Categories
kerala

പിണറായിക്കറിയാം കെ.എസ്.ആര്‍.ടി.സി.യില്‍ നടക്കുന്നത് എന്തെന്ന്…

മുഖ്യമന്ത്രിയുടെ നിലപാട് അറിയുന്നതിനാല്‍ സി.പി.എം. ട്രേഡ് യൂണിയന്‍ നേതാക്കളും സി.ഐ.ടി.യു. നേതാക്കളും ഒതുങ്ങിയ പ്രതികരണം മാത്രമാണ് ഈ വിഷയത്തില്‍ നടത്തുന്നത്

Spread the love

കെ.എസ്.ആര്‍.ടി.സി. എം.ഡി. ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലോടെ തുടങ്ങിയ വിവാദത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നില്ലെങ്കിലും സൂചനകള്‍ കൊണ്ട് തന്റെ നിലപാട് പിണറായി വിജയന്‍ വ്യക്തമാക്കിയിരിക്കയാണ്. താന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ആദ്യ നാളുകളില്‍ കെ.എസ്.ആര്‍.ടി.സിയെ നന്നാക്കാന്‍ ആത്മാര്‍ഥമായി ഇടപെടാന്‍ ആഗ്രഹിച്ച ആളായിരുന്നു പിണറായി വിജയന്‍. അതിനായി ശ്രമിച്ചപ്പോള്‍ സ്വന്തം പാര്‍ടിയുടെ യൂണിയന്‍ തന്നെ ശക്തമായ ചെറുത്തു നില്‍പ്പും പാരവെപ്പുമാണ് നടത്തിയത് എന്നത് പരസ്യമായ രഹസ്യമാണ്. മുഖ്യമന്ത്രി താല്‍പര്യമെടുത്ത് നിയമിച്ച എം.ഡി.മാരെയൊന്നും അംഗീകരിക്കാന്‍ സി.പി.എം. നിയന്ത്രിക്കുന്ന അസോസിയേഷന്‍ തയ്യാറായില്ല. ഘടനാപരമായ പരിഷ്‌കരണങ്ങള്‍ക്കുള്‍പ്പെടെ സഹായകരമായ നിലപാടായിരുന്നു മുഖ്യമന്ത്രിക്ക്. കാലോചിതമായി പരിഷ്‌കരിച്ചില്ലങ്കില്‍ കെ.എസ്.ആര്‍.ടി.സി.യെ പിടിച്ചാല്‍ കിട്ടില്ല എന്ന തിരിച്ചറിവില്‍ മുഖ്യമന്ത്രി എത്തിയിരുന്നു. എല്ലായ്‌പ്പോഴും സര്‍ക്കാര്‍ ധനസഹായം നല്‍കി ജീവിപ്പിക്കേണ്ടുന്ന അവസ്ഥ അവസാനിക്കേണ്ടതുണ്ടെന്ന് പിണറായി പറയുകയുണ്ടായി. ഒരു ഘട്ടത്തില്‍ പെന്‍ഷന്‍ വിതരണം മുഴുവനായി മുടങ്ങുകയും കുടിശ്ശിക വര്‍ധിക്കുകയും ചെയ്തു. പെന്‍ഷനായ മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായി. അവസാനം പെന്‍ഷന്‍ ബാധ്യത മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച് , ഇനിയെങ്കിലും പ്രവര്‍ത്തനച്ചെലവ് സ്വയം കണ്ടെത്താന്‍ സൂചന നല്‍കുകയും ചെയ്തത് പിണറായി നേരിട്ടായിരുന്നു.
ജീവനക്കാര്‍ ദീര്‍ഘ അവധിയെടുത്ത് വിദേശത്തുള്‍പ്പെടെ ജോലിക്കു പോവുകയും പെന്‍ഷന്‍ ആകാന്‍ കാലമാകുമ്പോള്‍ മാത്രം വീണ്ടും ജോയിന്‍ ചെയ്ത് പെന്‍ഷന് അര്‍ഹത നേടുകയും ചെയ്യുന്ന അവസ്ഥ, അവധിയെടുത്ത് നാട്ടില്‍ തന്നെ മറ്റു വാഹനങ്ങളില്‍ കൂടുതല്‍ വേതനത്തിന് ജോലി ചെയ്യുന്ന സ്ഥിതി…ഇങ്ങനെയുള്ള പല ദുഷ്പ്രവണതകളും മുഖ്യമന്ത്രി തിരിച്ചറിഞ്ഞിരുന്നു. എം.പാനല്‍ ജീവനക്കാരെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കൂട്ടത്തോടെ പിരിച്ചുവിട്ടപ്പോഴും സര്‍ക്കാര്‍ തന്ത്രപരമായ സമീപനമാണ് കൈക്കൊണ്ടത്. പിരിച്ചു വിട്ടവര്‍ സി.പി.എം. യൂണിയന്റെ നേതൃത്വത്തില്‍ തന്നെ സെക്രട്ടേറിയറ്റിനു മുന്നില്‍ മാസങ്ങളോളം സത്യഗ്രഹം കിടന്നപ്പോഴും പിണറായി കുലുങ്ങിയില്ല.
ഇപ്പോള്‍ ബിജു പ്രഭാകര്‍ നടത്തിയ വിമര്‍ശനങ്ങള്‍ ഒരു പരിഷ്‌കരണ നടപടിയിലേക്ക് നയിക്കാന്‍ ഉദ്ദേശിച്ചു തന്നെ ഉള്ളതാണെന്ന് വ്യക്തമാണ്. ഇതിന് മുഖ്യമന്ത്രിയുടെ പിന്തുണയും ഉണ്ട്. അതേസമയം പരസ്യപ്രതികരണം വേണ്ടെന്ന് വിലക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിലപാട് അറിയുന്നതിനാല്‍ സി.പി.എം. ട്രേഡ് യൂണിയന്‍ നേതാക്കളും സി.ഐ.ടി.യു. നേതാക്കളും ഒതുങ്ങിയ പ്രതികരണം മാത്രമാണ് ഈ വിഷയത്തില്‍ നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

Spread the love
English Summary: CM Pinarayi Vijayan is aware of the issues in KSRTC , says KSRTC MD Biju Prabhakar.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick