ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ കേരളത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. മലയാളിയുടെ വീടുകളിലെ പുരുഷാധിപത്യ ജീര്‍ണതകളും ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പകളും അടുക്കളകളില്‍ തളച്ചിടപ്പെടുന്ന സ്ത്രീത്വത്തെ സ്വന്തം സുഖോപകരണം മാത്രമായി കാണുന്ന ആണ്‍കോയ്മയുടെ ക്രൂരമുഖങ്ങളും പച്ചയ്ക്ക് ചിത്രീകരിക്കുന്ന ഈ സിനിമ പക്ഷേ നേരിട്ട തിരിച്ചടികളുമുണ്ടെന്ന് അതിന്റെ സംവിധായകന്‍ ജിയോ ബേബി ‘ട്രൂ കോപ്പി തിങ്ക്’ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
താരതമ്യേന ചെറിയ ഒരു ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നീസ്ട്രീം-ല്‍ ആണ് സിനിമ റീലീസ് ചെയ്തിരിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് സിനിമാ ചിത്രീകരണത്തിന് വിലക്ക് നീക്കിയ ജൂലായില്‍ ചിത്രീകരണം തുടങ്ങിയ സിനിമ ഒ.ടി.ടി. റിലീസ് ഉദ്ദേശിച്ചു തന്നെയാണ് നിര്‍മ്മിച്ചത്. പൂര്‍ത്തിയാക്കിയ ശേഷം പ്രമുഖ പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവയെ സമീപിച്ചു. ആമസോണ്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ചു. ലാഭം ഷെയര്‍ ചെയ്യുന്ന രീതിയിലാണെങ്കില്‍ സിനിമ ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് അവര്‍ അറിയിച്ചു. എന്നാല്‍ സിനിമയുടെ പ്രമേയം മനസ്സിലാക്കിയ ശേഷം അവര്‍ തന്ന മറുപടി തങ്ങളുടെ മാനദണ്ഢം പാലിക്കുന്നില്ലാത്തതിനാല്‍ ഈ സിനിമ ഏറ്റെടുക്കാന്‍ പറ്റില്ല എന്നായിരുന്നു. എന്താണ് മാനദണ്ഡം എന്ന് ചോദിച്ചിട്ട് അവര്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. നെറ്റ്ഫ്‌ളിക്‌സ് ആദ്യഘട്ടത്തില്‍ തന്നെ പറ്റില്ലെന്നു പറയുകയുണ്ടായി— ജിയോ ബേബി പറയുന്നു.
സിനിമ പങ്കുവെക്കുന്ന സംഘപരിവാര്‍ വിമര്‍ശനം തന്നെയായിരിക്കാം ഈ പിന്‍മാറ്റത്തിന് കാരണം എന്നാണ് ജിയോ ബേബിയുടെ പ്രതികരണത്തെത്തുടര്‍ന്ന് സിനിമാസ്വാദകര്‍ ചര്‍ച്ച ചെയ്യുന്നത്.