ഈ വേനലിൻ്റെ കൊടും ചൂടിന് കുടപിടിക്കാൻ തുടങ്ങുന്ന മാർച്ച് ഒന്നിനു തന്നെയാണ് പാലക്കാട് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു തുടക്കമായത്. സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിക്കഴിഞ്ഞു മേളയുടെ ഈ സമാപന എഡിഷൻ. ചിനക്കത്തൂർ പൂരവും വായില്ല്യാംകുന്ന് പൂരവും പിന്നിട്ട പാലക്കാട്ട്ഈ വേനലിൽ ഇനിയും പൂരങ്ങൾ ഏറെ വരാനുണ്ട്. അതിനിടെയാണ് ലോക സിനിമകളുടെയും ഇന്ത്യൻ സിനിമകളുടെയും കാഴ്ചയുടെ മറ്റൊരു പൂരം.

അഞ്ചു സിനിമ തിയേറ്ററുകളിലായി തിങ്കളാഴ്ച മുതൽ ഫെസ്റ്റിവൽ ആരംഭിച്ചു. പാലക്കാടൻ ഗ്രാമീണതയ്ക്ക് അധികം കണ്ടുപരിചയിച്ച കാഴ്ച ശീലമല്ല ചലച്ചിത്രമേളയുടേത്. നിരവധി സിനിമാ ലൊക്കേഷനുകളുടേയും ചലച്ചിത്ര സംവിധായകരുടെയും അഭിനേതാക്കളുടേയും തട്ടകമായ പാലക്കാടിന് പക്ഷേ ഒരു അംഗീകൃത ചലച്ചിത്രമേള എന്നും അന്യമായിരുന്നു .കോവിഡ് പശ്ചാത്തലത്തിൽ നമ്മുടെ തിരുവനന്തപുരം മേളയെ വിഭജിച്ചു നാലാക്കിയപ്പോൾ അവസരം കൈവന്നത് പാലക്കാടും തലശ്ശേരിയും ഉൾപ്പെടുന്ന
ചെറുനഗരങ്ങൾക്കാണ്.


വിമർശനങ്ങൾ ഏറെ നേരിട്ടിരുന്നുവെങ്കിലും വികേന്ദ്രീകൃതമായി മേള നടത്തുന്നതിൻ്റെ നേട്ടം പാലക്കാട് പ്രേക്ഷകർക്ക് ലഭിച്ചു എന്നുവേണം ആദ്യദിവസത്തെ തീയേറ്ററുകളിലെ തിരക്ക് സൂചിപ്പിക്കുന്നത്.
ചലച്ചിത്ര അക്കാദമി ചെയർമാനും ഫെസ്റ്റിവൽ ഡയറക്ടറുമായ സംവിധായകൻ കമലാണ് ചലച്ചിത്രമേള ആരംഭിച്ചതായി ഔപചാരിക പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ പ്രശസ്ത സംവിധായകൻ ഗൊദാർദിൻ്റെ ആശംസ അടങ്ങിയ വീഡിയോ പ്രദർശിപ്പിച്ചു. കലാമണ്ഡലം ശിവൻ നമ്പൂതിരി ,ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീനാ പോൾ, എൻ എഫ് ഡി സി മുൻ ഡയറക്ടർ പി പരമേശ്വരൻ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡൻറ് കെ നന്ദകുമാർ സംഘാടക സമിതി കൺവീനർ ടി.ആർ. അജയൻ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ജില്ലാ കളക്ടർ മൃൺമയി ജോഷി ശശാങ്ക് തുടങ്ങിയവർ പങ്കെടുത്തു.

ഐ എഫ് എഫ് കെ 25 വർഷം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി നടന്ന ചരിത്ര ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യാനായി സംവിധായകൻ ലാൽജോസ് എത്തിയിരുന്നു. ചടങ്ങിൽ മുൻ എം.പി എം ബി രാജേഷും പങ്കെടുത്തു സംവിധായകൻ വിപിനും എത്തിയിരുന്നു.