തലശ്ശേരി, ഗുരുവായൂര്‍, ദേവീകുളം എന്നീ നിയോജകമണ്ഡലങ്ങളിലെ ബി.ജെ.പി.-എന്‍.ഡി.എ. സ്ഥാനര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതില്‍ തല്‍ക്കാലം ഇടപെടാനാവില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഇതു സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളി. പരാതിയുണ്ടെങ്കില്‍ തിരഞ്ഞെടുപ്പിനു ശേഷം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതിയില്‍ നിന്നുണ്ടായ തിരിച്ചടി ബി.ജെ.പി.ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.
തലശ്ശേരിയില്‍ എന്‍. ഹരിദാസിന്റെയും ഗുരുവായൂരില്‍ നിവേദിത സുബ്രഹ്മണ്യന്റെയും ദേവികുളത്ത് ആർ.എം. ധനലക്ഷ്മിയുടെയും പത്രികകളാണ് തള്ളിയത്. ഇതോടെ ഈ മൂന്നു മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ഥിയില്ലാത്ത അവസ്ഥയായി.
പത്രിക തള്ളിയതിനെതിരെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.