കെ.പി.സി.സി. വൈസ് പ്രസിഡണ്ടും കോണ്‍ഗ്രസിലെ സീനിയറായ വനിതാ നേതാവും മുന്‍ എം.എല്‍.എ.യുമായ കെ.സി.റോസക്കുട്ടി ടീച്ചര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. അവര്‍ സി.പി.എമ്മില്‍ ചേരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയോടെയാണ് റോസക്കുട്ടി തീരുമാനം പ്രഖ്യാപിച്ചത്. എ.ഐ.സി.സി. അംഗത്വം ഉള്‍പ്പെടെ രാജിവെക്കുന്നതായി അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചിരുന്നു.. കോണ്‍ഗ്രസില്‍ ഇതു വരെ സംസ്ഥാനത്തു മാത്രമേ ഗ്രൂപ്പുണ്ടായിരുന്നുള്ളൂ, എന്നാല്‍ ഇപ്പോള്‍ അഖിലേന്ത്യാ കോണ്‍ഗ്രസിലും ഗ്രൂപ്പുകളിയാണെന്ന് റോസക്കുട്ടി ആരോപിച്ചു. കോണ്‍ഗ്രസിന് വര്‍ഗീയകക്ഷികളെ ചെറുക്കാനുള്ള ശേഷി ഇല്ലാതായിരിക്കുന്നു എന്നും അവര്‍ ആരോപിച്ചു.
വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്നും തുടര്‍ച്ചയായി നേതാക്കള്‍ വിട്ടുപോയിക്കൊണ്ടിരിക്കയാണ്. മാര്‍ച്ച് മൂന്നിനാണ് കെ.പി.സി.സി. ജനറല്‍സെക്രട്ടറിയായിരുന്ന എം.എസ്.വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ഇടതുപക്ഷവുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. അദ്ദേഹം പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരിക്കയാണ്. ഇദ്ദേഹത്തെ കൂടാതെ വേറെ മൂന്ന് പ്രമുഖ നേതാക്കളും പാര്‍ടിയെ കൈയ്യൊഴിഞ്ഞിരുന്നു. കെ.പി.സി.സി. മുന്‍ അംഗം കെ.കെ.വിശ്വനാഥന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.കെ.അനില്‍, മഹിള കോണ്‍ഗ്രസ് നേതാവ് സുജയ വേണുഗോപാല്‍ എന്നിവരും പാര്‍ടി വിടുകയുണ്ടായി.
ഇത്തവണ വയനാട്ടില്‍ ഒരു സീറ്റില്‍ പോലും യു.ഡി.എഫ്. ജയിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു പ്രീ-പോള്‍ സര്‍വ്വെയില്‍ പറയുന്നത്.നിയമസഭാ തിരഞ്ഞെടപ്പില്‍ റോസിക്കുട്ടിയെപ്പോലുള്ള സീനിയര്‍ നേതാക്കളെ തഴഞ്ഞത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു.