പത്രത്തില്‍ വാര്‍ത്തയെഴുതിയാല്‍ പിറകെ പൊലീസിന്റെ നോട്ടീസ് വരുമെന്ന വിചിത്രമായ സ്ഥിതിയാണ് കോട്ടയത്ത്. വാര്‍ത്ത വന്ന പത്രത്തിന്റെ പത്രാധിപരോട് സ്‌റ്റേഷനില്‍ ഹാജരായി തെളിവും മൊഴിയും നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കയാണ് കോട്ടയം ഗാന്ധിനഗര്‍ പോലീസ്.
കോട്ടയത്തെ പല പത്രങ്ങളിലും വന്ന ഒരു വാര്‍ത്തയുടെ പിറകെയാണ് ഗാന്ധിനഗര്‍ പോലീസ്. സ്‌റ്റേഷന്‍ അതിര്‍ത്തിയിലുള്ള കോട്ടയം മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്കിടെയിലെ പടലപിണക്കവും ഒരു സെക്യൂരിറ്റി ജീവനക്കാരനെതിരെ സംഘടന നല്‍കിയ പരാതിയുമാണ് പത്രങ്ങള്‍ വാര്‍ത്തയാക്കിയത്. ഇതിനെതിരെ ആരോപണവിധേയനായ സെക്യൂരിറ്റി ജീവനക്കാരന്‍ പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയിലാണ് വാര്‍ത്ത പത്രങ്ങളുടെ മൊഴി രേഖപ്പെടുത്താനുള്ള അസാധാരണ നീക്കം ഗാന്ധിനഗര്‍ പൊലീസ് നടത്തിയിട്ടുള്ളത്.
വാര്‍ത്തയ്ക്കടിസ്ഥാനം സംഘടനയുടെ പരാതിയും ആരോപണങ്ങളുമാണെന്ന് വാര്‍ത്തയില്‍ തന്നെ സൂചനയുള്ള സ്ഥിതിയില്‍ വാര്‍ത്തയെഴുതിയ പത്രലേഖകരെയും വാര്‍ത്ത വന്ന പത്രത്തിന്റെ എഡിറ്റര്‍മാരുടെയും പക്കല്‍ നിന്നും മൊഴിയും തെളിവും ശേഖരിക്കുന്നതിലെ അനൗചിത്യം ഇതിനകം വലിയ ചര്‍ച്ചയായിരിക്കയാണ്.
സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനു മേല്‍ നിരീക്ഷണത്തിന്റെ മൂടുപടമിടാനുള്ള ഭരണകൂടസംവിധാനത്തിന്റെ താല്‍പര്യം ഈ പൊലീസ് നടപടിക്കു പിന്നിലുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഒന്നും തേടാതെ കീഴുദ്യോഗസ്ഥന്‍മാര്‍ നടത്തുന്ന ഇത്തരം നടപടികളുടെ ദുഷ്‌പേര് ജനകീയ പ്രസ്ഥാനങ്ങളുടെ പോലും വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നു. നോട്ടീസ് കിട്ടിയ പത്രങ്ങള്‍ അതിനനുസരിച്ച് മൊഴി നല്‍കാനൊന്നും പോകേണ്ടതില്ലെന്ന തീരുമാനമാണ് എടുത്തിട്ടുള്ളത് എന്നറിയുന്നു.