ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി സര്‍ക്കാര്‍ നടത്തിയ ഒന്‍പതാം റൗണ്ട് ചര്‍ച്ചയും വിജയിച്ചില്ല. സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. അതു കൊണ്ടു തന്നെ കര്‍ഷക നേതാക്കള്‍ കൂടുതലൊന്നും സംസാരിച്ചുമില്ല. അവര്‍ ഒരു പോസ്റ്റര്‍ ഉയര്‍ത്തി മൗനമായി പ്രതികരിച്ചു– ഗുരുമുഖി ലിപിയിലെഴുതിയ പോസ്റ്ററില്‍ ഞങ്ങള്‍ ജയിക്കും അല്ലെങ്കില്‍ മരിക്കും എന്നായിരുന്നു എഴുതിയിരുന്നത്.
നിയമം മാറ്റണമെങ്കില്‍ കോടതിയില്‍ പോയ്‌ക്കോ എന്നായിരുന്നു കൃഷിമന്ത്രി നരേന്ദ്രസിങ് തോമറിന്റെ നിര്‍ദ്ദേശം. എന്നാല്‍ തങ്ങള്‍ ഒരു കോടതിയിലും പോകുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ഞങ്ങള്‍ പൊരുതും, പൊരുതി മരിക്കും…ഇതായിരുന്നു നേതാക്കളുടെ പ്രതികരണം. സര്‍ക്കാര്‍ തങ്ങളെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഞങ്ങള്‍ സര്‍ക്കാരിനെയും കേള്‍ക്കില്ല എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ തീരുമാനിച്ച ട്രാക്ടര്‍ റാലിയുമായി മുന്നോട്ടു പോകാനും കര്‍ഷകനേതാക്കള്‍ ഒരുങ്ങിയിരിക്കയാണ്.