കുറ്റ്യാടിയിലെ സഖാക്കള്‍ ആവശ്യപ്പെട്ടതു തന്നെ ഒടുവില്‍ യാഥാര്‍ഥ്യമായി, അവര്‍ക്ക് അവരുടെ സ്വന്തം സ്ഥാനാര്‍ഥിയെ തന്നെ കിട്ടി. നേരത്തെ പ്രാദേശികമായി ശക്തമായി ആവശ്യപ്പെടുകയും സംസ്ഥാന നേതൃത്വം നിരാകരിക്കുകയും ചെയ്ത കെ.പി. കുഞ്ഞഹമ്മദ് കുട്ടിയെ തന്നെ സ്ഥാനാര്‍ഥിയായി സി.പി.എം. തീരുമാനിച്ചു. കുറ്റ്യാടിയിലെ സി.പി.എം. പ്രവര്‍ത്തകരുടെ നിര്‍ണ്ണായകമായ പോരാട്ട വിജയമാണ് ഇത്. സി.പി.എമ്മിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമെന്ന് തന്നെ പറയാവുന്ന ഒരു തിരുത്ത് കൂടിയാണ് കുറ്റ്യാടിയിലെ പുതിയ തീരുമാനം.
കുഞ്ഞഹമ്മദ് കുട്ടിയെ അംഗീകരിക്കാതെ സി.പി.എം. ആ മണ്ഡലം തന്നെ കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് കൈമാറുകയായിരുന്നു. ഇത് അഭൂതപൂര്‍വ്വമായ പ്രതിഷേധമാണ് കുറ്റ്യാടിയിലെ സി.പി.എമ്മില്‍ ഉണ്ടാക്കിയത്. സംസ്ഥാന സമിതി തീരുമാനം ചോദ്യം ചെയ്ത് അണികള്‍ തെരുവിലിറങ്ങി. അവഗണിക്കാനാവാത്തത്ര ശക്തവും പൂര്‍ണവുമായ പ്രതിഷേധത്തിനാണ് കുറ്റ്യാടി സാക്ഷ്യം വഹിച്ചത്.
ഇതേസമയത്തു തന്നെ സമാനമായ പ്രതിഷേധം ഉണ്ടായ പൊന്നാനിയില്‍ തീരുമാനം മാറ്റാന്‍ സി.പി.എം.ഉന്നത നേതൃത്വം തീരുമാനിച്ചപ്പോഴും കുറ്റ്യാടിയിലേത് വ്യത്യസ്തമായ ഒന്നാണെന്ന് പാര്‍ടി ഒടുവില്‍ തിരിച്ചറിയുകയായിരുന്നു. കുറ്റ്യാടിയിലെ പ്രതിഷേധം വടകര താലൂക്കിലെ മുഴുവന്‍ ഇടങ്ങളിലേയും വിജയ സാധ്യതകളെ ബാധിക്കുന്ന അവസ്ഥയിലേക്കാണ് നയിക്കാനിരുന്നത്. കുറ്റ്യാടി സി.പി.എമ്മിന്റെ ശക്തി കേന്ദ്രമാണ്.
അവിടെ മരുന്നിനു പോലുമില്ലാത്ത കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിലാണ് സി.പി.എമ്മില്‍ കനത്ത പ്രതിഷേധം ഉണ്ടായത്. നാട്ടുകാരന്‍ കൂടിയായ സി.പി.എം. ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ക്കെതിരെയും ഭാര്യയും നേരത്തെ കുറ്റ്യാടിയിലെ എം.എ്ല്‍.എ.യുമായിരുന്ന ലതികയ്‌ക്കെതിരെയും വലിയ പ്രതിഷേധം ഉയര്‍ന്നു. കുഞ്ഞഹമ്മദ് കുട്ടിയുടെ സ്ഥാനാര്‍ഥിത്വം കഴിഞ്ഞ തവണയും തഴയപ്പെട്ടിരുന്നു. ഇതിന് പിറകില്‍ ചില താല്‍പര്യങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് പ്രാദേശികമായി വികാരം നിലനില്‍ക്കുമ്പോഴാണ് ഇത്തവണ മണ്ഡലം തന്നെ കൈമാറ്റം ചെയ്തു കളഞ്ഞത്. ഇതാണ് ഇത്ര വലിയ ജനരോഷം ഉയരാന്‍ കാരണമായി മാറിയത്.