തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുമ്പ് സി.പി.എം. എടുത്ത ഏറ്റവും തന്ത്രപരമായ തീരുമാനമായിരുന്നു സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി തല്‍ക്കാലം മാറി നില്‍ക്കുക എന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 13-ന് കോടിയേരി താന്‍ മാറി നില്‍ക്കുന്നു എന്ന തീരുമാനം പ്രഖ്യാപിച്ചത് മകന്‍ ബിനീഷ് ജയിലിലടയ്ക്കപ്പെട്ടതിന്റെ തൊട്ടു പിറ്റേ ദിവസം ആയിരുന്നു. കാന്‍സര്‍ ചികില്‍സയ്ക്കാണ് മാറിനില്‍ക്കുന്നതെന്ന് പുറത്ത് പറഞ്ഞെങ്കിലും അത് ഒരു രാഷ്ട്രീയ തീരുമാനം ആയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു പ്രചാരണ വസ്തുവായി വിപരീത ഫലം ഉണ്ടാക്കരുതെന്ന ചിന്ത കോടിയേരി പങ്കുവെച്ചപ്പോള്‍ പാര്‍ടി അത് അനുവദിക്കുകയായിരുന്നു. ആ നീക്കം ഫലം കാണുക തന്നെ ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോടിയേരിയും കുടുംബവും വലിയ പ്രചാരണ വിഷയങ്ങളായില്ല. സ്വര്‍ണക്കടത്ത് പോലുളള വിഷയങ്ങള്‍ ജനം വലിയ കാര്യമായി എടുത്തുമില്ല. മുഖ്യമന്ത്രിയെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്താന്‍ പ്രതിപക്ഷവും കേന്ദ്ര അന്വേഷണ ഏജന്‍സികളും പരമാവധി ശ്രമിച്ചിട്ടും ഫലവത്തായില്ല. ഭരണവിരുദ്ധ വികാരമില്ലാത്ത തിരഞ്ഞെടുപ്പു പോലെ നടന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ഭരണപക്ഷം തന്നെ വന്‍ വിജയം നേടി.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതെല്ലാം വീണ്ടും പ്രചാരണത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവരാന്‍ പ്രതിപക്ഷവും ഒപ്പം ബി.ജെ.പി.ക്ക് അനുകൂലമായി നടപടികള്‍ സ്വീകരിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളും ജോലി തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനും മുമ്പ്, നാല് മാസം മുമ്പ് സ്വപ്‌ന സുരേഷ് കൊടുത്ത 164 അനുസരിച്ചുള്ള ഒരു മൊഴിയെ ഇപ്പോള്‍ എടുത്തുപയോഗിച്ച് കസ്റ്റംസ് മുഖ്യമന്ത്രിയെ ഡോളര്‍കടത്തില്‍ നേരിട്ട് ബന്ധിപ്പിക്കാന്‍ നോക്കിയിരിക്കുന്നത്.
രണ്ടാമത്തെ ഉദാഹരണമാണ് കോടിയേരിയുടെ ഭാര്യ വിനോദിനിയെ ഇപ്പോള്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിക്കുന്നത്. കുടുംബത്തിന്റെ അഴിമതിക്കറ എന്ന പ്രചാരണായുധം ഉപയോഗിക്കാനവസരം ഉണ്ടാക്കുകയാണ് ലക്ഷ്യം എന്നത് വ്യക്തമാണ്. ബിനീഷ് കോടിയേരിയുടെ അനധികൃത ഇടപാടുകളെയും ബിനോയ് കോടിയേരിയുടെ യുവതീബന്ധ വിവാദവും വിനോദിനിക്ക് സമ്മാനിച്ച ഫോണിന്റെയും പിന്നാമ്പുറവും ഒരിക്കല്‍ കൂടി ചര്‍ച്ചയിലേക്ക് വലിച്ചു കൊണ്ടുവരാന്‍ കഴിയുന്നു എന്നതാണ് പ്രതിപക്ഷത്തിന് കിട്ടുന്ന നേട്ടം. കോടിയേരി കുടുംബം വീണ്ടും ഒരു പ്രചാരണ വിഷയമായി മാറുന്നു.