തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിൻ്റെ രാജിയെ തുടർന്ന് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം മാർച്ച് 15 ന് നടക്കുമെന്ന് റിപ്പോർട്ട്. അതിനു ശേഷമായിരിക്കും തിരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിക്കുക എന്നും പറയുന്നു. അരുണ്‍ ഗോയല്‍ രാജിവെച്ചതോടെ ഇപ്പോള്‍ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ മാത്രമേയുള്ളൂ. മറ്റൊരു അംഗം നേരത്തെ വിരമിച്ചിരുന്നു. പകരം ആരെയും നിയമിച്ചിരുന്നുമില്ല.
തിരഞ്ഞെടുപ്പു കമ്മീഷണറെ തീരുമാനിക്കാനുള്ള സമിതിയില്‍ സര്‍ക്കാരിന് മുന്‍തൂക്കം ഉറപ്പാക്കാനുള്ള ശ്രമം നേരത്തേ തുടങ്ങിയിരുന്നു ബിജെപി സര്‍ക്കാര്‍. നേരത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുടെ സമിതിക്കായിരുന്നു അധികാരം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാര്‍ലമെന്റില്‍ പുതിയ ഭേദഗതി കൊണ്ടു വന്ന് സര്‍ക്കാര്‍ ഈ സമിതിയെ അട്ടിമറിച്ചു.
നിലവില്‍ പ്രധാനമന്ത്രി, പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്ന മറ്റൊരു കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണ് സമിതി അംഗങ്ങള്‍. സ്വാഭാവികമായും ഭരിക്കുന്ന പാര്‍ടിക്ക് ഭൂരിപക്ഷമുള്ള സമിതിയായി മാറുന്നതോടെ അവര്‍ക്കിഷ്ടപ്പെട്ട ആളുകളെ തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരായി നിയമിക്കാന്‍ സാധിക്കും.