1957 മുതല്‍ ഉള്ള അതേ പേരില്‍ തുടരുന്ന, കമ്മ്യൂണിസ്റ്റ്- സി.പി.എം. സ്ഥാനാര്‍ഥിയെ അല്ലാതെ മറ്റാരെയും ഇതുവരെ ജനപ്രതിനിധിയാക്കാത്ത കേരളത്തിലെ അപൂര്‍വ്വം മണ്ഡലമായ തലശ്ശേരി ഇത്തവണ ജാതകം തിരുത്തുമോ എന്ന ആശങ്ക ഇപ്പോള്‍ ഉയരുന്നത് സി.പി.എം.പക്ഷത്ത് തന്നെയാണ്.
എ.എന്‍.ഷംസീറിന്റെ രണ്ടാം വട്ട വിജയം ഉറപ്പെന്ന് വിശ്വസിച്ച ഇടതുപക്ഷം അപ്രതീക്ഷിതമായി ഒരു ആഘാതത്തിലാണ്. പെട്ടെന്നാണതുണ്ടായത്, തലശ്ശേരിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ. ഇവിടെ ഡമ്മി സ്ഥാനാര്‍ഥിയും ഇല്ല, നേരത്തെ തന്നെ പത്രിക തള്ളിപ്പോയിരുന്നു.
ബി.ജെ.പി.ക്ക്. 2016-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി വി.കെ.സജീവന്‍ നേടിയ 22,125 വോട്ടുകള്‍…അത് ഇത്തവണ തലശ്ശേരിയിലെ ബി.ജെപി.ക്കാര്‍ ആര്‍ക്ക് ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും അവിടെ ഇത്തവണ യു.ഡി.എഫോ എല്‍.ഡി.എഫോ എന്ന ചോദ്യത്തിനുത്തരം.
ഇത്തവണയും നല്ല പോരാട്ടം ഉദ്ദേശിച്ചു തന്നെയാണ് ബി.ജെ.പി. സ്വന്തം ജില്ലാ പ്രസിഡണ്ടിനെ തന്നെ സ്ഥാനാര്‍ഥിയാക്കിയത്. കേരളത്തില്‍ തന്നെ പാര്‍ടിക്ക് ഏറ്റവും കൂടുതല്‍ വോട്ടു ശേഷിയുള്ള മണ്ഡലമാണ് തലശ്ശേരി.
കഴിഞ്ഞ തവണ ഷംസീറിന് കിട്ടിയ വോട്ട്–70,741. എതിരിട്ട എ.പി. അബ്ദുള്ളക്കുട്ടിക്ക് കിട്ടിയത്–36,624. ബി.ജെ.പി.ക്ക്–22,125 വോട്ട്. 34,117 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് ഷംസീര്‍ ജയിച്ചത്. അതിനു കാരണം ബി.ജെ.പി.യുടെ വോട്ടു മുഴുവന്‍ അവര്‍ക്കു തന്നെ ചെയ്യപ്പെട്ടു എന്നതിനാലാണ്. ഇത്തവണ ആ വോട്ടുകള്‍ ചെയ്യാന്‍ സ്വന്തം സ്ഥാനാര്‍ഥി ഇല്ല. അപ്പോള്‍ ആര്‍ക്ക് ചെയ്യും. ന്യൂനപക്ഷ വിഭാഗത്തിലുള്ള ഷംസീറിന് ബി.ജെ.പി. വോട്ടുകള്‍ വീഴുമോ അതോ യു.ഡി.എഫ് സ്ഥാനാര്‍ഥി തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷന് കിട്ടുമോ എന്നതാണ് ചോദ്യം. ബി.ജെ.പി. വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി മറിച്ചാലും അപ്പോഴും മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിക്കു തന്നെയായിരിക്കും നേരിയ മുന്‍തൂക്കം.
കോ-ലീ-ബി സഖ്യം എന്ന ആരോപണം സ്വാഭാവികമായും തലശ്ശേരിയില്‍ പ്രസക്തമാകും. സംസ്ഥാനത്ത് ഗുരുവായൂരിലും ദേവീകുളത്തും ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയിട്ടുണ്ട്. ഇതെല്ലാം ശ്രദ്ധാപൂര്‍വ്വമായ അശ്രദ്ധയാണെന്ന് സി.പി.എം. ആരോപിച്ചു കഴിഞ്ഞു. തലശ്ശേരിയില്‍ ബി.ജെ.പി. പത്രിക തള്ളിയത് യുഡിഎഫ്-ബി.ജെപി കൂട്ടുകെട്ടിന്റെ അന്തര്‍ധാരയുടെ ഭാഗമാണെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പ്രസ്താവന നടത്തിക്കഴിഞ്ഞു. ആര്‍.എസ്.എസ- സി.പി.എം. ശത്രുതയുടെ ഗതകാലമുള്ള താലൂക്കാണ് തലശ്ശേരി എന്നതിനാല്‍ സമവാക്യങ്ങള്‍ ദുരൂഹമാകും.
നാമനിര്‍ദ്ദേശ പത്രികയില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതാണ് പത്രിക തള്ളാന്‍ കാരണം എന്നാണ് അറിവ്. ദേശീയ പാര്‍ടിയുടെ സ്ഥാനാര്‍ഥിയായിരിക്കുമ്പോള്‍ ദേശീയ അധ്യക്ഷന്റെ സീലും ഒപ്പും വേണം. എന്നാല്‍ പത്രികയില്‍ സീല്‍ മാത്രമേ ഉള്ളൂ. സാങ്കേതികമായ അപാകതയാണിത്. എങ്കിലും നിയമപരമായി തള്ളുക മാത്രമേ വഴിയുള്ളൂ. അല്ലെങ്കില്‍ നീതിപീഠങ്ങള്‍ മറിച്ച് തീരുമാനിക്കണം.
നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെതിരെ ബി.ജെ.പി. കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും വിധി അനുകൂലമായില്ലെങ്കില്‍ തലശ്ശേരിയിലെ മല്‍സരം നേര്‍ക്കുനേര്‍ ദ്വന്ദ്വയുദ്ധമാകും.