ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ പട്ടികയിൽ 39 സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചതിൽ 15 പേരാണ് പൊതുവിഭാഗത്തിൽ നിന്നുള്ളവർ. 24 പേർ എസ്‌സി/എസ്ടി/ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുമാണ്.
രാഹുൽ ഗാന്ധി, ശശി തരൂർ, ഭൂപേഷ് ബാഗേൽ, കെസി വേണുഗോപാൽ തുടങ്ങിയവരാണ് കോൺഗ്രസ് ആദ്യ പട്ടികയിൽ പ്രഖ്യാപിച്ച പ്രമുഖർ. രാഹുൽ ഗാന്ധി കേരളത്തിലെ വയനാട്ടിൽ മത്സരിക്കുമ്പോൾ അമേഠിയിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
കർണാടകയിലെ ബെംഗളൂരു റൂറൽ സീറ്റിൽ മത്സരിക്കുന്ന കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ സഹോദരൻ ഡികെ സുരേഷ് ആണ് പട്ടികയിലെ മറ്റൊരു പ്രമുഖൻ.
ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് മണ്ഡലത്തിൽ നിന്നാണ് ഭൂപേഷ് ബാഗേൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്നത്. അതേസമയം, കേരളത്തിലെ ആലപ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മത്സരിക്കുന്നു.
ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ വടക്കുകിഴക്കൻ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ചത്തെ കോൺഗ്രസ് സിഇസി യോഗത്തിന് ശേഷം അടുത്ത ആഴ്ച ആദ്യം രണ്ടാം പട്ടിക പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.