സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിപ്പോയതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സി.പി.എം. രംഗത്തെത്തുമ്പോള്‍ ചില പൊതുസമാനതകള്‍ ശ്രദ്ധേയമാകുന്നു. മൂന്നു മണ്ഡലങ്ങളും ഇടതുപക്ഷത്തിന്റെ സ്വന്തം ഇടങ്ങളാണ്.
തലശ്ശേരി എക്കാലത്തും ഒരു സി.പി.എം.മണ്ഡലമാണ്. 2016-ല്‍ എ.എന്‍.ഷംസീര്‍ ജയിച്ചത് 34,117 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. അവിടെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വി.കെ.സജീവന്‍ അന്ന് പിടിച്ചത് 22,125 വോട്ടുകളായിരുന്നു. അവിടെ കോണ്‍ഗ്രസിന്റെ എ.പി. അബ്ദുള്ളക്കുട്ടിക്ക് 36,624 വോട്ട് മാത്രമാണ് കിട്ടിയത്. അതിനു കാരണം ഒരു തരത്തിലും സ്വീകാര്യതയോ വിശ്വാസ്യതയോ ഇല്ലാത്ത സ്ഥാനാര്‍ഥിയായിരുന്നു അബ്ദുള്ളക്കുട്ടി എന്നതു കൊണ്ടു കൂടിയാണ്.
ഇത്തവണ ത്രികോണ മല്‍സരത്തില്‍ നിന്നും ബി.ജെ.പി. ഇല്ലാതാകുമ്പോള്‍ നേര്‍ക്കുനേര്‍ പോരാട്ടം കടുത്തതാകും.


കാല്‍ലക്ഷത്തിനടുത്ത് ബി.ജെ.പി. വോട്ടുകളുടെ ഡീല്‍ ആണ് പ്രധാനം. തലശ്ശേരിയുടെ കമ്മ്യൂണിസ്റ്റ് കുത്തക തകര്‍ക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പി.യും രഹസ്യമായി ഒന്നിക്കുകയാണെങ്കില്‍ സി.പി.എം. സമ്മര്‍ദ്ദത്തിലാകും. എന്നാല്‍ അത്രയും നേര്‍രേഖയില്‍ കാര്യങ്ങള്‍ ഉണ്ടാകണമെന്നില്ല. ബി.ജെ.പി. വോട്ടുകള്‍ മറിച്ചു നല്‍കിയാലും എ.എന്‍.ഷംസീര്‍ നേരിയ ഭൂരിപക്ഷത്തിനെങ്കിലും ജയിക്കാനാണ് തലശ്ശേരിയിലെ സാധ്യത.
എന്നാല്‍ ഗുരുവായൂരിലും ദേവീകുളത്തും ഇതല്ല സ്ഥിതി.
ഗുരുവായൂര്‍ കഴിഞ്ഞ ഒന്നര ദശാബ്ദമായി മാത്രമാണ് ഇടതു പക്ഷത്തിന് ജയം സമ്മാനിക്കുന്ന മണ്ഡലമായത്. കെ.വി.അബ്ദുള്‍ഖാദറിന്റെ സാമര്‍ഥ്യവും ജനകീയതയും അതിനു പിന്നിലുണ്ട്. 2016-ല്‍ തുടര്‍ച്ചയായി മൂന്നാംതവണ അബ്ദുള്‍ഖാദര്‍ ജയിച്ചത് 15,098 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. അതേസമയം ബി.ജെ.പി. സ്ഥാനാര്‍ഥി അഡ്വ.നിവേദിത പിടിച്ച വോട്ട് 25,490 ആണ്. ഇതേ നിവേദിതയുടെ സ്ഥാനാര്‍ഥിത്വമാണ് ഇത്തവണ തള്ളിപ്പോയത്. അതോടെ ഈ കാല്‍ലക്ഷം വരുന്ന ബി.ജെ.പി.ക്കു ലഭിച്ച വോട്ട് ആര്‍ക്കനുകൂലമായി വീഴും എന്നത് ശ്രദ്ധിക്കണം. സി.പി.എം. സ്ഥാനാര്‍ഥയുടെ ഭൂരിപക്ഷം പതിനയ്യായിരവും ബി.ജെ.പിയുടെ വോട്ട് 25,000-ഉം ആകുമ്പോള്‍ സി.പി.എമ്മിനെ പരാജയപ്പെടുത്തുക എന്നത് അത്ര കടുത്തതല്ല.
ദേവീകുളത്തും ഒരു ഗുരുവായൂര്‍ ഛായ ഉണ്ടെന്നു കാണാം. തുടര്‍ച്ചയായി മൂന്നാം തവണ എസ്.രാജേന്ദ്രനിലൂടെ മണ്ഡലം സിപിഎം കയ്യില്‍ വെച്ചിരിക്കുന്നു. എന്നാലോ അതിനു മുമ്പ് കോണ്‍ഗ്രസിന്റെ കയ്യിലായിരുന്നു. 2016-ല്‍ രാജേന്ദ്രന്റെ ഭൂരിപക്ഷം 6,232 ആയിരുന്നു.അവിടെ അന്ന് മല്‍സരിച്ച ബി.ജെ.പി. സ്ഥാനാര്‍ഥി എന്‍.ചന്ദ്രന് 9,592 വോട്ടുകള്‍ കിട്ടി. ഇത്തവണ ബി.ജെ.പി. മല്‍സരകളത്തിനു പുറത്താകുമ്പോള്‍ കോണ്‍ഗ്രസ്- ബി.ജെ.പി. രഹസ്യകൂട്ടുകെട്ട് വരികയാണെങ്കില്‍ ഇടതുപക്ഷത്തെ തോല്‍പിക്കാന്‍ കഴിയും. അതേസമയം ദേവീകുളത്ത് മറ്റൊരു പ്രത്യേകതയുള്ളത് അണ്ണാ ഡിഎം.കെയുടെ വോട്ടാണ്. 11,613 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്താണ് 2016-ല്‍ അവര്‍. തമിഴ്‌നാട്ടില്‍ ഈ പാര്‍ടി ബി.ജെ.പി.യുടെ സഖ്യകക്ഷിയുമാണ്.