കൊച്ചി : തൃക്കാക്കര, ആലുവ, ഏറണാകുളം എന്നീ മണ്ഡലത്തിലെ സി.പി.എം. സ്ഥാനാര്‍ഥികളെ നിശ്ചയിച്ച കാര്യത്തില്‍ പാര്‍ടിയുടെ താഴേത്തട്ടില്‍ പരാതി വ്യാപകം. ഏറണാകുളത്ത് ഷാജി ജോര്‍ജ്ജും തൃക്കാക്കരയില്‍ ഡോ.ജെ. ജേക്കബും ആലുവയില്‍ ഷെല്‍ന നിഷാദും ആണ് സംസ്ഥാന സമിതിയുടെ പരിഗണനയ്ക്ക് എത്തിയത്. ഈ പേരുകളെ സംബന്ധിച്ച് പാര്‍ടിയില്‍ അടക്കിപ്പിടിച്ച പരാതികള്‍ വ്യാപകമാണ്. അതു കൊണ്ടു തന്നെ ജില്ലാ നേതൃത്വം ഈ പരാതികളില്‍ വീണ്ടും ഒന്നു കൂടി വിലയിരുത്തല്‍ നടത്തുന്നുണ്ട്.
കുന്നത്തുനാട്ടില്‍ ശ്രീനിജന്‍, പഴയ വിവാദ നായകന്‍
ജില്ലയിലെ സിറ്റിങ് എം.എല്‍.എ.മാരില്‍ എസ്. ശര്‍മ്മയ്ക്ക് മാത്രമാണ് സീറ്റ് നല്‍കാതിരുന്നിട്ടുള്ളത്. ദേശാഭിമാനി ചീഫ് എഡിറ്ററും മുന്‍ എം.പി.യുമായ പി.രാജീവ് കളമശ്ശേരിയില്‍ നിന്നും മല്‍സരിക്കും. കുന്നത്തുനാട്ടില്‍ പി.വി. ശ്രീനിജന്‍ ആണ് മല്‍സരിക്കുക. നേരത്തെ യൂത്ത് കോണ്‍ഗ്രസിലായിരുന്ന ശ്രീനിജന്‍ വലിയ വിവാദം ഉയര്‍ത്തിയ വ്യക്തിയായിരുന്നു. വന്‍ അഴിമതി ആരോപണത്തിന് വിധേയനായ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകനായ ശ്രീനിജന് കണക്കില്‍ കവിഞ്ഞ ധാരാളം സ്വത്തുക്കള്‍ സമ്പാദിച്ചതിന്റെ പേരില്‍ വലിയ അന്വേഷണമാണ് നേരിടേണ്ടിവന്നത്. ഭാര്യാപിതാവിന്റെ ബിനാമിയാണെന്ന ആരോപണം ഉയര്‍ന്നു. അക്കാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു ശ്രീനിജന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2011 ല്‍ ശ്രീനിജനെതിരെ വിജിലന്‍സ് അന്വേഷമം പ്രഖ്യാപിച്ചു. അതോടെ ശ്രീനിജന് പാര്‍ടി സ്ഥാനം രാജിവെക്കേണ്ടിവന്നു. പിന്നീട് ശ്രീനിജന്‍ പതുക്കെ സി.പി.എമ്മിലേക്കെത്തി. സംവരണ മണ്ഡലമായ കുന്നത്തു നാട്ടിലെ പ്രബലനായ വി.പി. സജീന്ദ്രനെതിരെ സി.പി.എം. ശ്രീനിജനെ വെച്ചാണ് കളിക്കാനുദ്ദേശിക്കുന്നത്.