ഗവര്‍ണര്‍മാര്‍ അല്‍പം ആത്മ പരിശോധന നടത്തണമെന്നും അവര്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളല്ലെന്ന് ഓര്‍മ്മ വേണമെന്നും കോടതിയില്‍ എത്തുന്നതുവരെ എന്തുകൊണ്ടാണ് ഗവര്‍ണര്‍മാര്‍ ബില്ലുകളിന്‍മേല്‍ നടപടി സ്വീകരിക്കാതെയിരിക്കുന്നതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്. പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ ഒപ്പിടാതെ തടഞ്ഞു വെച്ചതിനെതിരായി പഞ്ചാബ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. സുപ്രീംകോടതിയുടെ മുമ്പാകെ വരുന്നതിനു മുമ്പേ തന്നെ ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ നടപടിയെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെ സമാന പരാതികള്‍ വെള്ളിയാഴ്ച കേള്‍ക്കാമെന്നും കോടതി അറിയിച്ചു.
കോടതിയുടെ മുമ്പാകെ വരുന്നതിനു മുമ്പു തന്നെ ബില്ലുകളില്‍ നടപടി എടുത്തതായി പഞ്ചാബ് ഗവര്‍ണര്‍ക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത അറിയിച്ചെങ്കിലും പുതിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേത്തയോട് കോടതി നിര്‍ദ്ദേശിച്ചു.
“വിഷയം സുപ്രിംകോടതിയിൽ എത്തുന്നതിന് മുമ്പ് തന്നെ ഗവർണർമാർ നടപടിയെടുക്കണം. വിഷയങ്ങൾ സുപ്രീംകോടതിയിൽ എത്തുമ്പോൾ മാത്രം ഗവർണർമാർ നടപടിയെടുക്കുമ്പോൾ ഇത് അവസാനിക്കണം. ഗവർണർമാർക്ക് അൽപ്പം ആത്മ പരിശോധന ആവശ്യമാണ്, അവർ ജനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളല്ലെന്ന് അവർ അറിഞ്ഞിരിക്കണം.”–ജസ്റ്റിസുമാരായ ജെബി പർദിവാലയും മനോജ് മിശ്രയും പറഞ്ഞു.
കേരളത്തിന്റെ അവസ്ഥയ്ക്ക് സമാനമായി മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാരുമായി ഗവർണർ നിരന്തരം ഏറ്റുമുട്ടുകയാണ് . നിയമസഭ പാസ്സാക്കിയ ബില്ലുകൾ ഒപ്പിടാതെ നിരന്തരമായി വെച്ചു താമസിപ്പിക്കുകയാണ് ഗവർണർ പുരോഹിത് . പഞ്ചാബ് ഫിസ്‌ക്കൽ റെസ്‌പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്‌മെന്റ് (ഭേദഗതി) ബിൽ 2023, പഞ്ചാബ് ചരക്ക് സേവന നികുതി (ഭേദഗതി) ബിൽ 2023, ഇന്ത്യൻ സ്റ്റാമ്പ് (പഞ്ചാബ് ഭേദഗതി) ബിൽ 2023 എന്നിവയുടെ അംഗീകാരം ഗവർണർ പുരോഹിത് തടഞ്ഞിരുന്നു. ഇതിനെതിരെ ആണ് സർക്കാർ ഹർജി നൽകിയത്.