നർത്തകൻ ആർഎൽവി രാമകൃഷ്ണനെക്കുറിച്ചുള്ള കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശം ഏറ്റവും തെറ്റെന്ന് നർത്തകി മേതിൽ ദേവിക. വിവേചനപരവും തെറ്റായതുമായ പരാമർശമാണ് സത്യഭാമ നടത്തിയതെന്നു മാഹിയിൽ ഒരു ദൃശ്യ മാധ്യമത്തോട് സംസാരിക്കവേ, സത്യഭാമയുടെ മാനസിക നിലയിലെ കേരളീയ സമൂഹം എന്നോ തള്ളിക്കളഞ്ഞതും കാലഹരണപ്പെട്ടതുമായ ഫ്യൂഡല്‍ സവര്‍ണ നിലപാടുകളെക്കുറിച്ച് അവർ പ്രതികരിച്ചു.

“ജാതി, നിറം, ശരീരം മുതൽ ലിംഗവിവേചനം വരെയുള്ള കാര്യങ്ങളെക്കുറിച്ച് കുറേ കാലം മുമ്പ് തന്നെ നൃത്തമേഖലയിലുള്ളവർ ചർച്ചചെയ്‌ത് കഴിഞ്ഞതാണ്. അതിൽനിന്നെല്ലാം ഉയർത്തെഴുന്നേറ്റവരാണ് നമ്മൾ. എന്നിട്ടും ചിലർ അവിടെത്തന്നെ നിൽക്കുകയാണ്. എന്ത് ചെയ്യാനാ? വളരെ മോശമാണ് ഇതെല്ലാം. മോഹിനിയാട്ടം നടത്തുന്നവർ മോഹിനി ആയിരിക്കണം മോഹനൻ ആവരുത് എന്നൊന്നുമില്ല. ഇതിൽ തർക്കിക്കാൻ പോലും ഒന്നുമില്ല.

ആരാണ് മോഹിനി. അവരുടെ മനസിന്റെ കുഴപ്പമാ. സാധാരണ ചിന്തിക്കുന്ന ഒരാൾ ഇങ്ങനെയൊക്കെ പറയുമെന്ന് എനിക്ക് തോന്നുന്നില്ല. കലാമണ്ഡലത്തിലെ എല്ലാ അദ്ധ്യാപകരും ഇങ്ങനെയൊന്നും അല്ല. ഇങ്ങനെയുള്ള വ്യക്തികൾക്ക് എന്തിന് ഓരോ ചുമതലകൾ കൊടുക്കുന്നു. അവരെ അവിടെ ഇരുത്തുന്ന ആൾക്കാരെയാണ് നമ്മൾ പറയേണ്ടത്. ഈ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയുണ്ടോ എന്ന് അവർ തീരുമാനിക്കണം.”–ദേവിക പറഞ്ഞു.