കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള മേല്‍നോട്ട സമിതിയുടെ ചെയര്‍മാനായി ഉമ്മന്‍ചാണ്ടിയെ നിയമിച്ചു. മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മേല്‍നോട്ട സമിതിയിലെ അംഗം മാത്രമാണ്. എ.ഐ.സി.സി. ജനറല്‍സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ പ്രസിഡണ്ട് വി.എം. സുധീരന്‍, വര്‍ക്കിങ് പ്രസിഡണ്ട് കെ.സുധാകരന്‍, കെ.മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും സമിതി അംഗങ്ങളാണ്.
ഡെല്‍ഹിയില്‍ കേരള നേതാക്കളെ വിളിച്ചു വരുത്തി നടത്തിയ ആലോചനയിലാണ് കേരളത്തെ നയിക്കേണ്ടവരുടെ കാര്യത്തില്‍ തീരുമാനമുണ്ടായിരിക്കുന്നത്. എ.കെ. ആന്‍ണിക്ക് മേല്‍നോട്ട ചുമതലയും ഉണ്ടാകും. ഉമ്മന്‍ ചാണ്ടിയുടെ ഏ വിഭാഗത്തെയും ചെന്നിത്തലയുടെ ഐ വിഭാഗത്തെയും ഉള്‍പ്പെടെ അഭിപ്രായഭിന്നതയില്ലാതെ യോജിപ്പിച്ച് നിര്‍ത്താനുള്ള പാലമായിട്ടായിരിക്കും ആന്റണിയുടെ സേവനം ഉപയോഗിക്കുക. ഹൈക്കമാന്‍ഡിന്റെ സമീപനം ഇതാണ്.
തിരഞ്ഞെടുപ്പിലെ ഏകോപനച്ചുമതല ഉമ്മന്‍ ചാണ്ടിയുടെ കയ്യില്‍ വരുന്നതോടെ രമേശ് ചെന്നിത്തലയുടെ ഭാഗധേയം മങ്ങിപ്പോവുകയാവും ഫലം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഇലക്ഷന്‍ വിജയം നേടിയാല്‍ സ്വാഭാവികമായും മുഖ്യമന്ത്രിസ്ഥാനം അദ്ദേഹത്തിന്റെ കയ്യില്‍ തന്നെ വരും. ചെന്നിത്തല ഇതിനെതിരെ നല്ല എതിര്‍പ്പ് ഉയര്‍ത്തുമെന്നതും കോണ്‍ഗ്രസില്‍ ചേരി തിരിഞ്ഞ പോരാട്ടങ്ങള്‍ ഉണ്ടാകുമെന്നതും ഉറപ്പാണ്.