കൊണ്ടോട്ടിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കെതിരെ ഉയര്‍ന്ന വിവാദം രസകരമായിരുന്നു. നാമനിര്‍ദ്ദേശ പത്രികയില്‍ ചില കാര്യങ്ങള്‍ മറച്ചു വെച്ചു എന്നായിരുന്നു ആരോപണം. അത് മറ്റൊന്നുമല്ല, നാട്ടില്‍ ഭാര്യയുള്ളതിനു പുറമേ, പാകിസ്താന്‍ കാരിയായ ഒരു ഭാര്യ കൂടിയുണ്ട് സ്ഥാനാര്‍ഥിക്ക്. അത് പത്രികയില്‍ പറയാതെ മറച്ചു വെച്ചു!.
കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ്. സ്വതന്ത്രന്‍ കെ.പി.സുലൈമാന്‍ ഹാജിയുടെ പത്രിക തള്ളണമെന്ന് യു.ഡി.എഫ്. തര്‍ക്കമുന്നയിച്ചത് ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു.
സുലൈമാന്‍ ഹാജിക്ക് പാകിസ്താനിലെ റാവല്‍പിണ്ടി സ്വദേശിനിയായ, ഇപ്പോല്‍ ഗള്‍ഫില്‍ താമസിക്കുന്ന ഒരു സ്ത്രീ ഭാര്യയായി ഉണ്ട് എന്നതാണ് മുസ്ലീംലീഗ് ഉന്നയിച്ച പരാതി. ഹിറാ മുഹമ്മദ് സഫ്ദര്‍ എന്നാണ് ഇവരുടെ പേര് എന്നും പാസ്‌പോര്‍ടിന്റെ കോപ്പി ഹാജരാക്കി ലീഗ് പറയുന്നു. ഇക്കാര്യം സംബന്ധിച്ച് സുലൈമാന്‍ ഹാജി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
സത്യവാങ്മൂലത്തില്‍ ജീവിതപങ്കാളിയുടെ വിവരങ്ങളും ചില സ്വത്തു വിവരങ്ങളും പറഞ്ഞില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ്. പരാതി നല്‍കിയത്.
തിങ്കളാഴ്ച രാവിലെ മണിക്കൂറുകളോളം നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വരണാധികാരി പത്രിക സാധുവാണെന്ന് തന്നെ തീരുമാനിച്ചു.
നാട്ടിലെയും പാകിസ്താനിലെയും ഭാര്യമാരുടെ സ്വത്തു വിവരങ്ങള്‍ മറച്ചു വെക്കുകയും ജീവിതപങ്കാളിയെ പറ്റിയുള്ള കോളത്തില്‍ ബാധകമല്ല എന്ന് എഴുതുകയും ചെയ്തു എന്നാണ് യു.ഡി.എഫിന്റെ പരാതി. എന്നാല്‍ ഇത് വ്യക്തിഹത്യയാണെന്നാണ് ഇടതുമുന്നണിയുടെ മറുപടി. പത്രിക തള്ളാതിരുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് യു.ഡി.എഫും ആരോപിക്കുന്നു.
ഗുരുവായൂരിലും തലശ്ശേരിയിലും എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ പത്രികകള്‍ തള്ളിയത് ഒപ്പ് ഇല്ല എന്ന സാങ്കേതിക അപാകത കാരണമാണെന്നും സുലൈമാന്‍ ഹാജിയുടെത് കൂടുതല്‍ ഗുരുതരമായ ഒന്നാണെന്നുമാണ് പരാതിയിലെ പ്രധാന വിഷയം. വ്യക്തിയുടെ വിവരങ്ങള്‍ മറച്ചു വെച്ചു, അവരുടെ സ്വത്തു വിവരങ്ങള്‍ മറച്ചു വെച്ചു എന്നിവ വളരെ ഗുരുതരമായ കുറ്റമാണ് എന്നതാണ് ചര്‍ച്ചയാകുന്ന കാര്യം.