ഏഷ്യാനെറ്റ് ന്യൂസിന് പറ്റിയ നാക്കുപ്പിഴയില്‍ പ്രതിഷേധിച്ച് സി.പി.എം. കണ്ണൂര്‍ ജില്ലയിലെ ഏഷ്യാനെറ്റിന്റെ ജില്ലാബ്യൂറോയ്ക്കു മുന്നില്‍ പ്രതിഷേധപരിപാടി സംഘടിപ്പിക്കുന്നു. നാളെയാണ് പരിപാടി. നാക്കുപ്പിഴ അവര്‍ തന്നെ ന്യൂസില്‍ തിരുത്തിപ്പറഞ്ഞെങ്കിലും അതിനു മുമ്പേ ആദ്യവാര്‍ത്തയ്ക്ക് പ്രചാരം കിട്ടി എന്നതാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ കാരണം ചൂണ്ടിക്കാട്ടുന്നത്.
പാനൂരിലെ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ തിരഞ്ഞെടുപ്പുദിവസം രാത്രി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തിരിച്ചറിഞ്ഞ 12 പ്രതികളിലൊരാളായ രതീഷ് കൂലോത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം വിവാദമായിരിക്കെ, രതീഷിനു പിറകെ ശ്രീരാഗ് എന്ന മറ്റൊരു പ്രതിയെയും മരിച്ച നിലയില്‍ കണ്ടെത്തി എന്നാണ് ഏഷ്യാനെറ്റ് വാര്‍ത്തയില്‍ വായിച്ചത്. തെറ്റ് മനസ്സിലാക്കിയ റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ടിങിനിടയില്‍ തന്നെ വാര്‍ത്താവായനക്കാരിയെ തിരുത്തിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം ചാനല്‍ കാണിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും മുസ്ലീംലീഗുകാര്‍ ഈ വാര്‍ത്ത പരമാവധി പ്രചരിപ്പിച്ചു എന്നതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. അതേസമയം, വാര്‍ത്തയില്‍ സംഭവിക്കുന്ന ബോധപൂര്‍വ്വമല്ലാത്ത അബദ്ധങ്ങളുടെ പേരില്‍ മാധ്യമ ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുന്നത് തെറ്റായ നടപടിയാണെന്നും നാളെ ദേശാഭിമാനിയുടെയോ, കൈരളി ചാനലിന്റെയോ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്താന്‍ എതിരാളികള്‍ തയ്യാറായാല്‍ അത് ആരോഗ്യകരമായ കീഴ് വഴക്കമാണോ എന്നും ചോദ്യങ്ങള്‍ ഉയരുന്നുമുണ്ട്.
ശ്രീരാഗ് അറസ്റ്റിലായ കാര്യമാണ് ഏഷ്യാനെറ്റ് തെറ്റിപ്പറഞ്ഞത് എന്നാണ് കരുതുന്നത്. രതീഷ് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രദേശത്ത് തന്നെയാണ് ശ്രീരാഗ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഏപ്രില്‍ ആറാം തിയതി മന്‍സൂര്‍ ആക്രമിക്കപ്പെട്ട ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് കേസിലെ രണ്ടാം പ്രതിയായ രതീഷിനെ ചെക്യാട് അരൂണ്ടയിലെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ തൂങ്ങിമരണത്തിന്റെ സൂചനകള്‍ക്കപ്പുറം സംശയം ജനിപ്പിക്കുന്ന ചില തെളിവുകള്‍ രതീഷിന്റെ പ്രേതപരിശോധനാറിപ്പോര്‍ട്ടിലുണ്ട്. ഇത് സംഭവം കൂടുതല്‍ ദുരൂഹമാക്കിയിരിക്കയാണ്.