നേമം കോണ്‍ഗ്രസിന് ഒരു കീറാമുട്ടിയാണെന്ന തോന്നല്‍ ജനത്തിനിടയില്‍ കോണ്‍ഗ്രസ് തന്നെ ഉണ്ടാക്കി വെച്ചിരിക്കുന്നു. മാത്രമല്ല, ബി.ജെ.പി.യുടെ ഏക സിറ്റിങ് സീറ്റില്‍ അവരെ കോണ്‍ഗ്രസ് പേടിക്കുകയാണെന്നും മുതിര്‍ന്ന നേതാക്കള്‍ പോലും അറച്ചു നില്‍ക്കുകയാണെന്നും പരസ്യമായി സമൂഹത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഇതില്‍പരം ആത്മഹത്യപരമായ നിലപാട് കോണ്‍ഗ്രസ് അടുത്ത കാലത്തൊന്നും കേരളത്തില്‍ സ്വീകരിച്ചിട്ടില്ല. ബി.ജെ.പി.ക്ക് സൗജന്യമായി കേരളത്തില്‍ കിട്ടിയ ഏറ്റവും വലിയ പ്രചാരണവുമാണ് നേമത്ത് അവര്‍ അജയ്യരാണെന്ന് വരുത്താന്‍ കോണ്‍ഗ്രസ് സഹായിച്ചു എന്നത്.
ഇടതുമുന്നണി എല്ലാ സീറ്റുകളെയും പോലെയല്ല നേമത്തെ കാണുന്നതെങ്കിലും അവര്‍ സ്വാഭാവികമായും സ്ഥാനാര്‍ഥിപട്ടികയില്‍ ജയിക്കാനായി നിര്‍ത്തുന്ന ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ വി.ശിവന്‍കുട്ടിയെ പ്രഖ്യാപിച്ചതിലൂടെ ബി.ജെ.പി. തങ്ങള്‍ക്ക് വലിയൊരു ബാലികേറാമല ഒന്നുമല്ല എന്ന സന്ദേശം തന്നെയാണ് ജനത്തിന് നല്‍കിയത് എന്നു പറയാം. ഈ യു.ഡി.എഫ്.
എന്തൊക്കെയാണ് കളിച്ചതെന്നു നോക്കൂ. സാക്ഷാല്‍ ഉമ്മന്‍ചാണ്ടി തന്നെ നേമത്ത് പോരാട്ടം നയിക്കുമെന്ന് ഒരു ദിവസം. അടുത്ത ദിവസം പറയുന്നു ചാണ്ടി വരില്ല. തോറ്റു പോകുമെന്ന ഭയം. പിന്നെ ചെന്നിത്തല, മുല്ലപ്പള്ളി, ശശി തരൂര്‍, കെ.മുരളീധരന്‍–പലരെ പരിഗണിക്കുന്നതായി വാര്‍ത്ത വരുത്തുന്നു. എല്ലാവരും പിന്‍മാറിയെന്ന് പിറകെ. നേമത്ത് മല്‍സരിച്ചാല്‍ അയാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ഹൈക്കാമാന്‍ഡിന്റെ ഉണക്കമീന്‍ കഷണം. എന്നിട്ടും പൂച്ച വീണില്ലെന്ന് പിറകെ വാര്‍ത്ത. ഇതെല്ലാം ആര്‍ക്കാണ് ഗുണമുണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് ചിന്തിക്കുന്നുണ്ടാവുമോ എന്നറിയില്ല. ബി.ജെ.പി.യെ പേടിച്ച് നേതാക്കള്‍ വരാന്‍ മടിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കാന്‍ മാത്രമാണ് ഇത്തരം കോണ്‍ഗ്രസ് പ്രചാരണഗുണ്ടുകള്‍ സഹായകമായി തീര്‍ന്നത്. ഈ ഉള്‍ഭയവും പ്രചരിപ്പിച്ച ശേഷമാണ് കോണ്‍ഗ്രസ് നിരന്തരം പറയുന്നത് തങ്ങളാണ് ബി.ജെ.പി.യെ സധൈര്യം എതിര്‍ക്കാന്‍ തുനിയുന്നതെന്ന്!!

ശക്തനായ സ്ഥാനാര്‍ഥി വരും എന്നിങ്ങനെ വെറുതെ പറഞ്ഞ് ഒടുവില്‍ എന്ത് സംഭവിക്കും എന്ന് കണ്ടറിയേണ്ടി വരും. കോണ്‍ഗ്രസ് ശരിക്കും ചെയ്യേണ്ടിയിരുന്നത് ആദ്യമേ നേമത്തെ ശക്തനായ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് രംഗത്തു വരികയായിരുന്നു. അതോടെ അവര്‍ അവകാശപ്പെടുന്ന, ബി.ജെ.പി. വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിയിലാണ് തങ്ങള്‍ എന്ന് കേരളീയ സമൂഹത്തെ തോന്നിപ്പിക്കാനും കഴിയുമായിരുന്നു.
നേമത്ത് തങ്ങള്‍ അജയ്യരാണെന്ന് ബി.ജെ.പി. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മുതലെടുത്ത് പ്രഖ്യാപിച്ചു കഴിഞ്ഞു. സി.പി.എമ്മും ബി.ജെ.പി.യും തമ്മിലാണ് നേമത്തെ പോരാട്ടം എന്നും, കോണ്‍ഗ്രസ് പേടിച്ചു നില്‍ക്കുകയാണ് എന്നും ബി.ജെ.പി. പ്രചരിപ്പിക്കുകയും ചെയ്യുന്നു.