കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയിലെ അംഗങ്ങള്‍ കാര്‍ഷിക നിയമങ്ങളുടെ ആരാധകര്‍. സമരം ചെയ്യുന്ന കര്‍ഷകരെ കോടതി കബളിപ്പിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നു തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ ന്യായങ്ങള്‍ കോടതിയുടെ വാതിലിലൂടെ ഒളിച്ചുകടത്തുകയാണെന്ന വിമര്‍ശനം കടുത്ത തോതില്‍ ഉയരുകയാണിപ്പോള്‍.
തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്. എന്നാല്‍ അതെല്ലാം ചൊവ്വാഴ്ചയുണ്ടായ കോടതി ഉത്തരവിലൂടെ പരിഹാസ്യമായിത്തീര്‍ന്നു.
കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങളുടെ യഥാര്‍ഥ നിറം പുറത്തു പ്രചരിച്ചതോടെയാണിത്. സമിതി അംഗങ്ങളുടെ യഥാര്‍ഥ പക്ഷം താഴെ വിവരിക്കുന്ന പ്രകാരമാണ്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി സുപ്രീംകോടതി രൂപീകരിച്ച സമിതിയിലെ ഈ അംഗങ്ങള്‍ ഏത് രീതിയിലുള്ള തീരുമാനങ്ങളിലേക്കാണ് നയിക്കുക എന്നത് സംബന്ധിച്ച് കടുത്ത ആശങ്ക ഉയരുന്നുണ്ട്. സമരം കൂടുതല്‍ ശക്തിപ്പെടാനാണ് സാധ്യത. ഫലത്തില്‍ സുപ്രീംകോടതിയുടെ നടപടി കൂനിന്‍മേല്‍ കുരു ആവുകയാണ്. കോടതിയുടെ തീരുമാനം ലംഘിച്ചു എന്നതിന്റെ പേരില്‍ ഇനി കര്‍ഷകരുടെ മേല്‍ നിയമനടപടിക്കു പോലും വഴി തുറന്നിടുന്ന സാഹചര്യമാണ് ഒരുങ്ങുന്നത്.
- അശോക് ഗുലാത്തി–അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റ് പരിഷ്‌കരണത്തിന്റെ വിദഗ്ധപാനലിസ്റ്റ്. നീതി ആയോഗിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന, പ്രധാനമന്ത്രി നേരിട്ട് നിയോഗിച്ച ടാസ്‌ക് ഫോഴ്‌സിലെ പ്രമുഖന്‍.
- ഡോ. പ്രമോദ് ജോഷി–കോണ്‍ട്രാക്ട് ഫാമിങ്ങ് അഥവാ കരാര്‍ കൃഷി ലാഭകരമെന്നു വാദിക്കുന്ന അഗ്രിക്കല്‍ച്ചറല്‍ ഇക്കണോമിസ്റ്റ്.
- ഭുപീന്ദര്‍ സിങ് മന്‍– ഭാരതീയ കിസാന്‍ യൂണിയന്റെ ഭാരവാഹിയായ ഇദ്ദേഹം പക്ഷേ കാര്‍ഷിക നിയമങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. കോര്‍പ്പറേറ്റുകള്‍ക്കായി വിപണി സ്വതന്ത്രമാക്കണമെന്ന് വാദിക്കുന്ന വ്യക്തിയാണ്. 2020 ഡിസംബര്‍ 14-ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമറിന് ഇദ്ദേഹം അയച്ച കത്തിലെ പ്രസക്തഭാഗം മാത്രം മതി ഇത് തെളിയാന്‍….’ പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ കാര്‍ഷികരംഗം സ്വതന്ത്രമാക്കാന്‍ കൊണ്ടുവന്ന നിയമങ്ങളെ സര്‍വ്വാത്മനാ പിന്തുണയ്ക്കാന്‍ നമ്മള്‍ മുന്നോട്ടു വരേണ്ടതുണ്ട്’–ഇതാണ് ഭുപിന്ദര്‍ സിങ് എഴുതിയ കത്തിലുള്ളത്.
- അനില്‍ ഗണ്‍വത്– വിവാദ കാര്‍ഷിക നിയമങ്ങള്‍ പാസ്സാക്കിയാല്‍ ശീതീകരണിസംവിധാനങ്ങളിലും ഗ്രാമങ്ങളില്‍ വെയര്‍ഹൗസുകളുടെ നിര്‍മ്മാണത്തിലും ഉള്ള നിക്ഷേപം വര്‍ധിക്കും എന്ന് സമര്‍ഥിക്കുന്ന വ്യക്തി. ആരുടെ കോള്‍ഡ് സ്‌റ്റോറേജ്, ആരുടെ വെയര്‍ഹൗസ് നിക്ഷേപമേഖല ഒക്കെയാണ് വികസിക്കുക എന്നതിനെപ്പറ്റി കര്‍ഷകര്‍ക്ക് സംശയത്തിന് വകയുണ്ടാവാനിടയില്ല. പഞ്ചാബ്, ഹരിയാന എന്നീ രണ്ട് സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ കര്‍ഷകരുടെ തുറന്ന മാര്‍ക്കറ്റ് ഇല്ലാതായിപ്പോകും എന്ന് പരിതപിക്കുന്ന വ്യക്തി കൂടിയാണ് അനില്‍.