Categories
alert

ഇന്നത്തെ സർവ കക്ഷി യോഗ തീരുമാനങ്ങൾ 30 എണ്ണം സമഗ്രമായി വായിക്കൂ …

  1. നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന ഏകാഭിപ്രായമാണ് യോഗത്തിലുണ്ടായത്.

2. വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളോട് ജനങ്ങള്‍ നന്നായി സഹകരിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ വാരാന്ത്യത്തിലുള്ള പ്രത്യേക നിയന്ത്രണം തുടരും. അത്യാവശ്യ സര്‍വ്വീസുകള്‍ മാത്രമേ അന്നുണ്ടാകൂ.

3. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി നല്‍കിയിട്ടുണ്ട്.

thepoliticaleditor

4. സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ല, കടുത്ത നിയന്ത്രണങ്ങള്‍ സ്വീകരിക്കേണ്ടിവരും.

5. വോട്ടെണ്ണല്‍ നടക്കുന്ന മെയ് 2-നും അടുത്ത ദിവസങ്ങളിലും ആഹ്ലാദ പ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം എന്ന നിലപാടാണ് യോഗം ഏകകണ്ഠമായി സ്വീകരിച്ചത്.

6. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അതുമായി ബന്ധപ്പെട്ട ചുമതലകള്‍ ഉള്ളവര്‍മാത്രം പോയാല്‍ മതി. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുതെന്നാണ് തീരുമാനം.

7. വോട്ടെണ്ണുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിംഗ് ഏജന്‍റുമാര്‍ എന്നിവര്‍ക്കു മാത്രമെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാവൂ.

8. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനകം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം നെഗറ്റീവ് ആയവര്‍ക്കും മാത്രമായി വോട്ടെണ്ണല്‍ കേന്ദ്രത്തിലുള്ള പ്രവേശനം പരിമിതപ്പെടുത്തും. ഉദ്യോഗസ്ഥരായാലും ഈ നിബന്ധന പാലിച്ചിരിക്കണം.

9. എല്ലാവിധ ആള്‍ക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുക എന്നതാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും പ്രധാനം. അടച്ചിട്ട ഹാളുകളില്‍ രോഗവ്യാപനത്തിന് വലിയ സാധ്യത.

10. വിവാഹ ചടങ്ങുകള്‍ക്കും ഇപ്പോള്‍ 75 പേരെയാണ് പരമാവധി അനുവദിച്ചിട്ടുള്ളത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അത് 50ലേക്ക് ചുരുക്കാനാണ് ധാരണ.

11. വിവാഹം, ഗൃഹപ്രേവശം എന്നീ പരിപാടികള്‍ നടത്തുന്നതിന് മുന്‍കൂറായി കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രിജിസ്റ്റര്‍ ചെയ്യണമെന്ന് നിശ്ചയിച്ചിട്ടുണ്ട്.

12. മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ എന്ന് നിജപ്പെടുത്തണം. ഒരു കാരണവശാലും പരമാവധിയിലപ്പുറം പോകാന്‍ പാടില്ല.

13. ആരാധനാലയങ്ങളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമുണ്ട്. റമദാന്‍ കാലമായതുകൊണ്ട് പള്ളികളില്‍ പൊതുവെ ആളുകള്‍ കൂടാന്‍ സാധ്യതയുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ചെറിയ പള്ളികളാണെങ്കില്‍ എണ്ണം ഇതിലും ചുരുക്കേണ്ടിവരും.
ഇക്കാര്യം ജില്ലാകളക്ടര്‍മാര്‍ അതാതിടത്തെ മതനേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കണം.

14. നമസ്കരിക്കാന്‍ പോകുന്നവര്‍ പായ സ്വന്തമായി കൊണ്ടുപോകുന്നതാണ് നല്ലത്. ദേഹശുദ്ധിവരുത്തുന്നതിന് ടാങ്കിലെ വെള്ളത്തിനു പകരം പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയങ്ങളില്‍ ഭക്ഷണവും തീര്‍ത്ഥവും നല്‍കുന്ന സമ്പ്രദായം തല്‍ക്കാലത്തേക്ക് ഒഴിവാക്കണം.

15. സിനിമ തിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്ബ്, സ്പോര്‍ട്സ് കോംപ്ലക്, നീന്തല്‍ കുളം, വിനോദ പാര്‍ക്ക്, ബാറുകള്‍, വിദേശമദ്യ വില്‍പ്പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം വേണ്ടെന്നു വയ്ക്കേണ്ടിവരും.

16. എല്ലാ യോഗങ്ങളും ഓണ്‍ലൈന്‍വഴി മാത്രമേ നടത്താവൂ. സര്‍ക്കാരുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ഇപ്പോള്‍ തന്നെ പൂര്‍ണമായും ഓണ്‍ലൈനിലാണ്.

17. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ ഹാജരായാല്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്.

18. ആരോഗ്യം, റവന്യൂ, പോലീസ് എന്നീ വകുപ്പുകളും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളും എല്ലാദിവസവും നിര്‍ബന്ധമായും പ്രവര്‍ത്തിക്കണം.

19. സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെ എണ്ണം കഴിയാവുന്നത്ര പരിമിതപ്പെടുത്തണം.

20. ജനിതകമാറ്റം വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിന്‍റെ പലഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. അത്തരം പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടിവരും.

21. ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാവിധ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ പരിപാടികളും മതപരമായ ചടങ്ങുകളും ഒഴിവാക്കണം.

22. രാത്രി 9 മണിമുതല്‍ പുലര്‍ച്ച 5 മണിവരെയുള്ള രാത്രികാല നിയന്ത്രണം ഏപ്രില്‍ 20 മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്നിട്ടുണ്ട്. ഈ സമയങ്ങളില്‍ ഒരു തരത്തിലുള്ള ഒത്തുചേരലും പാടില്ല. എന്നാല്‍, അവശ്യസേവനങ്ങള്‍ക്കും ആശുപത്രികള്‍, മരുന്നു ഷോപ്പുകള്‍, പാല്‍വിതരണം, മാധ്യമങ്ങള്‍ എന്നിവക്കും ഈ നിയന്ത്രണത്തില്‍ നിന്നും ഒഴിവ് നല്‍കിയിട്ടുണ്ട്.

23. കടകളും റസ്റ്റോറണ്ടുകളും രാത്രി 7.30 വരെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആ നിയന്ത്രണം തുടരേണ്ടിവരും. എന്നാല്‍, രാത്രി 9 മണിവരെ റസ്റ്റോറണ്ടുകളില്‍ ഭക്ഷണം പാഴ്സലായി നല്‍കാവുന്നതാണ്.

24. കടകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കണം. കഴിയുന്നത്ര ഹോം ഡെലിവറി നടത്താന്‍ സ്ഥാപനങ്ങള്‍ തയ്യാറാകണം.

25. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ചുരുക്കണമെന്ന ആവശ്യം പരിശോധിക്കും

26. അതിഥി തൊഴിലാളികള്‍ക്കു വേണ്ടി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറക്കും. അതിഥി തൊഴിലാളികള്‍ അവര്‍ ഇപ്പോഴുള്ള ജില്ലകളില്‍ തന്നെ തുടരട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്.

27. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിയന്ത്രിക്കുന്നതിനും ഏകീകരിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേകമായി പരിശോധിക്കും.

28. ജയിലുകളില്‍ കോവിഡ് പടരുന്നത് കണക്കിലെടുത്ത് പ്രത്യേകമായി പരോള്‍ നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിക്കും. എന്നാല്‍, എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്.

29. ആര്‍ടിപിസിആര്‍ ടെസ്റ്റിന്‍റെ ഫലം വൈകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.

30. ഇഎസ്ഐ ആശുപത്രികളെകൂടി കോവിഡ് ചികിത്സയുടെ ഭാഗമാക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് പരിശോധിക്കും.

Spread the love
English Summary: ALL PARTY MEETING DECISSIONS DEATAILS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick