും ഉണ്ടാകുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30-നു മുകളിലേക്ക് എത്തിയിരിക്കുന്നു. മരണനിരക്കും ഉയര്‍ന്ന് ദിവസവും 250 എന്ന ശരാശരിയില്‍ എത്തി നില്‍ക്കുന്നു. ശ്മശാനങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആം ആദ്മി എം.എല്‍.എ. വിലപിച്ചു
ആം ആദ്മി എം.എല്‍.എ. സൗരഭ് ഭരദ്വാജ് ആശുപത്രിക്കിടക്കയില്‍ നിന്ന് പുറത്തു വിട്ട വീഡിയോയില്‍ പറയുന്നത് താന്‍ അഡ്മിറ്റായ ആശുപത്രിയില്‍ ഇനി മൂന്നു മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമേ ഉള്ളൂ എന്നാണ്. ഓക്‌സിജന്റെ കനിവില്‍ മാത്രം ജീവിക്കുന്നത് ഒട്ടേറെപ്പേരാണ്. അതില്ലാതായാല്‍ മീനുകള്‍ ചത്ത് പൊങ്ങുന്നത് പോലെ മനുഷ്യരും ആകും. തന്റെ ഈ മാസ്‌ക് മാറ്റിയാല്‍ നീന്തല്‍ അറിയാത്ത ആളെ കുളത്തിലേക്ക് തള്ളിയിട്ട അവസ്ഥയാണെന്നും ശ്വാസത്തിനായി പിടയുകയാണെന്നും ഡെല്‍ഹിയിലെ ഭരണകക്ഷിയുടെ ജനപ്രതിനിധി തന്നെ ദയനീയമായി പറയുന്നു.
ഡെല്‍ഹിയിലെ പ്രശസ്തമായ ഗംഗാറാം ആശുപത്രിയില്‍ 510-ലേറെ കൊവിഡ് രോഗികളുണ്ടെന്നും 5 മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ മാത്രമേ ബാക്കിയുള്ളൂ എന്നും ആശുപത്രി അധികൃതര്‍ പറയുന്നു. 142 രോഗികള്‍ക്ക് കൂടിയ തോതിലുള്ള ഓക്‌സിജന്‍ പിന്തുണ ആവശ്യമുള്ള അവസ്ഥ ഇവിടെയുണ്ട്.
ഓക്സിജൻ അല്ല രണ്ട് അടി ആണ് കിട്ടാൻ പോകുന്നത്–കേന്ദ്ര മന്ത്രി
അതിനിടെ മറ്റൊരു വീഡിയോയും ജനത്തിന് ഞെട്ടലുണ്ടാക്കി. കേന്ദ്ര മന്ത്രി പ്രഹളാദ് പട്ടേല്‍ മധ്യപ്രദേശിലെ ദമോ ജില്ലാ ആശുപത്രിയില്‍ കൊവിഡ് രോഗിയുടെ ബന്ധു ഓക്‌സിജന്‍ കിട്ടുന്നില്ലെന്ന് പരാതിപ്പെട്ടപ്പോള്‍ നടത്തിയ പ്രതികരണം വിവാദമായിരിക്കയാണ്. അഞ്ച് മിനിട്ട് മാത്രമാണ് ഓക്‌സിജന്‍ കിട്ടിയതെന്നും ഇതിലും നല്ലത് കിട്ടാതിരിക്കുന്നതാണെന്നും പരാതി പറഞ്ഞപ്പോള്‍ നിങ്ങളുടെ സംസാര് ഇങ്ങനെയാണെങ്കില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ അല്ല, രണ്ട് അടിയാണ് കിട്ടാന്‍ പോകുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഈ ആശുപത്രിയിലെ ഓക്‌സിജന്‍ സംഭരണ മുറി കുത്തിത്തുറന്ന് ജനങ്ങള്‍ ഗത്യന്തരമില്ലാതെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ച സംഭവം ഉണ്ടായത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. ഇതോടെ ആശുപത്രിയുടെ പ്രവര്‍ത്തനവും താളം തെറ്റി. മധ്യപ്രദേശില്‍ പല ആശുപത്രികളും ഓക്‌സിജന്‍ ഇല്ലാതെ രോഗികള്‍ക്ക് നരകമായി മാറിയിരിക്കയാണ്.
ഉത്തര്‍പ്രദേശില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം
ഉത്തര്‍പ്രദേശില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം കൊണ്ട് ആശുപത്രികള്‍ ദയനീയ സ്ഥിതിയിലേക്കു പോകുകയാണ്. യു.പി.യില്‍ ഓക്‌സിജന്‍ ലഭ്യമാക്കാനായി ബൊക്കാറോ സ്റ്റീല്‍ പ്ലാന്റില്‍ നിന്നും ഓക്‌സിജന്‍ ശേഖരിക്കാന്‍ ഏര്‍പ്പാടാക്കിയ ട്രെയിന്‍ വാരാണാസി പിന്നിട്ടതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ഇന്നലെ രാത്രി പത്തു മണിക്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്രെയിനിന് സഞ്ചരിക്കാനായി ചുവന്ന സിഗ്നല്‍ എല്ലാം ഒഴിവാക്കി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓക്‌സിജന്‍ ക്ഷാമവാര്‍ത്ത ഉറക്കം കെടുത്തിയതോടെ ഇന്നലെയാണ് പ്രധാനമന്ത്രി നടപടികളുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഉല്‍പാദനം 3300 മെട്രിക് ടണ്‍ ആയി ഉയര്‍ത്താന്‍ പ്രധാനമന്ത്രി ഉന്നത തല യോഗം വിളിച്ചു ചേര്‍ത്ത് ആവശ്യപ്പെട്ടു.
ഡെല്‍ഹിയിലെ ഓക്‌സിജന്‍ കുറവ് പരിഹരിക്കാന്‍ വിമാനം വഴി ഒഡീഷയില്‍ നിന്നും ഓക്‌സിജന്‍ എത്തിക്കാന്‍ നീക്കം തുടങ്ങിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി. റോഡ് മാര്‍ഗം കൊണ്ടുവരുന്നത് അതിര്‍ത്തിയില്‍ സംസ്ഥാനങ്ങള്‍ തടയുന്നു എന്ന അവസ്ഥയുണ്ടെന്ന് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സംഭവത്തില്‍ ഇടപെടാന്‍ കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഓക്‌സിജന്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ സുഗമമായി കടന്നു വരാന്‍ നടപടി സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കയാണ്.