കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായ ‘കോ വാഡിസ് ഐഡ, കാണാൻ നല്ല തിരക്കായിരുന്നു. പുരുഷ ശീലങ്ങളുടെ രചനയിൽ രൂപപ്പെടുന്ന സിനിമകളായിരുന്നു നമ്മുടെ മികച്ച സ്ത്രീപക്ഷ സിനിമകൾ ആയി പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ അത്തരം നടപ്പു രീതികളെയൊക്കെ അട്ടിമറിച്ചാണ് കോ വാ ഡിസ് ഐഡ ഒരു സ്ത്രീക്ക് സംവിധാനം നിർവഹിക്കേണ്ടി വന്നത്. ആത്മാർത്ഥമായ അത്തരം ഇടപെടലുകൾ സിനിമയുടെ ദർശനത്തെ കൂടുതൽ മികവുറ്റതാക്കി മാറ്റുന്നു.യുദ്ധത്തിൽ ഒരു സ്ത്രീയുടെ അവസ്ഥ എന്താണ് ?അതിനിടയിൽ സ്ത്രീക്ക് എന്താണ് കാര്യം? യുദ്ധം ചെയ്യുന്നത് പുരുഷന്മാരല്ലേ.എന്നാൽ അതിനിടയിൽ ഒരു സ്ത്രീക്ക് എന്തെല്ലാം നരകയാതനകൾ അനുഭവിക്കേണ്ടി വരുന്നുണ്ട്.അത്തരം ഒരു സ്ത്രീയാണ് ഈ സിനിമയുടെ ജീവൻ.
1995 ജൂലൈ മാസം സെബ്രെനീറ്റ്സയിൽ നടന്ന കൂട്ടക്കൊലയാണ് സിനിമയ്ക്ക് ആധാരം. എണ്ണായിരത്തോളം മുസ്ലിം പുരുഷന്മാരെ കൊന്നൊടുക്കിയ ഒരു വംശഹത്യയുടെ ഭീകരത തുറന്നുകാണിക്കുകയാണ് സിനിമ.
കാൽനൂറ്റാണ്ടു പിന്നീട്ട ഒരു കൂട്ടക്കൊലയുടെ ചരിത്രം ഇതുവരെ അഭ്രപാളികളിലെത്താതിരുന്നത് എന്തുകൊണ്ടാണെന്നും ആ വിഷയം ഒരു ചലച്ചിത്രമായി പരിണമിപ്പിക്കാൻ ഒരു സംവിധായിക തന്നെ മുന്നോട്ടു വരേണ്ടി വന്നു എന്നതും സിനിമയുടെ മേന്മയാണ്. ബോസ്നിയൻ സൈന്യം പത്തു ദിവസത്തിനുള്ളിലാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയത്. പൗരത്വ നിയമഭേദഗതിക്കെതിരെ നമ്മുടെ രാജ്യമെങ്ങും പോരാട്ടം നടന്നത് ഏത് ലക്ഷ്യത്തിനു വേണ്ടിയാണോ എന്ന് വീണ്ടും വീണ്ടും ഗൗരവമായി നമ്മൾ ചർച്ച ചെയ്യപ്പെടേണ്ടി വരുമെന്ന് ഈ സിനിമ നമ്മെ ബോധ്യപ്പെടുത്തുന്നു. വംശീയമായ ഉന്മൂലനമാണ് ലക്ഷ്യമെങ്കിൽ മാർഗം അതിലും ഭീകരമായിരുന്നു.
ദിസ് ഈസ് നോട്ട് എ
ബറിയൽ….ഇറ്റ്സ് എ റിസറക്ഷൻ
മേളയിൽ ശ്രദ്ധപിടിച്ചുപറ്റിയ മറ്റൊരു സിനിമയാണ് ദക്ഷിണാഫ്രിക്കൻ ചലച്ചിത്രമായ ദിസ് ഈസ് നോട്ട് എ ബറിയൽ.ഇറ്റ്സ് എ റിസറക്ഷൻ. ഒരു വന്ദ്യവയോധിക മരണത്തിന് കീഴടങ്ങുന്നതിന് മുമ്പായി അനുഭവിക്കുന്ന ആകുലതകൾ ആദ്യം നമ്മെ സംഘർഷത്തിലേക്ക് തള്ളിവിടുമെങ്കിലും പതുക്കെപ്പതുക്കെ അതിൽ നിന്നുള്ള മോചനമാണ് സിനിമ.
മകൻ്റെ മരണശേഷം ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്ത
മൻ്റോവ എന്ന വൃദ്ധ പതുക്കെ തീരുമാനത്തിൽനിന്ന് പിന്മാറുകയാണ്. തീരുമാനത്തിന് പിറകിൽ ഒരു നിശ്ചയദാർഢ്യം ഉണ്ട്. ജീവിതം മാത്രമല്ല ജീവിതം കെട്ടിപ്പടുക്കുന്ന ചുറ്റുപാടുകളും മണ്ണും പ്രകൃതിയും എല്ലാം സംരക്ഷിക്കപ്പെടണം.
ഭരണകൂടം വാസസ്ഥലത്തെ ഇല്ലാതാക്കി ഒരു ഡാം നിർമ്മിക്കാനായി പുറപ്പെടുമ്പോൾ അതിനെതിരെ ചെറുത്തുനിൽപ്പ് നടത്തുകയാണ് മൻ്റോവ. ഒരുപക്ഷേ മരണക്കയത്തിൽ നിന്ന് തിരിച്ചുവരാനും ജീവിതത്തെ പുനർനിർമിക്കാനുമുള്ള ഉറച്ച തീരുമാനത്തിനു പിന്നിൽ മൻ്റോവയുടെ കാഴ്ചപ്പാടുകളാണ്. മേളയുടെ ആദ്യദിനത്തിൽ ഡിയർ കോമ്രേഡ്സ്,
വേസ്റ്റ് ലാൻഡ് ,ഗോദാർദിൻ്റെ ബ്രെത്ത് ലെസ്, യെല്ലോ കാറ്റ്, ദേർ ഈസ് നോ ഈ വിൾ തുടങ്ങിയ സിനിമകളും ശ്രദ്ധേയമായി.