‘വാലൻ്റൈൻസ് ദിനത്തിൽ നിങ്ങളുടെ ഭർത്താവ് നിങ്ങൾക്ക് എന്താണ് തന്നത്?’ എന്നതിനുള്ള സത്യസന്ധമായ ഉത്തരം ‘പതിവുപോലെ തലവേദന’ എന്നായിരിക്കും.–ഇങ്ങനെ പറഞ്ഞു കൊണ്ട് നമ്മളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത് പ്രശസ്ത നടിയും നടൻ അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിൾ ഖന്ന ആണ്.
ഇത്തവണത്തെ വാലന്റൈന്‍ ദിനത്തിനു മുന്നോടിയായുള്ള തന്റെ അഭിമുഖത്തിലാണ് ട്വിങ്കിള്‍ ഈ ഡയലോഗ് പങ്കുവെച്ചിരിക്കുന്നത്.
പ്രണയവര്‍ത്തമാനങ്ങളും കാമുകീ കാമുകന്‍മാരുടെയും ദമ്പതിമാരുടെയും കാല്‍പനിക വാചകമടികള്‍ നിറയുന്ന വാലന്റൈന്‍ ദിനത്തിന് ഓര്‍മിക്കാന്‍ സവിശേഷമായ ഒരു കമന്റാണ് എഴുത്തുകാരി കൂടിയായ ട്വിങ്കിള്‍.
ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെടുന്ന വനിതാ എഴുത്തുകാരികളില്‍ ഒരാളാണ് ഇവര്‍. ഇവരുടെ നാലാമത്തെ പുസ്തകം വെല്‍കം ടൂ പാരഡൈസ് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.
2022-ൽ ട്വിങ്കിൾ ഖന്ന ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ ഗോൾഡ്‌സ്മിത്ത്‌സിൽ ഫിക്ഷൻ റൈറ്റിംഗിൽ ബിരുദാനന്തര ബിരുദം നേടി. 2015 ൽ, ട്വിങ്കിൾ തൻ്റെ ആദ്യ നോൺ-ഫിക്ഷൻ പുസ്തകം മിസിസ് ഫണ്ണിബോൺസ് പുറത്തിറക്കിയിരുന്നു .
അവരുടെ രണ്ടാമത്തെ പുസ്തകം ചെറുകഥകളുടെ സമാഹാരമായ “ദ ലെജൻഡ് ഓഫ് ലക്ഷ്മി പ്രസാദ്” ആയിരുന്നു. നീൽസൺ ബുക്ക്‌സ് കാൻ ഇന്ത്യ പറയുന്നതനുസരിച്ച് ട്വിങ്കിളിൻ്റെ മൂന്നാമത്തെ പുസ്തകമായ “പൈജാമാസ് ആർ ഫോർഗിവിംഗ്” 2018-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വനിതാ എഴുത്തുകാരിയായി അവരെ മാറ്റി.