വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. സര്‍ക്കാര്‍ 400 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അവകാശവാദം സഫലമാകില്ലെന്ന് ഒരു ദേശീയ സര്‍വ്വേ ഫലം. ടിഎൻ-ഇടിജി റിസർച്ച് സർവേ പ്രകാരം, എൻഡിഎ 358-398 സീറ്റുകൾ നേടിയേക്കും. ഇന്ത്യ സഖ്യം 110 മുതൽ 130 വരെ സീറ്റുകൾ നേടുമെന്നും പ്രവചനം പറയുന്നു. വൈഎസ്ആർസിപി 21-22, ബിജെഡി 10-11, മറ്റുള്ളവർ 11-15 എന്നിങ്ങനെ സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു.
സര്‍വ്വേ വെളിപ്പെടുത്തുന്ന മറ്റൊരു സുപ്രധാന കാര്യം ബിജെപി വിജയിക്കുന്നതിനു പുറമേ സംഭവിക്കാവുന്നൊരു കാര്യം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ടി എന്നിവയെയും മറ്റു പ്രാദേശിക പാര്‍ടികളെയും തകര്‍ക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പു ഫലം ആയിരിക്കും വരിക എന്നതാണ്. ബിജെപിക്ക് ഒറ്റയ്ക്ക് 333 മുതല്‍ 363 സീറ്റ് വരെ കിട്ടുമെന്നും എന്നാല്‍ കോണ്‍ഗ്രസിന് 28 മുതല്‍ 48 വരെ സീറ്റുകള്‍ മാത്രമാണ് ലഭിക്കുക എന്നും സര്‍വ്വേ പറയുന്നു. ആം ആദ്മിക്ക് 5-7 സീറ്റുകള്‍ മാത്രമായിരിക്കും കിട്ടുക. ഡി.എം.കെ.ക്ക് 24 മുതല്‍ 28 വരെ സീറ്റ് കിട്ടും. വൈ.എസ്.ആര്‍. കോണ്‍ഗ്രസിന് 21-22 സീറ്റ് കിട്ടുമെന്നാണ് പ്രവചനം. ബിജു ജനതാദളിന് 10-11 സീറ്റും തൃണമൂലിന് 17-21 സീറ്റുകളും കിട്ടും. മറ്റ് ചെറിയ കക്ഷികള്‍ക്കെല്ലാം കൂടി 64 മുതല്‍ 84 സീറ്റ് വരെ കിട്ടാം.

നിലവിൽ ബിജെപി ഒറ്റയ്ക്ക് 12 സംസ്ഥാനങ്ങളിൽ അധികാരത്തിലാണ്. രണ്ടാമത്തെ വലിയ ദേശീയ പാർട്ടിയായ കോൺഗ്രസിന് 3 സംസ്ഥാനങ്ങളിൽ മാത്രമാണ് ഭരണം ഉള്ളത്. ഡൽഹിയിലും പഞ്ചാബിലും സർക്കാരുള്ള ആം ആദ്മി പാർട്ടി ദേശീയ പാർട്ടികളിൽ മൂന്നാമതായി നിൽക്കുന്നു.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂർ, അരുണാചൽ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയാണ് അധികാരത്തിലുള്ളത്.
ഹിന്ദി ഹൃദയഭൂമിയിൽ എൻ.ഡി.എക്കും ബി.ജെ.പിക്കും വലിയ വോട്ട് ബാങ്ക് ഉണ്ട്. കർണാടക , കേരളം , ബംഗാൾ , ഒഡീഷ, തെലങ്കാന, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപിക്ക് അധികാരം നേടാൻ കഴിയുന്നത്ര ജനപിന്തുണ ഇല്ലാത്തത്.