40 കര്‍ഷകസംഘടനകള്‍ സമരത്തിലുള്ളപ്പോള്‍ അവയില്‍ 13 എണ്ണത്തിന്റെ നേതാക്കളെ മാത്രം ചൊവ്വാഴ്ച രാത്രി വൈകി ചര്‍ച്ചയ്ക്ക് വിളിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ കളിക്കുന്ന തന്ത്രങ്ങള്‍ കര്‍ഷകരുടെ ഐതിഹാസിക സമരം ഭിന്നിപ്പിച്ച് പൊളിക്കാനാണെന്ന് ശക്തമായ അഭ്യൂഹം.
ബുധനാഴ്ച വൈകീട്ട് ആറാം വട്ട ഔദ്യോഗിക ചര്‍ച്ച നടക്കാനിരിക്കവേയാണ് ധൃതിയില്‍ ഏതാനും നേതാക്കളെ മാത്രം വിളിച്ച് ചൊവ്വാഴ്ച രാത്രി അമിത് ഷാ ചര്‍ച്ച നടത്തിയത്. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ആണ് തിരശ്ശീലയ്ക്കു പിറകില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പ്രമുഖന്‍. കര്‍ഷക നിയമം പൂര്‍ണമായി റദ്ദാക്കണമെന്ന ആവശ്യത്തിനൊപ്പം പരസ്യമായി നില്‍ക്കുമ്പോഴും ടിക്കായത്ത് രഹസ്യമായി ഒത്തുതീര്‍പ്പുകള്‍ക്ക് ചരടുവലിക്കുന്നു എന്ന സൂചന ശക്തമാണ്. ബുധനാഴ്ച വൈകീട്ടോടെ പ്രശ്‌നം തീരും എന്നൊക്കെ അദ്ദേഹം പറയുന്നുണ്ട്.


മിനിമം സപ്പോര്‍ട്ട പ്രൈസ് അഥവാ തറവില ഉറപ്പുനല്‍കുന്നതായി എഴുതി നല്‍കാം എന്ന ഒത്തുതീര്‍പ്പിലേക്ക് കര്‍ഷകരെ എത്തിക്കുക എന്നതാണ് അമിത്ഷായുടെ തന്ത്രം. ഇത് കര്‍ഷകരെ കബളിപ്പിക്കലാണ്. കാരണം ഇത്തരം എഴുതി നല്‍കല്‍ കൊണ്ട് വലിയ കാര്യമൊന്നും ഇല്ല. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തില്‍ മാറ്റം വരുത്താതെ ഇത്തരം ഉറപ്പുകള്‍ കൊണ്ട് ഒരു കാര്യവുമില്ല. കര്‍ഷകരുടെ കണ്ണില്‍ പൊടിയിട്ട് ഇത്രയും വലിയ കര്‍ഷക രോഷത്തെ ഒതുക്കാനാണ് അമിത്ഷായുടെ കുറുക്കന്‍ബുദ്ധി പ്രവര്‍ത്തിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയിലെ യോഗത്തിനു ശേഷം കര്‍ഷക നേതാക്കളെ പല വിദഗ്ധരെക്കൊണ്ടും വിളിപ്പിച്ച് കര്‍ഷക നിയമം ഭാവിയില്‍ വലിയ ഗുണം ചെയ്യും എന്ന് വിശദീകരിപ്പിക്കാനും അമിത്ഷാ തയ്യാറായിട്ടുണ്ട്. കുറച്ച് നേതാക്കളുടെയെങ്കിലും മനസ്സ് മാറ്റി സമരത്തില്‍ വിള്ളലുണ്ടാക്കലാണ് ഷായുടെ ലക്ഷ്യം. ഇത് സാധിച്ചാല്‍ സമരം പൊളിക്കുക എളുപ്പമാണ്. സമരത്തില്‍ രാഷ്ട്രീയപാര്‍ടികള്‍ ഇടപെട്ടതു മുതള്‍ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാണ്.
ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പ്രതിപക്ഷകക്ഷിനേതാക്കള്‍ കര്‍ഷകരുടെ ആവശ്യവുമായി രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍.സി.പി.നേതാവ് ശരദ് പവാര്‍ ഉള്‍പ്പെടെയുള്ളവരാണ് രാഷ്ട്രപതിയെ സന്ദര്‍ശിക്കുക.
ബുധനാഴ്ച ഔദ്യോഗിക ചര്‍ച്ചയ്ക്കു മുമ്പായി കേന്ദ്രമന്ത്രിസഭായോഗം ചേരുന്നുണ്ട്.
അന്തരിച്ച കിസാന്‍ നേതാവ് മഹേന്ദ്രസിങ് ടിക്കായത്തിന്റെ മകനും ഭാരത് കിസാന്‍ യൂണിയന്റെ ഇപ്പോഴത്തെ നേതാവുമായ രാകേഷ് ടിക്കായത്ത് സര്‍ക്കാരുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. കാര്‍ഷിക നിയമം പിന്‍വലിക്കുംവരെ സമരം തുടരുമെന്നാണ് പരസ്യമായി രാകേഷ് ടിക്കായത്ത് പറയുന്നത്. എന്നാല്‍ രഹസ്യമായി കേന്ദ്രസര്‍ക്കാരുമായി സംസാരിക്കുന്നത് തുടരുകയും ചെയ്യുന്നു. കര്‍ഷക നേതാക്കളില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് രാകേഷ് ടിക്കായത്ത് സഹായം ചെയ്യുകയാണോ എന്ന സംശയവും പലരിലുമുണ്ട്. കര്‍ട്ടനു പിറകില്‍ നടക്കുന്ന കളികളുടെ ഭാഗമായാണ് അമിത്ഷായുമായുള്ള കര്‍ഷകസംഘടനകളുടെ കൂടിക്കാഴ്ച എന്നും പറയുന്നു.