വയനാട്ടേക്ക് പോകാനായി നീലഗിരിയില്‍ ഹെലികോപ്ടറില്‍ ഇറങ്ങിയ ഉടനെ അവിടെ കാത്തു നിന്നിരുന്ന തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഹെലികോപ്ടറില്‍ പരിശോധന നടത്തിയത് വിവാദമാകുന്നു. കള്ളപ്പണം തേടിയാണ് ഹെലികോപ്ടറില്‍ പരിശോധന നടത്തിയത് എന്ന് വ്യക്തമാക്കപ്പെട്ടതോടെ കോണ്‍ഗ്രസ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രതിഷേധവുമായി രംഗത്തു വന്നിരിക്കയാണ്. മോദിയുടെയും അമിതാ്ഷായുടെയും ഹെലികോപ്ടറും പരിശോധിക്കണമെന്ന് ജയ്‌റാം രമേശ് ആവശ്യപ്പെട്ടു. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ കള്ളപ്പണം ഹെലികോപ്ടറില്‍ കൊണ്ടു വന്ന ഓര്‍മയിലായിരിക്കണം രാഹുലിന്റെ ആകാശവാഹനത്തിലും പരിശോധന നടത്തിയതെന്നും തിരഞ്ഞെടുപ്പു കമ്മീഷനെ ബിജെപി നിയന്ത്രണത്തില്‍ കൊണ്ടുവന്നു കഴിഞ്ഞുവെന്ന് തെളിയുന്നതായും കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡണ്ട് എം.എം.ഹസ്സന്‍ പ്രസ്താവിച്ചു.
നീലഗിരിയിൽ ഹെലികോപ്റ്റർ ഇറങ്ങിയതിന് പിന്നാലെ ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയായിരുന്നു. തൻ്റെ പാർലമെൻ്റ് മണ്ഡലമായ കേരളത്തിലെ വയനാട്ടിലേക്കുള്ള യാത്രയിലായിരുന്നു രാഹുൽ ഗാന്ധി. ഹെലികോപ്‌ടറിൽ വന്നിറങ്ങിയതിനുശേഷം രാഹുൽ ബത്തേരിയിലേയ്ക്ക് പോയി.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 4.31 ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് വിജയിച്ചത്. കേരളത്തിൽ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന മാർജിൻ ആയിരുന്നു ഇത്. എൽഡിഎഫ് സ്ഥാനാർഥി പിപി സുനീറിനെയാണ് പരാജയപ്പെടുത്തിയത്. 64.94 ശതമാനം വോട്ട് രാഹുൽ നേടി. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ എൻഡിഎ രംഗത്തിറക്കിയെങ്കിലും അദ്ദേഹം 7.25 ശതമാനം, അതായത് 78,000 വോട്ടുകൾ മാത്രം നേടി.