Categories
interview

കാപ്പന്റെ തന്ത്രങ്ങള്‍ ഫലിക്കുമോ… യു.ഡി.എഫില്‍ ഘടകകക്ഷിയാകാന്‍ ?

കാപ്പന്‍ പെട്ടെന്നു തിരിച്ചറിഞ്ഞ കാര്യം എന്‍.സി.പി. ഇടതുമുന്നണി വിടാതിരിക്കുകയും തനിക്ക് വിടേണ്ടി വരികയും ചെയ്താല്‍ അത് വലിയ ഒറ്റപ്പെടലാവുകയും യു.ഡി.എഫിലേക്ക് ഒരു ഘടകകക്ഷി എന്ന നിലയില്‍ കയറിച്ചെല്ലുന്നതിന്റെ വിലയും നിലയും പരിഗണനയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്യും എന്നതാണ്.

Spread the love

ദേശീയ നേതൃത്വം തീരുമാനമെടുക്കുന്നതിനു മുന്‍പെ മാണി സി. കാപ്പന്‍ തീരുമാനമെടുത്തു-യു.ഡി.എഫിലേക്ക് പോകാന്‍ തീരുമാനം പ്രഖ്യാപിച്ചു. ഇതോടെ ഇനി എന്‍.സി.പി.യിലെ തര്‍ക്ക പ്രശ്‌നവും തീര്‍ന്നിരിക്കയാണ്. കാപ്പന്റെ ആഗ്രഹം കാപ്പന്‍ സ്വയം നിറവേറ്റിയ നിലയ്ക്ക് പാര്‍ടിയുടെ മുന്നില്‍ ഉണ്ടായിരുന്ന തര്‍ക്കം ഇനി നിലനില്‍ക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. കാപ്പന്‍ ഇല്ലാത്ത എന്‍.സി.പി.ക്ക് ഇനി ഇടതുമുന്നണി വിടേണ്ട കാര്യമുണ്ടോ എന്നതാണ് കാര്യം.
ശരത് പവാര്‍ പറയുന്നത് എന്തായാലും അനുസരിക്കും എന്നായിരുന്നു കാപ്പന്‍ ഇതുവരെ പറഞ്ഞിരുന്നത്. പവാര്‍ യു.ഡി.എഫ് പ്രവേശനത്തിന് അനുകൂലമാകും എന്ന ധാരണ ഉണ്ടായതിനാലായിരുന്നു ഇത്. ഇടതുപക്ഷത്ത് നിന്നാല്‍ പാലാ തനിക്ക് കിട്ടില്ലെന്ന് കാപ്പന് ഉറപ്പായിരുന്നു, മറ്റെല്ലാവരെയും പോലെ.

പാലാ വിട്ടു പോയാല്‍ തനിക്ക് പ്രസക്തിയുണ്ടാവില്ലെന്ന് കാപ്പന് അറിയാം. കാരണം എന്‍.സി.പി.യില്‍ തന്നെ കാപ്പന് ഒരു വിരുന്നുകാരന്റെ സ്ഥാനമേ ഉള്ളൂ എന്നതാണ് സത്യം. എന്‍.ഡി. തിവാരി കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് കാപ്പന്‍ എന്‍.സി.പി.യിലേക്ക് ചേക്കേറുന്നത്. ആ പാര്‍ടിയുടെ പ്രസിഡണ്ടായിരുന്ന എം.പി.ഗംഗാധരന്‍ കെ.കരുണാകരന്റെ വലിയ ആരാധകനായിരുന്നു. കരുണാകരന്‍ കോണ്‍ഗ്രസില്‍ നിന്നും വിഘടിച്ച് എന്‍.സി.പി.യിലേക്ക് എത്തിയപ്പോള്‍ ആ വഴി പിന്തുടര്‍ന്ന് ഗംഗാധരനും തിവാരി കോണ്‍ഗ്രസ് എന്ന കടലാസു പാര്‍ടിയും എന്‍.സി.പിയിലെത്തി, ഒപ്പം കാപ്പനും. സിനിമാനിര്‍മ്മാതാവെന്ന നിലയിലാണ് കാപ്പന്‍ രാഷ്ട്രീയനേതാവ് എന്നതിനെക്കാളും അപ്പോള്‍ പ്രസിദ്ധന്‍. എന്‍.സി.പി.യില്‍ എത്തിയ ശേഷമാണ് രാഷ്ട്രീയക്കാരന്‍ എന്ന ഇമേജിന് തിളക്കവും പ്രസക്തിയും കൂടിയത്. അതിനാല്‍ ഇപ്പോള്‍ കിട്ടിയ എം.എല്‍.എ. പദവിയുള്‍പ്പെടെ സത്യത്തില്‍ കാപ്പന് വലിയ സമ്മാനം തന്നെയായിരുന്നു. അനീതി കാട്ടിയത് കാപ്പനാണ് എന്നായിരിക്കും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നിഷ്പക്ഷമായി പഠിക്കുന്ന ആരുടെയും വിലയിരുത്തല്‍., കാപ്പന് മാത്രമായിരിക്കും തിരിച്ചുള്ള അഭിപ്രായം. അത് സ്വാഭാവികവുമാണ്.

thepoliticaleditor


ദേശീയ നേതൃത്വം തന്റെ ഒപ്പം നില്‍ക്കില്ലെന്ന് ഇന്നലെ രാത്രിയോടെ തോന്നിയ കാപ്പന്‍ പെട്ടെന്നു തിരിച്ചറിഞ്ഞ കാര്യം എന്‍.സി.പി. ഇടതുമുന്നണി വിടാതിരിക്കുകയും തനിക്ക് വിടേണ്ടി വരികയും ചെയ്താല്‍ അത് വലിയ ഒറ്റപ്പെടലാവുകയും യു.ഡി.എഫിലേക്ക് ഒരു ഘടകകക്ഷി എന്ന നിലയില്‍ കയറിച്ചെല്ലുന്നതിന്റെ വിലയും നിലയും പരിഗണനയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്യും എന്നതാണ്.

കാപ്പന്‍ എന്ന വ്യക്തിയായിട്ടല്ല, ഘടകകക്ഷി എന്ന നിലയിലാണ് യു.ഡി.എഫ്. താല്‍പര്യപ്പെടുന്നതെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞത് കാപ്പനുള്ള ദുസ്സൂചന കൂടിയായിരുന്നു. കൈ ചിഹ്നത്തിലല്ല, സ്വന്തം ചിഹ്നത്തിലായിരിക്കും പാലായില്‍ മല്‍സരിക്കുക എന്ന് കാപ്പന്‍ എപ്പോഴും ആവര്‍ത്തിച്ചു കൊണ്ടിരുന്നതും യു.ഡി.എഫില്‍ ഘടകകക്ഷി പരിഗണന കിട്ടണം എന്നതിന്റെ പരോക്ഷമായ പറച്ചില്‍ ആയിരുന്നു. പവാര്‍ എടുക്കുന്ന തീരുമാനം തനിക്ക് അനുകൂലമായില്ലെങ്കില്‍ പണി പാളുമെന്ന് കാപ്പന് അറിയാം.

ഇത് മറികടക്കാനുള്ള ഏക പോംവഴി പവാര്‍ തീരുമാനം പ്രഖ്യാപിക്കും മുമ്പേയുള്ള പിളരലാണ്. അങ്ങിനെ വരുമ്പോള്‍ ഒറ്റയ്ക്ക് പോയി എന്ന നിലയിലല്ലാതെ പിളര്‍ന്നു പോയി എന്ന നിലയിലുള്ള പരിഗണന യു.ഡി..എഫില്‍ കിട്ടും എന്ന കണക്കുകൂട്ടലാണ് പെട്ടെന്നുള്ള പാര്‍ടിവിടല്‍ പ്രഖ്യാപനത്തിനു മുന്നില്‍.

സംസ്ഥാനപ്രസിഡണ്ട് ടി.പി. പീതാംബരന്‍ തനിക്കൊപ്പം യു.ഡി.എഫിലേക്ക് വരുമെന്ന് കാപ്പന്‍ കരുതുന്നു. പിന്നെ കുറച്ച് അനുയായികളും ഉണ്ടാവും. എന്നാല്‍ ശരത്പവാര്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചതിനു ശേഷമാണ് കാപ്പന്‍ പാര്‍ടി വിടുന്നതെങ്കില്‍ ഈ അനുയായികളോ ഒരു പക്ഷേ ടി.പി.പീതാംബരന്‍ തന്നെയോ ഒപ്പം ഉണ്ടാവുമെന്നതിന് ഉറപ്പില്ല.

കാപ്പന്‍ യു.ഡി.എഫിലേക്ക് പോകുന്നത് വെറും കയ്യോടെയല്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എത്ര ജില്ലകള്‍ കൂടെ നില്‍ക്കും എന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ല. കാപ്പന്‍ വിഷയം തുടങ്ങിയ സമയത്ത് ടി.പി. പീതാംബരന്‍ വിളിച്ചു ചേര്‍ത്ത ജില്ലാ പ്രസിഡണ്ടുമാരുടെ യോഗത്തില്‍ പതിനാലില്‍ 11 ജില്ലാ പ്രസിഡണ്ടുമാരും ഇടതുമുന്നണി വിടരുത് എന്ന് ശക്തമായി വാദിക്കുകയാണ് ചെയ്തത്. എന്‍.സി.പി.യുടെ ശരിക്കുമുള്ള ശക്തി നിലനില്‍ക്കുന്ന വടക്കന്‍ ജില്ലകള്‍ തീര്‍ച്ചയായും കാപ്പനൊപ്പമില്ല. അണികളില്ലാത്ത ജില്ലകളുടെ പിന്തുണ കൊണ്ട് കാര്യവുമില്ല.
മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. എന്‍.സി.പി. എന്ന പേരില്‍ കാപ്പന് യു.ഡി.എഫിലേക്ക് പോകാന്‍ കഴിയില്ല. രണ്ടു പേരുള്ള പാര്‍ലമെന്റി പാര്‍ടി മാത്രമാണ് പിളര്‍ന്നിട്ടുള്ളത്. കാപ്പന്‍ വേറെ പാര്‍ടി പ്രഖ്യാപിച്ചില്ലെങ്കില്‍ യു.ഡി.എഫില്‍ എത്രമാത്രം പരിഗണന കിട്ടും എന്നത് കണ്ടറിയണം. മധുവിധു മാറുന്നതു വരെയുള്ള പരിഗണന ഉറപ്പാണ്. പാലാ കാപ്പന് നല്‍കി ജോസ് കെ.മാണിക്കെതിരെ യു.ഡി.എഫ്. ഒരു കൈ നോക്കുകയും ചെയ്യും. എന്നാല്‍ അവിടെ തോറ്റാല്‍ കാപ്പന്‍ എന്തു ചെയ്യും എന്ന ചോദ്യമുണ്ട്.
യു.ഡി.എഫ്. ഘടകകക്ഷിയായി ഐശ്വര്യകേരള യാത്രയില്‍ പങ്കെടുക്കും എന്ന് കാപ്പന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ എന്‍.സി.പിയെ കിട്ടുമെന്ന് കാപ്പന് ഉറപ്പില്ല. പുതിയ പാര്‍ടി പ്രഖ്യാപിക്കലാണ് പിന്നെ വഴി. അത് ഉടനുണ്ടാവണം. അങ്ങിനെ വന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രശ്‌നങ്ങള്‍ ബാധകമാകുന്നത് മറ്റൊരു വിഷയം ആവുകയും ചെയ്യും.

Spread the love
English Summary: Tatics of Mani C.Kappan is to escape from isolation.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick