ബീഹാര്‍ രാഷ്ട്രീയത്തിലെ അതികായന്‍ ലാലുപ്രസാദ് യാദവ് ഗുരുതരാവസ്ഥയില്‍. കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന 72 വയസ്സുള്ള ലാലുവിന് കടുത്ത ന്യൂമോണിയയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞ അവസ്ഥയും കാരണം ആരോഗ്യനില ആശങ്കയിലായിരുന്നു. ജയിലില്‍ നിന്നും ലാലുവിനെ റാഞ്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. സ്ഥിതി കൂടുതല്‍ ഗുരുതരമായതിനാല്‍ മികച്ച പരിചരണത്തിനായി ഡെല്‍ഹി എയിംസിലേക്ക് ശനിയാഴ്ച രാത്രി കൊണ്ടുപോയി.
എയര്‍ ആംബുലന്‍സിലാണ് ലാലുവിനെ ഡെല്‍ഹിയിലേക്ക് മാറ്റിയത്. രാത്രി 9.30-ന് ലാലുവിനെ ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഭാര്യ റാബ്‌റി ദേവി, മകന്‍ തേജസ്വീ യാദവ്, മകള്‍ മിസ എന്നിവര്‍ ആശുപത്രിയിലേക്ക് അനുഗമിച്ചു. ശ്വസിക്കാന്‍ പ്രയാസമുണ്ടായിരുന്ന ലാലുവിന് ശനിയാഴ്ചയാണ് സ്ഥിതി ഗുരുതരമായത്.