കര്‍ഷകസമരത്തെ പിന്തുണച്ച് രംഗത്തു വന്ന സ്വീഡനിലെ പരസ്ഥിതി ആക്ടീവിസ്റ്റ് ഗ്രേറ്റ ട്യൂന്‍ബര്‍ഗ് സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത ടൂള്‍ കിറ്റും ആ ടൂള്‍ കിറ്റ് ഉണ്ടാക്കിയെന്ന് ആരോപിക്കപ്പെടുന്ന പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനും ഖലിസ്ഥാന്‍ വാദികളുടെതാണെന്ന ആരോപണമുയര്‍ത്തിയിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍. പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്റെ സഹസ്ഥാപകനായ മോ ധനിവാള്‍ കാനഡയിലാണ്. ധനിവാളിന് ഖലിസ്ഥാന്‍ ബന്ധമുണ്ടെന്നും കാനഡയിലെ ഇന്ത്യാ വിരുദ്ധ അജണ്ടയ്ക്ക് പിറകില്‍ അയാളാണെന്നും ആണ് ബി.ജെ.പി. ആരോപിക്കുന്നത്.
ധനിവാളിന്റെ അമ്മാവന്‍ ഖാലിസ്ഥാനി ആയിരുന്നുവെന്നും 1984-ല്‍ പഞ്ചാബ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നുമാണ് ധനിവാള്‍ ഒരു വീഡിയോയില്‍ പറഞ്ഞിട്ടുള്ളതെന്ന് ബി.ജെ.പി. ഉന്നയിക്കുന്നു. ഇതേ വീഡിയോയില്‍ തന്നെ കര്‍ഷകസമരത്തെപ്പറ്റിയും നിയമങ്ങള്‍ പിന്‍വലിക്കേണ്ടതിനെപ്പറ്റിയും പറയുന്നു. ഈ സമരത്തിനു ശേഷം ഖാലിസ്ഥാന്‍ പ്രസ്ഥാനം തുടങ്ങും എന്നും വീഡിയോയില്‍ പറയുന്നുണ്ടെന്ന് ആരോപണം. എന്നാല്‍ എത്രത്തോളം സത്യമാണ് ഈ വീഡിയോ എന്നതിനെപ്പറ്റി ആരും അന്വേഷിക്കുന്നില്ല. വ്യാജമായി ഉണ്ടാക്കിയതാണോ ഇതിലെ ചില സംഭാഷണം എന്ന് സംശയിക്കപ്പെടുന്നുമുണ്ട്.
എന്താണ് പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍
ഇത് ഒരു കനേഡിയന്‍ പ്രസ്ഥാനമാണ്. ഇന്ത്യ ഒരു ഫാസിസ്റ്റ്-അക്രമാസക്ത ഭരണത്തിലേക്ക് നീങ്ങുകയാണെന്ന് ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ പറയുന്നു. ഖാലിസ്ഥാനോട് അനുഭാവമുള്ള കനേഡിയന്‍ എം.പി. ജഗ്മീത് സിങ് ഈ വെബ്‌സൈറ്റില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കാറുണ്ട്.
തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ ഫൗണ്ടേഷന്‍ നിഷേധിച്ചിട്ടുണ്ട്. കര്‍ഷകസമരത്തില്‍ ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്നും ഗ്രേറ്റയെയോ റിഹാന്നയെയോ ബന്ധപ്പെടുകയോ ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഫൗണ്ടേഷന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എന്താണ് ഗ്രേറ്റയുടെ ടൂള്‍ കിറ്റ്
ഗ്രേറ്റ് ട്യൂന്‍ബര്‍ഗ് ഷെയര്‍ ചെയ്ത ടൂള്‍കിറ്റ് എന്നത് എന്താണ്…ടൂള്‍കിറ്റ് എന്നാല്‍ ഒരു കൂട്ടം രേഖകളും നിര്‍ദ്ദേശങ്ങളും ആണ്. ഏത് തരം ഹാഷ് ടാഗ് ആണ് ഉപയോഗിക്കേണ്ടത്, പ്രകടനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ആരെ ബന്ധപ്പെടണം, ആ സമയത്ത് എന്തു ചെയ്യണം എന്ത് ചെയ്യാതിരിക്കണം, ഇതെല്ലാം വിശദീകരിക്കുന്നതാണ് ടൂള്‍ കിറ്റ് എന്നത്. ഗ്രേറ്റ ഷെയര്‍ ചെയ്ത ഈ തരം ടൂള്‍കിറ്റില്‍ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്റെ ലോഗോ കൂടി ചേര്‍ത്തിട്ടുണ്ട് എന്നതാണ് ഗ്രേറ്റയ്ക്ക് ഫൗണ്ടേഷനുമായി ബന്ധമുണ്ട് എന്ന ആരോപണത്തിന് അടിസ്ഥാനം. ഫൗണ്ടേഷന് ഖാലിസ്ഥാന്‍ ബന്ധമുണ്ട് എന്ന ആരോപണം ഉയര്‍ത്തി ഗ്രേറ്റയ്ക്കും അതുമായി ബന്ധമുണ്ട് എന്ന് പറയുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് എന്നതാണ് രസകരം. പോപ്പ് ഗായിക റിഹാന്നയ്ക്ക് പണം നല്‍കിയാണ് ട്വീറ്റ് ചെയ്യിച്ചത് എന്നും ആരോപിക്കുന്നു.