Categories
kerala

വെറുതെയാണോ ചുമതല ഉമ്മന്‍ ചാണ്ടിയെ ഏല്‍പിച്ചത് !! തോമസ് ഐസക് എഴുതുന്നു

ധനമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. പ്രതിപക്ഷനേതാവിനെ ഹൈക്കമാന്‍ഡിന് വിശ്വാസമില്ലാത്തതിന് കാരണം വിശദീകരിക്കുന്നു

Spread the love

Dr. തോമസ് ഐസക് എഴുതുന്നു..

ഇന്ത്യയിലെ ഐഡിയൽ ചീഫ് മിനിസ്റ്ററായി തിരഞ്ഞെടുക്കപ്പെടാൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് എത്ര കോടിയുടെ കരാർ കൊടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. അഞ്ച് കോടിയുടെ കരാര്‍ നല്‍കിയാല്‍ ഇന്ത്യയിലെയല്ല ലോകത്തിലെ ഏറ്റവും നല്ല സ്പീക്കര്‍ക്കുള്ള അവാര്‍ഡും കിട്ടുമെന്നായിരുന്നല്ലോ കേരളത്തിന്റെ സ്പീക്കർക്കെതിരെ പ്രതിപക്ഷ നേതാവിന്റെ പരിഹാസം.

thepoliticaleditor

പി. ശ്രീരാമകൃഷ്ണന് ഐഡിയൽ സ്പീക്കർ പുരസ്കാരം നൽകിയ അതേ സെലക്ഷൻ കമ്മിറ്റി തന്നെയാണല്ലോ പഞ്ചാബ് മുഖ്യമന്ത്രിയെയും പുരസ്കരിച്ചത്. അതേ സംഘാടകരുടേതു തന്നെയാണ് പുരസ്കാരം. ഇവിടെ കിട്ടിയ പുരസ്കാരം അഞ്ചു കോടിയുടെ കരാറിന്റെ പ്രതിഫലമാണെങ്കിൽ, പഞ്ചാബിൽ എത്ര കോടിയുടെ കരാർ കൊടുത്തു കാണും? കെ.എസ്. ശബരിനാഥനെ അതേ വേദിയിൽ Ideal legislator ആയി ആദരിച്ചു. ശബരിനാഥ് എത്ര കോടിയാണ് കൊടുത്തത്? Festival on Democracy യുടെ പേരിൽ 5 കോടി MIT പൂനെയ്ക്ക് കൊടുത്തിട്ടില്ലായെന്ന് സ്പീക്കർ സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇനിയെങ്കിലും തന്റെ ആരോപണം പ്രതിപക്ഷ നേതാവ് ആവർത്തിക്കില്ലായെന്നു കരുതട്ടെ.

അസംബന്ധം പറയുന്നതിൽ ഏതറ്റം വരെയും തരം താഴാൻ നമ്മുടെ പ്രതിപക്ഷ നേതാവിന് ഒരിക്കലും ഒരു സങ്കോചവും ഉണ്ടായിട്ടില്ല. സംസാരിക്കുന്നത് അസംബ്ലിയിലാണെന്നോ ചരിത്രമുള്ള കാലത്തോളം അതൊക്കെ സഭാ രേഖയിൽ കിടക്കുമെന്നോ ഒന്നും അദ്ദേഹത്തിന് ഒരു നോട്ടവുമില്ല. വായിൽ വരുന്നതെന്തും അദ്ദേഹം വിളിച്ചു കൂവും. ശ്രീരാമകൃഷ്ണനെ ഐഡിയൽ സ്പീക്കറായി തിരഞ്ഞെടുത്തവർ ഈ പ്രസംഗം കേട്ടാൽ രമേശ് ചെന്നിത്തലയെ ഐഡിൽ (idle) പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഏറ്റവും ഉദാസീനനായ പ്രതിപക്ഷ നേതാവ് എന്ന പദവിയ്ക്ക് അദ്ദേഹത്തിന് എതിരാളികളേയില്ല.

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ, പി ശ്രീരാമകൃഷ്ണനെയും ക്യാപ്റ്റൻ അമരീന്ദർ സിംഗിനെയുമൊക്കെ പുരസ്കാരത്തിന് തിരഞ്ഞെടുത്ത കമ്മിറ്റിയുടെ തലവൻ ആരെന്ന് അറിയുമോ. സാക്ഷാൽ ശിവരാജ് പാട്ടീൽ. കോൺഗ്രസിന്റെ സമുന്നത നേതാവ്. പത്താം ലോക്സഭയുടെ സ്പീക്കറും മൻമോഹൻ സിംഗ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയുമായിരുന്ന അതേ ശിവരാജ് പാട്ടീൽ.

ആരെങ്കിലും കാശുകൊടുത്തു തരപ്പെടുത്തുന്ന പുരസ്കാരത്തിന് ഊന്നുവടി കൊടുക്കാനിരിക്കുന്ന ആളാണോ രമേശ് ചെന്നിത്തലയുടെ ദേശീയ നേതാവ്? ആണെങ്കിൽ അക്കാര്യം കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ അദ്ദേഹത്തിന് ചങ്കൂറ്റമുണ്ടോ? ഒന്നു ഗൂഗിളിൽ പരതിയാൽ അമരീന്ദർ സിംഗ് ഈ പുരസ്കാരം സ്വീകരിക്കുന്ന ചിത്രവും വാർത്തയും കാണാം. ശ്രീരാമകൃഷ്ണൻ അവാർഡ് സ്വീകരിച്ച അതേ ആഴ്ചയിൽ അമരീന്ദർ സിംഗിന് പുരസ്കാരം നൽകിയത് മുൻ പ്രസിഡന്റ് പ്രണബ് മുഖർജി.

എത്ര ഉദാസീനമായിട്ടാണ് അദ്ദേഹം കാര്യങ്ങളെ കാണുന്നത് എന്നു നോക്കൂ. ഒരു കാര്യവുമില്ലാതെ ശ്രീരാമകൃഷ്ണനു നേരെ വാരിയെറിഞ്ഞ ചെളി രണ്ടു കോൺഗ്രസ് നേതാക്കളുടെ കൂടി ദേഹത്താണ് പതിച്ചത്. വെറുതേയാണോ, അവരുടെ ഹൈക്കമാൻഡ് ഇദ്ദേഹത്തിന്റെ കൈയിൽ നിന്ന് കടിഞ്ഞാൺ പിടിച്ചു വാങ്ങി ഉമ്മൻചാണ്ടിയെ ഏൽപ്പിച്ചത്. കുറച്ചു കൂടി ഭേദമാണ് ഉമ്മൻചാണ്ടിയെന്ന് കോൺഗ്രസ് നേതൃത്വം വിചാരിച്ചെങ്കിൽ അവരെ ആരു കുറ്റം പറയും?

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick