തദ്ദേശ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ്
ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന് നിഗമനം…
വിശദാംശങ്ങള്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ടം വോട്ടെടുപ്പില്‍ ആകെ 75 ശതമാനമാണ് വോട്ടിങ് നടന്നതെന്ന് കണക്കുകള്‍. ആലപ്പുഴയിലാണ് ഏറ്റവും അധികം പോളിങ്–76.42, ഏറ്റവും കുറവ് തിരുവനന്തപുരത്തുമാണ്–69.07.
കൊല്ലം–72.79, പത്തനംതിട്ട–69,33, ആലപ്പുഴ–76.42, ഇടുക്കി–73.99 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
മുന്‍വര്‍ഷങ്ങളില്‍ പ്രളയക്കെടുതികള്‍ ഏറ്റവും കൂടുതല്‍ നേരിട്ട ജില്ലകളിലാണ് പോളിങ് ശതമാനം പൊതുവെ ഉയര്‍ന്നിരിക്കുന്നത്. തദ്ദേശഭരണത്തെ വിലയിരുത്തുമ്പോള്‍ ജനം പ്രധാനമായും പ്രളയ,രോഗകാലങ്ങളിലെ പ്രകടനം വിലയിരുത്താന്‍ സാധ്യതയുണ്ടെന്നും അത് ഇടതുമുന്നണിയെ ഗുണകരമായി സഹായിക്കുമെന്നും അനുമാനിക്കപ്പെടുന്നുണ്ട്. തിരുവനന്തപുരത്ത് പോളിങ് ശതമാനം കുറഞ്ഞത് ഇടതുപക്ഷത്തെയാണ് സഹായിക്കുക എന്നും യു.ഡി.എഫിന് കൂടുതല്‍ നഷ്ടത്തിനാണ് സാധ്യതയെന്നും അനുമാനിക്കുന്നുണ്ട്. ബി.ജെ.പി. കഴിഞ്ഞ തവണത്തേക്കാള്‍ അധികം സീറ്റ് തിരുവനന്തപുരത്ത് നേടുമെന്നും കോണ്‍ഗ്രസിന് സീറ്റി കുറയുമെന്നുമാണ് നിഗമനം.
സമീപകാലത്തായി കേരളത്തില്‍ പൊതു തിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം വര്‍ധിക്കുന്നത് ഇടതുപക്ഷത്തിന് എതിരായി വരാറില്ല എന്നതും ഈ അനുമാനത്തിന് ബലം നല്‍കുന്ന കാര്യമായി പരിഗണിക്കപ്പെടുന്നു. മുന്‍പൊക്കെ പോളിങ് ശതമാനം കുറഞ്ഞാല്‍ ഇടതു പക്ഷത്തിന് അനുകൂലമെന്നും കൂടിയാല്‍ പ്രതികൂലമാകുമെന്നും വ്യാഖ്യാനം ഉണ്ടാകാറുണ്ടായിരുന്നു. ഇടതുപക്ഷം അവരുടെ മുഴുവന്‍ വോട്ടുകളും ഉറപ്പായും ചെയ്യിക്കുമെന്നും യു.ഡി.എഫ്. ഇക്കാര്യത്തില്‍ ഉദാസീനത കാട്ടുന്നതിനാലാണ് പോളിങ് കുറയുന്നതെന്നും പറയാറുണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്തായി ബി.ജെ.പി ഗണ്യമായ ശക്തിയായി ഉയര്‍ന്നു വന്നതോടെ ചിത്രം മാറുകയാണുണ്ടായത്. യു.ഡി.എഫിന്റെ ഉദാസീന വോട്ടുകള്‍ വ്യാപകമായി ബി.ജെ.പി. പിടിക്കുന്നതു മൂലമാണ് പോളിങ് ശതമാനം കൂടുന്നതെന്നാണ് പുതിയ അനുമാനം.