ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയ്ക്ക് നിയമനിര്‍മ്മാണം നടത്താന്‍ സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നത് തടസ്സമല്ലെന്ന് പ്രമുഖ നിയമവിദഗ്ധനും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. തമ്പാന്‍ തോമസ്.
യുവതീപ്രവേശനവിഷയം നിയമസഭാതിരഞ്ഞെടുപ്പു പ്രചാരണ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്ന യു.ഡി.എഫ്. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ നിയമസഭയ്ക്ക് നിയമനിര്‍മ്മാണം അസാധ്യമാണ് എന്ന വാദമാണ് ഇടതുപക്ഷം കൊണ്ടുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ നിയമപരമായി പ്രാധാന്യമര്‍ഹിക്കുന്ന അഭിപ്രായമാണ് അഡ്വ. തമ്പാന്‍ തോമസ് ‘ ദി പൊളിറ്റിക്കല്‍ എഡിറ്റര്‍’ ന്യൂസ് പോര്‍ട്ടലിനോട് പങ്കുവെച്ചിരിക്കുന്നത്.
പൊതുജന താല്‍പര്യാര്‍ഥമോ ഭരണപരമായ കാര്യങ്ങളോ മുന്‍നിര്‍ത്തി നിയമസഭയ്ക്ക് നിയമനിര്‍മ്മാണം നടത്താവുന്നതാണ്. സുപ്രീംകോടതിക്ക് നിയമം വ്യാഖ്യാനിക്കാനുള്ള അധികാരം മാത്രമാണ് ഉള്ളത്. നിയമനിര്‍മ്മാണ സഭ, കോടതികള്‍ എന്നിവയുടെ അധികാരങ്ങള്‍ സംബന്ധിച്ച് ഭരണഘടന ‘സെപ്പറേഷന്‍ ഓഫ് പവേഴ്‌സ്’ വ്യക്തമായി നിര്‍വ്വചിക്കുന്നുണ്ട്.
ഭരണപരമായി ഒരു പ്രതിസന്ധി ഉണ്ടായാല്‍ അത് മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ നിയമസഭകള്‍ക്ക് അധികാരമുണ്ട്. സുപ്രീംകോടതിയില്‍ കേസുണ്ടോ ഇല്ലയോ എന്നത് വിഷയമല്ല. കോടതിയലക്ഷ്യം നിയമസഭയ്ക്ക് ബാധകമല്ല. കോടതി പരിഗണിക്കുന്ന ശബരിമല യുവതീപ്രവേശന കേസില്‍ മറ്റൊരു കാര്യവും എക്‌സിക്യൂട്ട് ചെയ്യരുത് എന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. അതിനാല്‍ നിയമനിര്‍മ്മാണത്തിന് തടസ്സമില്ല–തമ്പാന്‍ തോമസ് ‘ ദി പൊളിറ്റിക്കല്‍ എഡിറ്റര്‍’ പോര്‍ട്ടലിനോട് പറഞ്ഞു.
സുപ്രീംകോടതിയുടെ വിധി വന്നിട്ടില്ലാത്ത വിഷയത്തില്‍ നിയമനിര്‍മ്മാണം ആകാമോ ഇല്ലയോ എന്ന വിഷയം വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വിഷയമായിത്തീരുമെന്ന സൂചനയാണ് വിവിധ മുന്നണികളുടെ വ്യത്യസ്തമായ വാദങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.