പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എന്നാല്‍ ഒരാള്‍ക്ക് തോന്നുമ്പോള്‍ എവിടെയും എപ്പോഴും പ്രതിഷേധിക്കാനുള്ള അവകാശമല്ലെന്ന് സുപ്രീംകോടതി. തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ ഉണ്ടാവാം, പക്ഷേ പൊതുസ്ഥലങ്ങള്‍ മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കും വിധം തുടര്‍ച്ചയായി കൈവശം വെക്കുന്നത് അനുവദനീയമല്ലെന്ന് കോടതി വ്യക്തമാക്കി. ഡെല്‍ഹി ഷഹീന്‍ബാഗില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായി നടന്ന സമരത്തിനെതിരായി പുറപ്പെടുവിച്ച ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി അഭിപ്രായപ്രകടനം നടത്തിയത്.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അനിരുദ്ധ് ബോസ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബഞ്ച് ആണ് കേസ് പരിഗണിച്ചത്.
2020 ഒക്ടോബറില്‍ ആയിരുന്നു ഷഹീന്‍ബാഗ് സമരത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം. തുടര്‍ന്ന് നവംബറില്‍ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജിയാണ് ശനിയാഴ്ച തീര്‍പ്പാക്കിയത്.
പൗരത്വനിയമഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ 2019 ഡിസംബര്‍ 14 മുതല്‍ മൂന്നുമാസം തുടര്‍ച്ചയായി സത്യാഗ്രഹ സമരം നടന്നു. ഫിബ്രവരി 17-ന് സുപ്രീംകോടതി രണ്ട് അഭിഭാഷകരെ ഷഹീന്‍ബാഗിലേക്ക് നിയോഗിച്ച് സമരക്കാരുമായി സംസാരിച്ച് വഴിതടയല്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ആ നീക്കം പരാജയപ്പെട്ടു. മാര്‍ച്ച് 24-ന് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ ലോക്ഡൗണ്‍ വന്നതോടെ ഷഹീന്‍ബാഗ് സമരവും നിര്‍ത്തിവെക്കുകയായിരുന്നു.