പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായ വി.കെ.ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടി വെക്കണം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എറണാകുളം ജില്ല വിട്ടു പോകരുത്, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം .
നേരത്തെ മുസ്ലിം എജ്യുക്കേഷന്‍ അസോസിയേഷനിലേക്ക് മത്സരിക്കാനുള്ള അനുമതിക്ക് വേണ്ടി ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതടക്കമുള്ള എല്ലാ അപേക്ഷകളും പിന്‍വലിക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ജാമ്യം. ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരും കാര്യമായ എതിര്‍പ്പറിയിച്ചില്ല.
നവംബര്‍ 26-നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കാന്‍സര്‍ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.