അമിത് ഷായ്‌ക്കെതിരേ കര്‍ണാടകയില്‍ കര്‍ഷകരുടെ പ്രതിഷേധം. ബെലഗാവിയില്‍ തറക്കല്ലിടല്‍ ചടങ്ങിന് എത്തിയപ്പോഴായിരുന്നു കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം കര്‍ഷകര്‍ പ്രതിഷേധം ഉയര്‍ത്തിയത്.
അമിത് ഷാ എത്തുന്നത് അറിഞ്ഞ് ഞായറാഴ്ച രാവിലെ മുതല്‍ തന്നെ നിരവധി കര്‍ഷകര്‍ പ്രദേശത്തെ പലയിടങ്ങളിലും ചെറുസംഘങ്ങളായി തിരിഞ്ഞ് ധര്‍ണ നടത്തിയിരുന്നു. മന്ത്രി ചടങ്ങിനെത്തിയതോടെ തറക്കല്ലിടല്‍ നടക്കുന്ന ഫാക്ടറിക്ക് മുന്നിലേക്ക് കൂട്ടമായെത്തിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.
അമിത് ഷായെ കര്‍ഷക വിരോധി എന്നാണ് പ്രതിഷേധക്കാര്‍ അഭിസംബോധന ചെയ്തത്. കര്‍ഷക വിരോധിയായ അമിത് ഷാ ഇവിടംവിട്ടുപോവുക എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി.