അമിത് ഷായുടെ രണ്ടു ദിവസത്തെ പശ്ചിമബംഗാള്‍ പര്യടനം ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി മാറി. രണ്ടാംദിവസമായ ഞായറാഴ്ച അദ്ദേഹം രാവിലെ ശാന്തിനികേതന്‍ സന്ദര്‍ശിച്ചു. രവീന്ദ്രനാഥ ടാഗോറിന് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. വിശ്വഭാരതി സര്‍വ്വകലാശയില്‍ കലാപരിപാടി വീക്ഷിച്ച ശേഷം അമിത് ഷാ നേതൃത്വം കൊടുത്ത ഒരു റോഡ് ഷോ ആയിരുന്നു പരിപാടി. ബോല്‍പൂര്‍ ആണ് അമിത്ഷായുടെ റോഡ് ഷോയ്ക്ക് കേന്ദ്രമായി തിരഞ്ഞെടുത്തത്.
ബോല്‍പൂരിന് ബംഗാള്‍ രാഷ്ട്രീയത്തില്‍ ഒരു പ്രത്യേക പ്രാധാന്യവും ആകര്‍ഷണീയതയുമുണ്ട്. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു കാമ്പയിന്‍ തുടങ്ങാന്‍ അമിത്ഷാ ബോല്‍പുര്‍ തന്നെ തിരഞ്ഞെടുത്തതും അതിനാല്‍ തന്ത്രപ്രധാനമാണ്.

- ബംഗാളിയുടെ സ്വത്വം തന്നെയായ രവീന്ദ്രനാഥടാഗോറിന്റെ ശാന്തിനികേതന്‍ ഇവിടെയാണ്. ബംഗാളിയുടെ മനസ്സില്‍ തൊടാനുള്ള മാര്‍ഗങ്ങളിലൊന്നാണ് ടാഗോര്‍ സ്മരണ.
- ബംഗാള്‍ രാഷ്ട്രീയത്തിലെ പരിവര്‍ത്തനങ്ങളുടെ സാക്ഷിയായ ഇടം കൂടിയാണ് ബോല്‍പുര്‍. സി.പി.എമ്മിന്റെ ഏറ്റവും പ്രമുഖ പാര്‍ലമെന്റേറിയനായിരുന്നു സോമനാഥ് ചാറ്റര്‍ജി ഏഴ് തവണ ജയിച്ച,1971 മുതല്‍ 2014 വരെ പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമാണ് ബോല്‍പൂര്‍. 2014-ല്‍ അത് തൃണമൂല്‍ പിടിച്ചെടുത്തു. ശാന്തിനികേതന്റെ മണ്ണില്‍ നിന്നും അടുത്ത രാഷ്ട്രീയ പരിവര്‍ത്തനം എന്ന പ്രചാരണത്തിന് ബി.ജെ.പി. പ്രാധാന്യം നല്‍കുന്നു.